ദലിതരും ഹിന്ദുത്വരാഷ്ട്ര നിർമിതിയും
പി.പി.ജിജീഷ്
ഗുജറാത്തിലെ പട്ടാൻ ജില്ലയിലെ ഒരു മൈതാനിയിൽ ക്രിക്കറ്റ് കളി നടക്കുകയാണ്. ആരോ അടിച്ചുവിട്ട പന്ത്, പുറത്തുനിന്ന ഒരു ബാലൻ കൈകൊണ്ട് എടുക്കുന്നു. ബോളെടുത്ത കുഞ്ഞിന് തൻ്റെ ജാതി ഏതെന്ന ധാരണ ഉണ്ടായിരുന്നില്ല. എന്നാൽ പന്ത് കളിച്ചുകൊണ്ടിരുന്നവർക്ക് അത് കൃത്യമായി അറിയാമായിരുന്നു. തങ്ങളുടെ പന്ത് ദലിതൻ സ്പർശിച്ചാൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് അവർക്ക് നല്ല ധാരണയുണ്ടായിരുന്നു. സനാതന ധർമ്മ പാലകർ അതവർക്ക് നേരത്തെ ഉപദേശിച്ചിട്ടുണ്ട്. അതു പിൻപറ്റി സവർണ മര്യാദാപുരുഷോത്തമർ എല്ലാവരും ചേർന്ന് ആ കുഞ്ഞിൻ്റെ അമ്മാവൻ്റെ പെരുവിരൽ അറുത്തു!
ഹിന്ദുത്വരാഷ്ട്രത്തിൻ്റെ സുപ്രധാന പരീക്ഷണശാലയായ ഗുജറാത്തിൽ ഇത് അത്ഭുതമല്ല. 2013 മുതലുള്ള കണക്കെടുത്താൽ ദലിതർക്കെതിരേയുള്ള അക്രമങ്ങളിൽ 32% ത്തിൻ്റെ വർധനവ് ഉണ്ടായിട്ടുണ്ട് ഇവിടെ. ഉനയിലും പോർബന്തറിലും ഒക്കെ സമീപകാലത്ത് ദലിതർക്കെതിരേയുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഗുജറാത്തിൽ മാത്രമല്ല ഹിന്ദുത്വരാഷ്ട്രത്തിൻ്റെ വിത്തുകൾ തഴച്ചുവളരുന്ന യു.പിയും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ദലിതർക്കെതിരേ അതിക്രമങ്ങൾ വ്യാപകമായി ഉണ്ടാവുന്നത് കാണാം. എന്നിട്ടും ഹിന്ദുത്വരാഷ്ട്ര നിർമിതിയുടെ പടപ്പുറപ്പാടുകളുടെ മുൻനിരയിൽ അസംഖ്യം ദലിതർ അണിനിരക്കുന്ന കാഴ്ച സൂക്ഷ്മതലത്തിൽ വിശകലന വിധേയമാകേണ്ടതാണ്.
ഹിന്ദുത്വരാഷ്ട്രം
ആർ.എസ്.എസ് നൂറാം വാർഷികം ആഘോഷിക്കുന്ന 2025 എത്തുമ്പോഴേക്കും ഹിന്ദുരാഷ്ട്ര നിർമിതി സാധ്യമാക്കുക എന്നത് ആകർഷകമായൊരു ലക്ഷ്യമാണ്. ഹിന്ദുത്വരാഷ്ട്രം എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ആർ.എസ്.എസിനുണ്ട്. സ്വതന്ത്ര ഇന്ത്യ മതേതര, ജനാധിപത്യ സംവിധാനം സ്വീകരിക്കുകയും ജ്ഞാനോദയ മൂല്യങ്ങളെ സ്വാംശീകരിച്ച ഭരണഘടന അംഗീകരിക്കുകയും ചെയ്തപ്പോൾ, അർഥശങ്കയ്ക്കിടയില്ലാത്ത വിധം അവരത് വ്യക്തമാക്കിയതാണ്. ഈ ഭരണഘടന ഇന്ത്യൻ പാരമ്പര്യത്തെ നിഷേധിക്കുന്നതാണെന്നും മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രവ്യവസ്ഥിതിയാണ് നമുക്ക് ആവശ്യമെന്നുമായിരുന്നു നിലപാട്.
