ഇനി ആരുടെകാലാണ്ഈ ഉമ്മയുംമകനുംപിടിക്കേണ്ടത്?
ഹംസ ആലുങ്ങൽ
2018ലെ മെയ്മാസപ്പകലുകളെ ഓര്‍മയുണ്ടോ? നിപാ വൈറസ് ഭീകരതാണ്ഡവമാടിയ കാളരാത്രികളേയോ? അത്ര പെട്ടെന്ന് മറക്കാനാവില്ല മലയാളികള്‍ക്ക്. മെയ്മാസപ്പുലരികള്‍ വല്ലാത്തൊരു നോവാണ് കോഴിക്കോടിന്. മലയോരക്കാറ്റ് മൂളിയത് സങ്കടങ്ങളുടെ സംഗീതം തന്നെയായിരുന്നു. കേരളത്തില്‍ നിപാ വൈറസെന്ന ഭീതി കത്തിപ്പടര്‍ന്ന പകലുകളായിരുന്നു അന്ന്. മരണത്തിന്റെ വവ്വാലുകള്‍ ചിറകടിച്ചുപറന്ന രാത്രികള്‍… പതിനേഴ് മനുഷ്യരാണ് ആ ദിവസങ്ങളില്‍ പനിച്ചുവിറച്ച് മരണത്തിന്റെ കൈയൊതുക്കത്തിലേക്കു ആണ്ടുപോയത്. മരണാനന്തര ചടങ്ങുകളില്‍പോലും പങ്കെടുക്കാനാകാതെ ജനം ഭയന്നു. കൊവിഡിനു മുമ്പത്തെ സങ്കല്‍പ്പിക്കാനാകാത്തൊരു പേടിക്കാലമായിരുന്നു അത്. പിന്നെയും ആ ഭീതിക്കൊടുങ്കാറ്റ് കുറച്ചുനാള്‍ കാറ്റിലലഞ്ഞു. നിപയുടെ പ്രേതനിഴലില്‍ ഞെട്ടിവിറച്ചു.
ആരൊക്കെ മറന്നാലും കോഴിക്കോട് പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ മുത്തലിബിന് ആ ദിനങ്ങളെ മറക്കാനാകില്ല. അന്നെന്നല്ല, ജീവിതത്തിലൊരിക്കലും വിസ്മരിക്കാനാവുകയുമില്ല. എങ്ങനെ മറക്കും? നിപ ബാധിച്ച് മരിച്ച 17പേരില്‍ നാലുപേരും മുത്തലിബിന്റെ കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. അവരിലൊരാള്‍ പ്രിയപ്പെട്ട ഉപ്പയായിരുന്നു. രണ്ടുപേര്‍ താങ്ങും തണലുമായിരുന്ന സഹോദരങ്ങളായിരുന്നു. മറ്റൊരാള്‍ ഉപ്പയുടെ സഹോദര ഭാര്യയായിരുന്നു. അതുകൊണ്ടുതന്നെ ആ ദിനങ്ങളുണ്ടാക്കിയ മുറിവിനെ എങ്ങനെ ഈ ചെറുപ്പക്കാരന്റെ ജീവതത്തില്‍നിന്ന് മായ്ച്ചുകളയാനാകും? നിപമൂലം ഇത്രയധികം മുറിവേറ്റ മറ്റാരുണ്ട് ഈ ഭൂമുഖത്ത്? മുത്തലിബും ഉമ്മയുമല്ലാതെ?
എന്നിട്ടും സര്‍ക്കാരും ബാങ്ക് അധികൃതരും ഇപ്പോഴും ഈ ഉമ്മയെയും മകനെയും കണ്ണുരുട്ടി പേടിപ്പിക്കുന്നു. ആ തിരിച്ചടിയുടെ പ്രഹരങ്ങളേറ്റ് പിടയുകയാണിവരിന്ന്.
എല്ലാവരെയും സര്‍ക്കാര്‍ കണ്ടു,
മുത്തലിബിനെ കേട്ടില്ല
നിപയ്‌ക്കെതിരേ പടപൊരുതിയവരെയെല്ലാം സര്‍ക്കാര്‍ കണ്ടു. പ്രത്യേകം കേട്ടു. വേണ്ടരീതിയില്‍ പരിഗണിച്ചു. പൊതുവേദിയില്‍ ആദരിച്ചു. പലര്‍ക്കും അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കി. നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനി കാരുണ്യത്തിന്റെ മാലാഖയായി വാഴ്ത്തപ്പെട്ടു. ലിനിയുടെ മക്കള്‍ കേരളത്തിന്റെ മക്കളാണെന്നു മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു. അവരുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയും നല്‍കി. നീ കൂടെ ഇല്ല എന്ന യാഥാര്‍ഥ്യത്തിന്റെ ഇടയിലും നിന്നെ ഓര്‍ത്ത് അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണമെന്നാണ് ഭര്‍ത്താവ് സജീഷ് ഒരിക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിന്റെ ഓര്‍മകള്‍ക്കു മരണമില്ലെന്നും നിന്റെ പോരാട്ടത്തിനു മറവിയില്ലെന്നും ഓരോ മെയ് 21നും ലിനിയെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകരും അഭിമാനത്തോടെ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നു.
