നെഹ്‌റുവിന്റെ പേര് വെട്ടി; എന്‍.എം.എം.എല്‍ ഇനി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി; വിമര്‍ശിച്ച് കോണ്‍ഗ്രസ്
നെഹ്‌റുവിന്റെ പേര് വെട്ടി; എന്‍.എം.എം.എല്‍ ഇനി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി; വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച മ്യൂസിയത്തിന്റെ പേര് മാറ്റി. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍എംഎംഎല്‍) ഇനി മുതല്‍ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നാക്കിമാറ്റി. സൊസൈറ്റി വൈസ് പ്രസിഡന്റായ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കെട്ടിടങ്ങളുടെ പേരുമാറ്റിയാല്‍ പൈതൃകം മായ്ക്കപ്പെടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി പറഞ്ഞു. നെഹ്‌റുവിന്റെ സംഭാവന ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
''അല്‍പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോദി എന്നാണ്. 59 വര്‍ഷത്തിലേറെയായി പുസ്തകങ്ങളുടെയും ആര്‍ക്കൈവുകളുടെയും ആഗോള ബൗദ്ധിക കേന്ദ്രമാണ് ആണ് എന്‍എംഎംഎല്‍. ഇനി മുതല്‍ ഇത് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നു വിളിക്കപ്പെടും. ഇന്ത്യന്‍ ദേശീയ രാഷ്ട്രത്തിന്റെ ശില്പിയുടെ പേരും പൈതൃകവും വളച്ചൊടിക്കാനും ഇകഴ്ത്താനും നശിപ്പിക്കാനും മോദി എന്തും ചെയ്യും. അരക്ഷിതാവസ്ഥയില്‍ ഭാരം ചുമക്കുന്ന ഒരു ചെറിയ മനുഷ്യന്‍, സ്വയംപ്രഖ്യാപിത വിശ്വഗുരുവാകുന്നു.'' കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
Pettiness & Vengeance, thy name is Modi. For over 59 years Nehru Memorial Museum & Library (NMML) has been a global intellectual lamdmark and treasure house of books & archives. It will henceforth be called Prime Ministers Museum & Society. What won't Mr. Modi do to distort,…
— Jairam Ramesh (@Jairam_Ramesh) June 16, 2023
എന്‍എംഎംഎല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, ജി കിഷന്‍ റെഡ്ഡി, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 അംഗങ്ങളാണ് സൊസൈറ്റിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."