ഗാന്ധിവധത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ ഒറ്റപ്പെട്ടുപോയ ആർ.എസ്.എസ് പക്ഷേ അനേകം ശാഖകളുടെ നിശബ്ദ പ്രവർത്തനങ്ങളിലൂടെ വലിയ സാമൂഹിക അഴിച്ചുപണിക്ക് സാധ്യതകൾ തേടുകയായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച ആധുനിക മൂല്യബോധങ്ങളെ അട്ടിമറിക്കുന്നതിനുള്ള സാംസ്കാരിക ആയുധം അവർ സ്വായത്തമാക്കിയത് ചരിത്രത്തിലെ മറ്റു ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ അതിശയിപ്പിക്കുന്ന കൈയൊതുക്കത്തോടെയാണ്. രാമജന്മഭൂമി പ്രസ്ഥാനവും രാജ്യത്തങ്ങോളമിങ്ങോളം വിഷവിത്തുകൾ പാകിയ രഥയാത്രയും മാത്രമല്ല, 1969ലെ അഹമ്മദാബാദ് കലാപം മുതൽ ബോംബെ, നെല്ലി, ഹാഷിംപുര, ഭഗൽപൂർ തുടങ്ങി ചെറുതും വലുതുമായ നിരവധി വിദ്വേഷ ലബോറട്ടറികൾ ശ്രദ്ധാപൂർവം സൃഷ്ടിച്ചെടുക്കുന്നുണ്ടായിരുന്നു അവർ. അതിൻ്റെ ഏറ്റവും ഭീതിദ ഏടായിരുന്നു 2002-ലെ ഗുജറാത്ത് വംശഹത്യ. മുസ് ലിം വിരുദ്ധത സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ഒരു കേവല പ്രത്യയശാസ്ത്രമായിരുന്നില്ല.
ഹിന്ദുത്വരാഷ്ട്ര നിർമിതിയുടെ ചരിത്രപരമായ അനിവാര്യതയായിരുന്നു. കാരണം ചരിത്രപരമായി വിവിധ ജാതികളുടെ കൂട്ടം മാത്രമായിരുന്ന ഒരു വിശ്വാസ സഞ്ചയത്തെ ഒരുമിച്ചുനിർത്താനും അതിൻ്റെ അടിസ്ഥാനത്തിൽ രാഷ്ട്രം നിർമിക്കാനുമുള്ള ഏകമാർഗം പൊതുശത്രുവിനെ സൃഷ്ടിക്കുക എന്നതാണ്. അതുകൊണ്ടാണ് ആർ.എസ്.എസ് സൈദ്ധാന്തികർ രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കൾ 'മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകൾ' എന്ന് എണ്ണമിട്ടെഴുതിവച്ചത്. അല്ലാതെ ജാതിവ്യവസ്ഥയെ കൃത്യമായി തള്ളിക്കളയുവാനോ മനുഷ്യർക്ക് തുല്യമൂല്യം നൽകുന്ന തരത്തിലുള്ള മതം സൃഷ്ടിക്കുവാനോ അവർ ഒരുകാലത്തും ശ്രമിച്ചിട്ടില്ല. ഹിന്ദുകോഡ് ബിൽ മുതൽ ശബരിമല സ്ത്രീ പ്രവേശനം വരെയുള്ള എല്ലാ നവീകരണ ശ്രമങ്ങളുടെയും എതിർപക്ഷത്തായിരുന്നു ആർ.എസ്.എസ്.
