പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം പൂർത്തിയായി; ഇനി ഈജിപ്തിലേക്ക്
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം പൂർത്തിയായി; ഇനി ഈജിപ്തിലേക്ക്
ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ഇനി ഈജിപ്തിലേക്ക് പറക്കും. ഈജിപ്ത് സന്ദർശനത്തിനായി മോദി ഇന്ന് കെയ്റോയിലെത്തും. ഇതാദ്യമാണ് മോദി ഈജിപ്ത് സന്ദർശിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് ഫത്താ അൽ സിസിയുമായി ചർച്ച നടത്തും.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഈജിപ്തിൽ എത്തുക. യുഎസ് സന്ദർശനം പൂർത്തിയാക്കി എത്തുന്ന പ്രധാനമന്ത്രി ഒന്നാം ലോകയുദ്ധത്തിൽ വീരമൃത്യു വരിച്ച നാലായിരം ഇന്ത്യൻ സൈനികരുടെ സ്മാരകത്തിൽ ആദരം അർപ്പിച്ചാണ് ദ്വിദിന സന്ദർശനം ആരംഭിക്കുക. ശേഷം ഈജിപ്ത് പ്രസിഡന്റ് ഫത്താ അൽ സിസിയെ കാണും.
അമേരിക്കൻ സന്ദർശനത്തിനിടെ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായും മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രമുഖ അമേരിക്കൻ കമ്പനി മേധാവികളെയും പ്രധാനമന്ത്രി കണ്ടു. ബോയിങ്, ആമസോൺ, ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളുടെ സി.ഇ.ഒമാർ പങ്കെടുത്തു.
ഇന്ത്യൻ വ്യവസായ പ്രമുഖരായ ആനന്ദ് മഹീന്ദ്ര, മുകേഷ് അംബാനി, നിഖിൽ കാമത്ത്, വൃന്ദ കപൂർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനം ഉഭയകക്ഷിബന്ധത്തെ പുതിയ തലത്തിലേക്കെത്തിക്കുമെന്ന് കമല ഹാരിസ് പറഞ്ഞു.
അതേസമയം, ന്യൂയോർക്കിലുടനീളം ശക്തമായ പ്രതിഷേധമാണ് മോദിക്കെതിരെ നടന്നത്. 'ക്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ' എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം നടന്നത്. ഡിജിറ്റൽ സ്‌ക്രീനുകളിലും ട്രക്കുകളിലും ഇന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടയെ കുറിച്ച് ചോദ്യങ്ങളുയർന്നു. 'ക്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ' എന്ന ഹാഷ് ടാഗോടെയായിരുന്നു ചോദ്യങ്ങൾ ഉയർന്നത്. 'മോദി നോട്ട് വെൽകം' എന്ന പേരിൽ ട്വിറ്ററിലും പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."