ഒന്‍പതു വയസുകാരന് ക്രൂരപീഡനം; മാതാവ് പിടിയില്‍
കൊച്ചി: മാതാവിന്റെ ക്രൂരപീഡനത്തിനിരയായി ദേഹമാസകലം ഗുരുതര പരുക്കുകളോടെ ഒന്‍പതു വയസുകാരനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി കൂമ്പന്‍പാറയിലെ നസീര്‍-സെലീന ദമ്പതികളുടെ മകന്‍ നൗഫലി(9)നെയാണ് ബന്ധുക്കള്‍ ആശുപത്രിയിലാക്കിയത്. കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ മാതാവ് സെലീനയെ കടവന്ത്ര പൊലിസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ കഴിഞ്ഞ രണ്ടുമാസമായി വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് അമ്മ മര്‍ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ കുറേ ദിവസമായി ഭക്ഷണവും നല്‍കിയിട്ടില്ല. എന്നാല്‍, കുട്ടിയെ കുരങ്ങന്‍ ആക്രമിച്ചതാണെന്നാണ് മാതാവ് പറഞ്ഞത്. ഭീകര പരുക്കുകളോടെയാണ് നൗഫലിനെ ആശുപത്രിയിലെത്തിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മുഖത്തുനിന്നും കാലില്‍നിന്നും മാംസം അടര്‍ന്നുപോയിട്ടുണ്ട്. മുതുകിലും പിന്‍ഭാഗത്തും മര്‍ദിച്ചതിന്റെ പാടുകളുണ്ട്. ഇരുമ്പ് ദണ്ഡും പൊതിച്ച തേങ്ങയും ഉപയോഗിച്ചാണ് കുട്ടിയെ നിരന്തരമായി മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊള്ളലേല്‍പ്പിച്ചതായും സംശയമുണ്ട്.
നസീറിന്റെ മൂത്ത സഹോദരി വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ ഞെരക്കം കേള്‍ക്കുന്നത്. ഈ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലിസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പിന്നീട് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനിടെ മാതാവ് സെലീന പൊലിസിന്റെയും ബന്ധുക്കളുടെയും കണ്ണുവെട്ടിച്ച് കുട്ടിയെയും കൊണ്ട് ഓട്ടോയില്‍ എറണാകുളത്തേക്ക് തിരിച്ചു.
കൈയില്‍ പണമില്ലാത്തതിനിനാല്‍ ഇവര്‍തന്നെ പിന്നീട് ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കളെത്തെിയാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."