അങ്ങനെ ഒരു രാഷ്ട്രത്തിൽ ദലിതരുടെ സ്ഥാനം എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ. എന്നിട്ടും എങ്ങനെയാണ് കൂടുതൽ ദലിതർ ഹിന്ദുത്വ രാഷ്ട്രീയപന്ഥാവിലേക്ക് എത്തിച്ചേരുന്നത്? ഉത്തരം ഇന്ത്യയുടെ ജാതിവ്യവസ്ഥയെ ആർ.എസ്.എസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ്.
ആർ.എസ്.എസും ദലിതരും
പുരാതന സനാതന സംസ്കൃതിയാണ് ആർ.എസ്.എസിന്റെ എക്കാലത്തെയും പ്രചോദനം. മഹാരാഷ്ട്രയിൽ ആർ.എസ്.എസിന്റെ രൂപീകരണം തന്നെ ഒരർഥത്തിൽ അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന അധഃസ്ഥിത വിഭാഗങ്ങളുടെ വിമോചന പോരാട്ടങ്ങളോടുള്ള ബ്രാഹ്മണരുടെ പ്രതികരണമായിട്ടാണ്. 'ഹൈന്ദവ സാമൂഹിക വ്യവസ്ഥിതിയുടെ പോരായ്മകൾ എന്ന് പറയപ്പെടുന്ന യാതൊന്നും പുരാതനമായ നമ്മുടെ മഹത്വത്തെ വീണ്ടെടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ പോന്നതല്ല' എന്ന് ഗോൾവാൾക്കർ വ്യക്തമാക്കുന്നുണ്ട്. 'ഇന്റഗ്രൽ ഹ്യൂമനിസ'ത്തിൽ ദീൻദയാൽ ഉപാധ്യായ ജാതിവ്യവസ്ഥയെ മഹത്വവൽക്കരിക്കുന്നുണ്ട്. വിരാട് പുരുഷന്റെ വിവിധ ശരീരഭാഗങ്ങളിൽനിന്നുള്ള പല ജാതിവിഭാഗങ്ങൾ പരസ്പര പൂരകങ്ങൾ ആണെന്ന് മാത്രമല്ല, അവയ്ക്കിടയിൽ ഒരു വ്യക്തി സ്വരൂപവും ഏകതയും ദർശിക്കാൻ ആകും എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.
അതായത് അടിസ്ഥാനപരമായി ജാതിയെയോ അതിനെ നിലനിർത്തുന്ന സനാതന സാമൂഹിക വ്യവസ്ഥിതിയെയോ ചോദ്യം ചെയ്യാനോ പരിഷ്കരിക്കാനോ ആർ.എസ്.എസ് സൈദ്ധാന്തികമായി തയാറല്ല. എന്നാൽ ജാതിവ്യവസ്ഥയുടെ സംരക്ഷകരും ഗുണഭോക്താക്കളുമായ സവർണവിഭാഗങ്ങൾ ഒരു ന്യൂനപക്ഷമാണ് എന്ന കൃത്യമായ ബോധം അവർക്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാത്ത രീതിയിൽ എങ്ങനെ മറ്റു ജാതിവിഭാഗങ്ങളെ തങ്ങളോട് ചേർത്തുനിർത്താം എന്നത് സംബന്ധിച്ച കൃത്യമായ പദ്ധതിയും ഉണ്ട്. പ്രത്യേകിച്ചും രാജ്യത്തെ ഭൂരിപക്ഷം വരുന്ന ബഹുജൻ വിഭാഗങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ മണ്ഡൽ പ്രക്ഷോഭാനന്തര കാലത്ത്, കൃത്യമായ സോഷ്യൽ എൻജിനീയറിങ്ങിലൂടെ, എങ്ങനെ അവർക്കിടയിലും സ്വാധീനം നേടാം എന്ന് ആർ.എസ്.എസ് തിരിച്ചറിഞ്ഞിരുന്നു.
