HOME
DETAILS

ഏകീകൃത സിവിൽകോഡ് ; രാഷ്ട്രീയ അജൻഡയുടെ പുകമറ

  
backup
July 02 2023 | 07:07 AM

uniform-civil-code-a-smokescreen-of-political-agenda


പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽകോഡ് വീണ്ടും ഉയർത്തിക്കാട്ടി ദേശവ്യാപകമായി ചർച്ചാ വിഷയമാക്കിയിരിക്കുകയാണ്. നീറിപ്പുകയുന്ന മണിപ്പൂർ ഉൾപ്പെടെ ദേശസുരക്ഷയെ ബാധിക്കുന്ന പരമപ്രധാന വിഷയത്തിൽ മൗനിയായിരിക്കുന്ന പ്രധാനമന്ത്രി, ഏകീകൃത സിവിൽകോഡ് വിഷയം പൊടിതട്ടി പുറത്തെടുത്തിരിക്കുന്നത് രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് വേണം കരുതാൻ.
ഏകീകൃത സിവിൽകോഡിന് അനുകൂലമായും എതിരായും പുറത്തുവരുന്ന അഭിപ്രായങ്ങൾ നിഷ്പക്ഷമായി വിലയിരുത്തിയാൽ അനുകൂലിക്കുന്നവരുടെ കാപട്യം വളരെ വ്യക്തമായി ബോധ്യപ്പെടും. ഭരണഘടനയുടെ ആഭരണ അധ്യായം എന്ന് വിവരിക്കുന്ന നിർദേശകത്വങ്ങളിൽ ഉൾപ്പെടുത്തിയ ഏകീകൃത സിവിൽകോഡ് ഭരണഘടനാ നിർമാതാക്കൾ ഉദ്ദേശിച്ചിരുന്നതെന്താണെന്ന് പരിശോധിക്കാം.
വസ്തു ഇടപാട്, വാണിജ്യം, വസ്തു കൈമാറ്റം, വസ്തു വിൽപന, പണമിടപാട്, കരാർ, ഭൂപരിഷ്‌കരണം, ഭൂമി ഏറ്റെടുക്കൽ, ഉപഭോക്തൃ തർക്കം, ബിനാമി ഇടപാട്, കാലപരിധി നിയമം, വ്യക്തിനിയമം, മതസ്ഥാപനങ്ങളുടെ സ്വത്തുക്കൾ സംബന്ധിച്ച തർക്കങ്ങൾ സംബന്ധിച്ചുള്ള നിയമം എന്നിങ്ങനെ സിവിൽ നിയമങ്ങൾക്ക് വിവിധ ശാഖകളുണ്ട്. വ്യക്തികൾ തമ്മിലും വ്യക്തികളും സംഘങ്ങൾ തമ്മിലും സംഘങ്ങൾ തമ്മിലുമുണ്ടാവുന്ന വിവിധ തലങ്ങളിലെ തർക്കങ്ങൾ സിവിൽ നിയമവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. മേൽ വിവരിച്ച സിവിൽ നിയമങ്ങളിൽ മതസ്ഥാപനങ്ങളെ ബാധിക്കുന്ന ദേവസ്വം, വഖ്ഫ്, ഗുരുദ്വാര തുടങ്ങിയ നിയമങ്ങളും വ്യക്തിനിയമങ്ങളുമൊഴിച്ച് സ്വാതന്ത്ര്യത്തിനുമുമ്പും അതിനു ശേഷവും രാജ്യത്ത് നിലവിലുള്ള ബഹുഭൂരിപക്ഷം സിവിൽ നിയമങ്ങളും എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ബാധകമായ ഏകീകൃത നിയമങ്ങളാണ്. ഉദാഹരണമായി രാജ്യത്തെ പ്രധാന സിവിൽ നിയമങ്ങളായ 1908ലെ സിവിൽ നിയമസംഹിത, 1882ലെ വസ്തു കൈമാറ്റ നിയമം, 1930ലെ വസ്തു വിൽപ്പന നിയമം, 1872ലെ ഇന്ത്യൻ കരാർ നിയമം, 1882ലെ ഇന്ത്യൻ അനായാസ നിയമം, 1988ലെ ബിനാമി ഇടപാട് നിരോധന നിയമം, 1963 ലെ കാലപരിധി നിയമം തുടങ്ങിയവയെല്ലാം രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമായ ഏകീകൃത സിവിൽ നിയമങ്ങളാണ്. എന്നാൽ സിവിൽ നിയമങ്ങളിൽപ്പെട്ട വ്യക്തിനിയമങ്ങളും ആരാധനാലയങ്ങളെ ബാധിക്കുന്ന ദേവസ്വം, വഖ്ഫ്, ഗുരുദ്വാര നിയമങ്ങളും ഏകീകൃത സിവിൽ നിയമങ്ങളുടെ ഗണത്തിൽപ്പെടുത്താനാവില്ല.