എന്നാല്‍, മുത്തലിബും ഉമ്മയും നിപയെന്ന രണ്ടക്ഷരം സൃഷ്ടിച്ച ശൂന്യതയിലാണിപ്പോഴും. അതിലുപരി ആ മുറിവുണ്ടാക്കിയ സാമ്പത്തിക ബാധ്യത അവരെ നിപാ കാലത്തേക്കാള്‍ ഭയങ്കരമായി പേടിപ്പെടുത്തുന്നുണ്ട്. ആശ്വാസമാകേണ്ട അധികൃതര്‍ തിരിഞ്ഞുകുത്തുന്നു. അവര്‍ നല്‍കിയ വാഗ്ദാനങ്ങളെയെല്ലാം മറന്നിരിക്കുന്നു. സഹോദരന്‍ സാലിഹ് എടുത്ത വിദ്യാഭ്യാസ വായ്പയുടെ പലിശക്കടം ശ്വാസം മുട്ടിക്കുന്നു. നിപമൂലം മരിച്ചവരുടെ കടം എഴുതിത്തള്ളുമെന്നും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നുമുള്ള പ്രഖ്യാപനം അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പാഴ്‌വാക്കുമാത്രമാണ്. മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിയില്ലെന്നല്ല, നാലു മനുഷ്യര്‍ ഒരുമ്മയെയും മകനെയും തനിച്ചാക്കി മണ്ണിലേക്കു മടങ്ങുമ്പോഴുണ്ടാകുന്ന മാനസികാഘാതവും സാമ്പത്തികബാധ്യതയും തീര്‍ക്കാന്‍ ആ തുകകൊണ്ട് എന്താകാനാണ്..?
ആദ്യ നിപാ മരണം, പിന്നാലെ ദുരന്തങ്ങള്‍
നിപാ വൈറസ് ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണമായിരുന്നു പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ മൂസ മുസ്‌ലിയാരുടെ മകന്‍ സാബിത്തിന്റേത്. 2018 മെയ് അഞ്ചിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു സാബിത്ത് മരിച്ചത്. മെയ് 18നു സാബിത്തിന്റെ സഹോദരന്‍ സ്വാലിഹും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ഇവരുടെ ബന്ധുവായ മറിയവും പിന്നാലെ മൂസ മുസ്‌ലിയാരും മരണത്തിനു കീഴടങ്ങി.
സാബിത്തില്‍ നിന്നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നാലുപേര്‍ക്കും പിന്നീടു കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പത്തുപേര്‍ക്കും നിപ പിടിപെട്ടതെന്നാണ് നിഗമനം. എട്ടു മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ സാബിത്തിനു എങ്ങനെയാണ് ആദ്യം രോഗം പിടിപെട്ടത് എന്നത് ഇപ്പോഴും ദുരൂഹം. 2018 മെയ് രണ്ടിനാണ് സാബിത്ത് ആദ്യമായി പേരാമ്പ്ര ആശുപത്രിയില്‍ ചികിത്സ തേടുന്നത്.
അടുത്തദിവസം രോഗം മൂര്‍ച്ഛിച്ച് വീണ്ടും അഡ്മിറ്റായി. ഇവിടെ നിന്നാണ് സിസ്റ്റര്‍ ലിനി അടക്കമുള്ളവര്‍ക്കു രോഗം പടരുന്നത്. മെയ് നാലിനു സാബിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് സി.ടി സ്‌കാന്‍ ചെയ്യാന്‍ കൊണ്ടുപോയി. ഇതുവഴിയാകാം മെഡിക്കല്‍ കോളജിലും രോഗം പടരുന്നത്. പത്തു പേര്‍ക്കാണ് ഇവിടെ നിന്നും ഒറ്റദിവസം കൊണ്ട് രോഗം കിട്ടിയത്. എന്നാല്‍ സാബിത്ത് മരിച്ച ശേഷം രക്തസാമ്പിളുകള്‍ ശേഖരിച്ചില്ല. വൈകാതെ സഹോദരന്‍ സാലിഹും മരിച്ചു. പിതാവും ബന്ധുവും പിന്നാലെ മരണമടഞ്ഞു. ഇതോടെയാണ് കേരളം നിപാ ഭീതിയില്‍ വിറച്ചത്. ഒടുവിലാ ഭീതി പിന്‍വാങ്ങുമ്പോഴേക്കും പതിനേഴ് മനുഷ്യരുടെ ശരീരങ്ങള്‍ പുതുമണ്ണില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു.