ആർ.എസ്.എസിന് ദലിതർ ഒരു സോഫ്റ്റ് ടാർഗറ്റാണ്. ശ്രേണീബദ്ധത മുഖമുദ്രയായ ജാതിവ്യവസ്ഥയുടെ പ്രത്യേകതകൾ കൊണ്ടുതന്നെയാണ് ഇത് സാധ്യമാകുന്നത്. ഇതൊരു പുതിയ തന്ത്രമല്ല. നൂറുകണക്കിന് വർഷങ്ങളായി ബ്രാഹ്മണമതം അനുവർത്തിച്ചുപോന്ന സാമൂഹിക സങ്കേതമാണിത്. ജാതിയുടെ ഏതൊരു ശ്രേണിയിലുള്ള ആളുകൾക്കും തനിക്ക് അടിച്ചമർത്താൻ താഴെ മറ്റൊരു വിഭാഗമുണ്ടെന്ന അറിവ് നൽകുന്ന, ആനന്ദം ചെറുതല്ല. വ്യവസ്ഥിതിയോടുള്ള ആഭിമുഖ്യവും വിധേയത്വവും നിലനിർത്താൻ ഇത് സഹായിക്കുന്നു. ഏറ്റവും താഴെയുള്ള ശൂദ്രർക്കും, കീഴെയുള്ള പഞ്ചമരേക്കാൾ ശ്രേഷ്ഠരാണ് തങ്ങളെന്ന ഗർവുണ്ടാവും. ഇതിൻ്റെ അനുരണനമെന്നോണം പിന്നോക്ക ദലിത് വിഭാഗങ്ങൾക്കിടയിലും ജാതീയമായ ഉച്ചനീചത്വ തർക്കങ്ങൾ നിൽക്കുന്നുണ്ട്.
തങ്ങൾക്ക് കീഴെ ഒരാളുണ്ട് എന്ന ധാരണ തന്നെ, തനിക്ക് മുകളിലുള്ള വിഭാഗം ആദരവർഹിക്കുന്നവരാണ് എന്ന ബോധവും സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ശ്രേണിയിൽ ഉന്നതരായവരുടെ അംഗീകാരം ലഭിക്കുന്നത് വലിയ സൗഭാഗ്യമായിട്ടാണ് കണക്കാക്കപ്പെടുക. ജാതിശ്രേണിയിൽ ഈ അംഗീകാരത്തിനുള്ള ആഗ്രഹമാണ് ആർ.എസ്.എസ് പോലുള്ള സംഘടനകൾ ചൂഷണം ചെയ്യുന്നത്.
ആർ.എസ്.എസിൽനിന്ന് വിട്ടുപോന്ന ദലിത് നേതാവ് ഭൻവർ മേഘവംശി 'എനിക്കൊരു ഹിന്ദു ആകാനായില്ല: ആർ.എസ്.എസിലെ ഒരു ദലിതന്റെ കഥ'(I Could Not Be Hindu: The Story of a Dalit in the RSS) എന്ന പുസ്തകത്തിൽ തന്റെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. 'ഭൻവർ' ആയിരുന്ന താൻ ശാഖയിലെത്തിയപ്പോൾ 'ഭൻവർജി' ആയി മാറിയത് തന്നിലുള്ളവാക്കിയ ആഹ്ലാദവും അഭിമാനവും പറഞ്ഞറിയിക്കാനാവാത്തതായിരുന്നു എന്ന് അദ്ദേഹം എഴുതുന്നുണ്ട്.