എന്തുകൊണ്ട് വ്യക്തിനിയമങ്ങൾ ഏകീകരിച്ചുകൂടാ


വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശ, ദാനം, വസ്യത്ത്, ദത്താവകാശം എന്നിവയെ സംബന്ധിച്ച നിയമങ്ങൾ രാജ്യത്തെ വ്യത്യസ്ത മതവിഭാഗങ്ങൾ അവരവരുടെ മതാചാരം അനുസരിച്ച് പിന്തുടർന്ന് വരുന്നതാണ്. അത്തരം ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ പിന്തുടരുന്ന വ്യക്തിനിയമങ്ങൾ മതാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. ഉദാഹരണമായി മുസ്‌ലിം വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ദത്ത്, ദാനം, വസ്യത്ത് എന്നിവ പരിശുദ്ധ ഖുർആൻ അനുശാസനകൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 1937 ലെ ശരീഅത്ത് അപ്ലിക്കേഷൻ ആക്ട് അനുസരിച്ച് മുസ്‌ലിംകളുടെ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദാനം, ദത്ത്, വസ്യത്ത് തുടങ്ങിയവ പരിശുദ്ധ ഖുർആൻ അനുശാസനകൾക്കനുസരിച്ചുള്ള വ്യക്തിനിയമം അനുസരിച്ചാണെന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന അനുഛേദം 25 അനുസരിച്ച് പൊതുസമാധാനത്തിനും ആരോഗ്യത്തിനും സന്മാർഗികതയ്ക്കും വിധേയമായി രാജ്യത്തെ ഏതു പൗരനും യഥേഷ്ടം അവരവരുടെ ഇഷ്ടാനുസരണം മതം വിശ്വസിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും

പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം മൗലികാവകാശമാണ്. ഭരണഘടനയുടെ അനുഛേദം 13(2) അനുസരിച്ച് മൗലികാവകാശത്തിനെതിരായി പാർലമെൻ്റോ നിയമസഭകളോ നിർമിക്കുന്ന ഏതു നിയമവും മൗലികാവകാശ ലംഘനത്തിൻ്റെ വ്യാപ്തിയോളം അസാധുവാണ്. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ പൗരന്റെ മതാനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കുമെതിരായി നിർമിക്കുന്ന ഏതു നിയമവും അനുഛേദം 13(2) വിലക്കനുസരിച്ച് സാധ്യമല്ല. ഇനി അനുഛേദം 13(2) ലെ വിലക്കിനെ മറികടന്നുകൊണ്ട് ഭരണഘടനാ ഭേദഗതിയിൽ കൂടി ഏകീകൃത വ്യക്തിനിയമമോ ദേവസ്വം, വഖ്ഫ്, ഗുരുദ്വാര നിയമങ്ങളെ ഏകീകരിച്ചുകൊണ്ട് നിയമനിർമാണം നടത്തുവാനും സാധ്യമല്ല. കാരണം, ഏതു പൗരനും ഇഷ്ടാനുസരണം മതം വിശ്വസിക്കുവാനും അനുഷ്ഠിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള മൗലികാവകാശം ഭരണഘടനയുടെ അടിസ്ഥാനഘടനയാണെന്നാണ് സുപ്രസിദ്ധ കേശവാനന്ദ ഭാരതി കേസിലും പിന്നീടുള്ള ബൊമ്മെ കേസിലും സുപ്രിംകോടതി ആവർത്തിച്ചു വിധി പ്രസ്താവിച്ചിട്ടുള്ളത്.


പ്രധാനമന്ത്രി മോദിയും കേന്ദ്രത്തിലെ ഭരണകക്ഷിയും കരുതുന്നതുപോലെ പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് മാത്രം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുവാൻ സാധ്യമല്ലെന്ന് നിരവധി സുപ്രിംകോടതി വിധികളിൽ കൂടി തെളിയിക്കപ്പെട്ട വസ്തുതയാണ്. രാജ്യത്തെ ഹൈക്കോടതികളിലെയും സുപ്രിംകോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്ന നാഷണൽ ജുഡീഷ്യൽ അപ്പോയ്‌മെന്റ് കമ്മിഷന് രൂപം നൽകിയ ഭരണഘടനയുടെ 99-ാം ഭേദഗതി നിയമം പാർലമെന്റിലെ ഇരുസഭകളിലും ഭരണ-പ്രതിപക്ഷങ്ങൾ യോജിച്ചു പാസാക്കുകയും രാജ്യത്തെ ഇരുപതോളം നിയമസഭകൾ ശരിവയ്ക്കുകയും ചെയ്ത നിയമമായിരുന്നു. പ്രസ്തുത നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനക്കെതിരാണെന്ന കാരണത്താലാണ് ഭേദഗതി നിയമം സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് അസാധുവായി പ്രഖ്യാപിച്ചത്.