നാലു ലക്ഷത്തിന്റെ കടം; വളര്‍ന്ന് 12 ലക്ഷം
ചങ്ങരോത്ത് പന്തിരിക്കര സൂപ്പിക്കടയിലെ മൂസ മുസ്‌ലിയാരുടെ മൂന്നാമത്തെ മകന്‍ സാലിം വാഹനാപകടത്തിലാണു മരിച്ചത്. അതിന്റെ ആഘാതത്തിലായിരുന്നു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ വീടും വീട്ടുകാരും. അതിനിടയിലാണ് മൂത്ത മകന്‍ സാലിഹ് ബംഗളൂരുവില്‍ സിവില്‍ എന്‍ജിനീയറിങ് പഠനത്തിനു ചേരുന്നത്. കുടുംബ ഭാരത്തോടൊപ്പം മൂസ മുസ്‌ലിയാരെക്കൊണ്ടു കൂട്ടിയാല്‍ കൂടുന്നതായിരുന്നില്ല മകന്റെ പഠനച്ചെലവ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ വായ്പ മാത്രമായിരുന്നു ശരണം. പന്തിരിക്കരയിലെ കേരള ഗ്രാമീണ ബാങ്ക് ശാഖയില്‍നിന്ന് സാലിഹിന് ഒടുവില്‍ വായ്പ ലഭ്യമായി. നാലു ലക്ഷം രൂപ. എന്നാല്‍ വായ്പ തിരിച്ചടക്കാന്‍ സാലിഹ് കാത്തുനിന്നില്ല. പഠനം പൂര്‍ത്തിയാക്കിയെങ്കിലും ജോലി ലഭിച്ചില്ല. വിവാഹം നിശ്ചയിച്ചുറപ്പിച്ച പെണ്‍കുട്ടിയെയും തനിച്ചാക്കി മെയ് 18ന് ഉച്ചയോടെ എല്ലാം അവസാനിപ്പിച്ച് സാലിഹ് യാത്രയായി. പിന്നാലെ മൂസ മുസ്‌ലിയാരും അദ്ദേഹത്തിന്റെ സഹോദര ഭാര്യ മറിയവും.
കുടുംബത്തിന്റെ നെടുംതൂണുകളായ നാലു ജീവനുകള്‍ പടിയിറങ്ങിപ്പോയ ദുഃഖഭാരത്തിനിടെ ബാങ്ക് വായ്പയെക്കുറിച്ച് ചിന്തിക്കാനൊന്നും മുത്തലിബിനോ ഉമ്മയ്‌ക്കോ ആയിരുന്നില്ല. അതിനിടെ വലിയ സഹകരണമായിരുന്നു അധികൃതര്‍ക്ക്. സഹതാപ തരംഗത്തില്‍ ആശ്വാസവചനങ്ങളുമായി എത്തിയവരില്‍ നിന്ന് പ്രഖ്യാപനങ്ങള്‍ പലതും കേട്ടു.
നിപ മൂലം മരിച്ചവരുടെ കടം എഴുതിത്തള്ളും. ആശ്രിതനെന്ന നിലയില്‍ മുത്തലിബിന് സര്‍ക്കാര്‍ ജോലി ലഭിക്കുമെന്നുമൊക്കെയുള്ള മധുരമനോഹരമായ വാഗ്ദാനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ പോലും നല്‍കി. വീട്ടില്‍ വന്നു കണ്ട സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണനും അതിനെ പിന്തുണച്ചു. മറ്റുപലരും അതേറ്റുപാടി. കടം എഴുതിത്തള്ളുമെന്ന് അവര്‍ കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിച്ചു. ആശ്രിതനെന്നനിലയില്‍ മുത്തലിബിനുജോലി നല്‍കുമെന്നും വാക്കാല്‍ ഉറപ്പുനല്‍കി. ഒരുഘട്ടത്തില്‍ ഈ പാവങ്ങള്‍ അതു വിശ്വസിച്ചു. അതിനുവേണ്ടി കാത്തിരുന്നു. അപേക്ഷകള്‍ ഒരുപാട് നല്‍കി നോമ്പും നോറ്റിരുന്നു.