സംഘടനയുടെ സവർണ നേതാക്കൾക്ക് നൽകിയ ഒരു രഹസ്യ കത്ത് അദ്ദേഹം വായിക്കാനിടവരുന്നുണ്ട്. ജാതിവ്യവസ്ഥയെ കൂടുതൽ ശക്തമായി നിലനിർത്താൻ ആഹ്വാനം ചെയ്യുന്ന ഒന്നായിരുന്നു അത്. ജാതിവ്യവസ്ഥ ഒന്നുകൊണ്ടുമാത്രമാണ് ഹിന്ദുസമൂഹത്തിന് ഇങ്ങനെ നിലനിൽക്കാൻ കഴിഞ്ഞത്. ജാതി ഇല്ലായിരുന്നുവെങ്കിൽ എല്ലാവരും മുസ്‌ലിമോ ക്രിസ്ത്യാനിയോ ആയി പണ്ടേ മാറിയിട്ടുണ്ടാകുമായിരുന്നുവെന്നും അതിൽ പറയുന്നു. രാജ്യമെമ്പാടും അരങ്ങേറുന്ന ജാതിക്കൊലകളോടും പശുവിന്റെയും ഭക്ഷണത്തിന്റെയും പേരിൽ നടക്കുന്ന ആൾക്കൂട്ട വിചാരണകളോടും ആർ.എസ്.എസ് പുലർത്തുന്ന സമീപനം അവരുടെ ഈ വിചാരധാരയ്ക്ക് അടിവരയിടുന്നതാണ്.
ഭൻവർ മേഘവംശിയെ പോലെ രാഷ്ട്രീയ തിരിച്ചറിവുകൾ ഉണ്ടാകുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. തങ്ങളുടെ എല്ലാ ദുഃഖദുരിതങ്ങൾക്കും കാരണം മുസ്‌ലിംകളോ ക്രിസ്ത്യാനികളോ കമ്യൂണിസ്റ്റുകളോ മറ്റേതെങ്കിലും പൊതുശത്രുവോ ആണെന്ന തെറ്റിദ്ധാരണ മനസ്സിലുറച്ച ആയിരക്കണക്കിന് മനുഷ്യർ ഹിന്ദുത്വരാഷ്ട്ര നിർമാണത്തിനുവേണ്ടി ജീവൻ നൽകാൻവരെ തയാറായി നിലകൊള്ളുകയാണ്. പ്രത്യേകിച്ചും അവർക്ക് ദൃശ്യതയും അംഗീകാരവും ലഭിക്കുന്ന മറ്റു രാഷ്ട്രീയ ഇടങ്ങൾ ഇല്ലാത്ത പിന്നോക്ക പ്രദേശങ്ങളിൽ.
രാജ്യത്ത് ഇന്ന് ജനാധിപത്യവും ഭരണഘടനയും തുല്യതയും സാഹോദര്യവും മാനവികതയും അപകടത്തിലാണെന്ന തിരിച്ചറിവ് അവർക്കുണ്ടാകുന്നില്ല. സ്വതന്ത്ര ഇന്ത്യക്കു സംഭവിക്കാവുന്ന ഏറ്റവും ഭീകരദുരന്തം നമ്മളൊരു ഹിന്ദുരാഷ്ട്രമായി മാറുന്നതാണ് എന്ന അംബേദ്കറുടെ മുന്നറിയിപ്പ് അവരുടെ കാതുകളിൽ എത്തിയിട്ടേയുണ്ടാവില്ല. ഗാന്ധിയും നെഹ്റുവും അംബേദ്കറും വിഭാവനം ചെയ്ത ഇന്ത്യ ഇന്ന് അപകടത്തിലാണ്. ഒരുപക്ഷേ അവരുടെ സ്വപ്നങ്ങൾ അവസാനിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. 3000 വർഷത്തോളമെങ്കിലും ഹിന്ദു സാമൂഹിക വ്യവസ്ഥിതിയുടെ ഇരകളായിരുന്ന മനുഷ്യർ തന്നെ, അതിനൊപ്പം അണിചേരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നാണ്. ദലിതർക്കും ആദിവാസികൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും, അംഗീകാരവും അവസരവും നൽകുന്ന, പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉയർന്നുവരാതെ ഇതവസാനിക്കുകയില്ല.
Content Highlights:today's article about rss
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."