ധൈര്യമുണ്ടെങ്കില്‍ നേര്‍ക്ക് നേരെ വരൂ; തങ്ങള്‍ പ്രതികരിച്ചാല്‍ താങ്ങാനാവില്ലെന്നും കേന്ദ്രത്തെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍
ധൈര്യമുണ്ടെങ്കില്‍ നേര്‍ക്ക് നേരെ വരൂ; തങ്ങള്‍ പ്രതികരിച്ചാല്‍ താങ്ങാനാവില്ലെന്നും കേന്ദ്രത്തെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍
ചെന്നൈ: അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന് ഇന്നലെ മുന്നറിയിപ്പ് നല്‍കിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഇന്ന് വീണ്ടും കേന്ദ്രസര്‍ക്കാരിനെ ആഞ്ഞടിച്ചു. ധൈര്യമുണ്ടെങ്കില്‍ നേര്‍ക്ക് നേരെ വരൂ. തങ്ങള്‍ പ്രതികരിച്ചാല്‍ നിങ്ങള്‍ക്കത് താങ്ങാനാവില്ലെന്നും സ്റ്റാലിന്‍ ബി.ജെ.പിയ്‌ക്കെതിരെ വീഡിയോ സന്ദേശവുമായി സ്റ്റാലിന്‍ രംഗത്തുവന്നു. കള്ളപ്പണക്കേസില്‍ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയാണ് വെല്ലുവിളി.
മന്ത്രി സെന്തില്‍ ബാലാജിയോട് കാണിക്കുന്ന ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കും നന്നായി അറിയാം. ഇത് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമായ കാര്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവും ഉണ്ടാകില്ല. 10 വര്‍ഷത്തിന് മുന്‍പുള്ള പഴയ കേസാണ്. 18 മണിക്കൂര്‍ സമയം അടച്ചുവച്ച് മാനസികമായും ശാരീരികമായും തളര്‍ത്തി ജീവന് ആപത്ത് വരുന്ന തരത്തില്‍ ഹൃദയരോഗം ഉണ്ടാക്കിയെങ്കില്‍ ഇതിലും മോശമായ രാഷ്ട്രീയവൈരാഗ്യം വേറെയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
സെന്തില്‍ ബാലാജിക്കെതിരെ പരാതിയോ കേസോ ഉണ്ടെങ്കില്‍ അതിനെതിരെ അന്വേഷണം നടത്തുന്നതിന് താന്‍ എതിരല്ല. കേസുകളില്‍ നിന്നും ഓടി ഒളിക്കുന്നതിന് അദ്ദേഹം സാധാരണക്കാരനായ ഒരാളല്ല. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയാണ്. അതും അഞ്ചുവട്ടം എം.എല്‍.എ ആയ വ്യക്തി, രണ്ടാംവട്ടം മന്ത്രിയായി. അങ്ങനെയൊരാളെ ഒരു തീവ്രവാദിയെപ്പോലെ ചോദ്യം ചെയ്യേണ്ട കാര്യം എന്താണ്. ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പൂര്‍ണമായും സഹകരിച്ചാണ് അദ്ദേഹം മുന്നോട്ടുപോയത്. എന്ത് ആരോപണമുണ്ടെങ്കിലും വിശദീകരണം നല്‍കാന്‍ തയ്യാറെന്ന് അറിയിച്ചിരുന്നു.
നെഞ്ചുവേദന അതിരൂക്ഷമായതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും സ്റ്റാലിന്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ ഒരു ചോദ്യം ചെയ്യലിന് എന്താണിത്രയധികം അത്യാവശ്യമുള്ളത്. അത്രയ്ക്ക് വലിയ പ്രശ്‌നത്തിലാണോ നാടുള്ളത്. അങ്ങനെയാണ് ഇ.ഡിയുടെ നടപടികള്‍ വിരല്‍ ചൂണ്ടുന്നത്. ലളിതമായി പറഞ്ഞാല്‍ ബി.ജെ.പി സര്‍ക്കാര്‍ ഇഡി വകുപ്പ് വഴി അവരുടെ രാഷ്ട്രീയം ചെയ്യാന്‍ ശ്രമിക്കുകയാണ്. ജനവിധിയിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ ബി.ജെ.പി തയ്യാറല്ല. ബി.ജെ.പിയെ വിശ്വസിക്കാന്‍ ജനങ്ങളും ഒരുക്കമല്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ ബിജെപിയെ വിശ്വസിക്കൂ. ബിജെപിയുടേത് ജനവിരുദ്ധ സര്‍ക്കാരാണെന്നും സ്റ്റാലിന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."