വര്‍ഷം പലത് കടന്നുപോയിരിക്കുന്നു. ഇപ്പോള്‍ ജോലിയില്ല. നിപ ബാധിച്ച് മരിച്ച സാലിഹിന്റെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളിയിട്ടില്ല. പകരം വായ്പയുടെ പലിശയും പിഴപ്പലിശയും ആകാശംമുട്ടേ ഉയര്‍ന്നു. ഇന്നത് 12ലക്ഷം രൂപയായി വളര്‍ന്നു. ആ ബാധ്യത സാബിത്തിന്റേയും ഉമ്മയുടെയും ചുമലിലായി. ബാങ്ക് അധികൃതര്‍ ഒരുവര്‍ഷം മുമ്പേ ജപ്തി ഭീഷണിമുഴക്കി നോട്ടിസയച്ചു. അടുത്ത നടപടികള്‍ ആരംഭിക്കുകയാണെന്ന അന്ത്യശാസനയും പുറപ്പെട്ടിട്ടുണ്ട്. പ്രശ്‌നം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ധനമന്ത്രി ടി.എന്‍ ബാലഗോപാലിനെ നേരില്‍ക്കണ്ട് സങ്കടമുണര്‍ത്തി. ഒരു നടപടിയുമുണ്ടായില്ല. ഇപ്പോഴും ജപ്തിഭീഷണി നിലക്കാതെ വന്നുകൊണ്ടേയിരിക്കുന്നു.
മുത്തലിബിന് പറയാനുള്ളത്
നിപ ബാധിച്ച് കേരളത്തില്‍ നിന്ന് 17 മനുഷ്യരാണ് മരിച്ചത്. പേരാമ്പ്രയിലെ സിസ്റ്റര്‍ ലിനിയും അതില്‍ പെടുന്നു. അവരുടെ രണ്ടുമക്കള്‍ക്ക് അമ്മയില്ലാതായി. മുത്തലിബിന് ഉപ്പയേയും രണ്ടു സഹോദരങ്ങളേയുമാണ് നിപ നഷ്ടമാക്കിയത്. ലിനിയുടെ മക്കള്‍ക്ക് പകരം ഒരമ്മയെ കൊടുക്കാനാകില്ല, എങ്കിലും അവരുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി. വളരെ നല്ല കാര്യം. അതേ മാനദണ്ഡങ്ങളുടെ അളവുകോല്‍ മതിയാകില്ലേ തന്റെ കാര്യത്തിലുമെന്ന് മുത്തലിബ് ചോദിക്കുന്നു. ആ ചോദ്യം പ്രസക്തമല്ലേ…? അവന്റെ കുടുംബത്തില്‍നിന്ന് നാലുപേരാണ് നിപമൂലം ഇല്ലാതായത്. ഒരു സഹോദരന്‍ നേരത്തെയും അപകടത്തില്‍ അവരെവിട്ടുപോയി. ഇത്രയും കനത്ത ആഘാതം നിപമൂലം കേരളത്തില്‍ മറ്റൊരു കുടുംബത്തിനുമുണ്ടായിട്ടുണ്ടോ ? ഈ നഷ്ടത്തിനു ബദലായി മറ്റെന്താണ് നല്‍കാനാകുക ?
ഇപ്പോള്‍ ഉമ്മയ്ക്ക് ആകെയുള്ള അത്താണി അവനൊരാളാണ്. പിന്നെ സഹോദരന്‍ സാലിഹ് ബാക്കിവച്ചുപോയ പലിശക്കടവും. അതുകൊണ്ടാണവന്‍ യാചിക്കുന്നത്. മുമ്പ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. പറഞ്ഞു കൊതിപ്പിച്ച ആ ജോലി ഇനിയെങ്കിലും നല്‍കണം. മഹാദുരന്തത്തിന്റെ ഇരയായി മരിച്ച ഒരു ചെറപ്പക്കാരന്‍ നിവൃത്തികേടുകൊണ്ട് വരുത്തിവച്ച പലിശക്കടം സര്‍ക്കാര്‍ ഇപ്പോഴെങ്കിലും എഴുതിത്തള്ളണം. തനിക്കുവേണ്ടിയല്ല, ഉമ്മയുടെ സമാധാനത്തിനുവേണ്ടി. ഇതുരണ്ടും നടപ്പാക്കാന്‍ ഇനി ആരുടെ കാലിലാണ് തങ്ങള്‍ വീഴേണ്ടത്? ആ ചോദ്യത്തിനുള്ള ഉത്തരം ആരു നല്‍കും ? നല്‍കേണ്ടവരതു കേള്‍ക്കുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."