ഇനി ഏകീകൃത വ്യക്തിനിയമങ്ങളുടെയും ആരാധനാലയങ്ങളെ സംബന്ധിച്ച നിയമങ്ങളുടെയും അപ്രായോഗികതകളും പരിശോധിക്കാവുന്നതാണ്. മുസ്‌ലിംകൾ പിന്തുടരുന്നതും പരിശുദ്ധ ഖുർആൻ വിവക്ഷിക്കുന്ന പ്രകാരവുമുള്ള വിവാഹരീതി-അതായത് വധുവിന്റെ പിതാവ് അല്ലെങ്കിൽ രക്ഷാകർത്താവും വരനുമായുള്ള ഉടമ്പടിയാണ് മുസ്‌ലിം വിവാഹം. എന്നാൽ വധൂവരന്മാർ പരസ്പരം താലി ചാർത്തിക്കൊണ്ടുള്ള ഹിന്ദുവിവാഹ ആചാര രീതികൾ വിവിധ ജാതി വിഭാഗങ്ങൾക്കിടയിൽ പോലും വ്യത്യസ്തമാണ്. വധൂവരന്മാരുടെ മാതാപിതാക്കൾ തമ്മിലുള്ള സമ്മതമാണ് സിഖ് വിവാഹ രീതിയുടെ പരമപ്രധാന ആചാര രീതി. 'കുർമാള' എന്ന പേരിലറിയപ്പെടുന്ന സിഖ് വിവാഹം ഉറപ്പിക്കൽ ചടങ്ങിൽ വധൂവരന്മാരുടെ കുടുംബാംഗങ്ങൾ വിശുദ്ധ സിഖ് ഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബ് മുഴുവനും പാരായണം ചെയ്താണ് വിവാഹ തീയതി ഉറപ്പിക്കുന്നത്. എന്നാൽ ക്രിസ്തീയ വിവാഹരീതി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇന്ത്യയെപ്പോലെ വ്യത്യസ്ത ജാതി, മത വിഭാഗങ്ങൾ തങ്ങളുടെ മതാചാരപ്രകാരം പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളെ നിയമംകൊണ്ട് ഒരിക്കലും ഏകീകരിപ്പിക്കുവാൻ സാധ്യമല്ല.


ഇനി വഖ്ഫ്, ദേവസ്വം, ഗുരുദ്വാര തുടങ്ങിയ മതസ്ഥാപനങ്ങളെയും സ്വത്തുക്കളെ സംബന്ധിച്ച നിയമങ്ങൾ പരിശോധിച്ചാലും സ്ഥിതി വ്യത്യസ്തമല്ല. മുസ്‌ലിം വിശ്വാസമനുസരിച്ച് വഖ്ഫ് സ്വത്തുക്കളുടെ ഉടമസ്ഥൻ അല്ലാഹുവാണ്. അവ ഒരിക്കലും കൈമാറ്റം ചെയ്യാൻ പാടില്ല. അതിന്റെ നടത്തിപ്പുകാർ മാത്രമാണ് മുതവല്ലി. അത് ഒന്നുകിൽ വ്യക്തിയോ സംഘമോ ആയിരിക്കും. എന്നാൽ ദേവസ്വം വസ്തുക്കളുടെ ഉടമസ്ഥൻ പ്രതിഷ്ഠയും അതിന്റെ നടത്തിപ്പ് പ്രതിഷ്ഠയിൽ വിശ്വാസമർപ്പിച്ച ട്രസ്റ്റി സമിതിയുമായിരിക്കും. എന്നാൽ ക്രിസ്തീയ പള്ളിവസ്തുക്കളെ സംബന്ധിച്ച് പ്രത്യേക നിയമങ്ങളൊന്നും നിലവിലില്ല. ആ സാഹചര്യത്തിൽ വ്യത്യസ്ത മതസ്ഥാപനങ്ങളുടെ സ്വത്തുക്കളെ സംബന്ധിച്ച നിയമങ്ങൾ ഏകീകരിക്കുകയെന്നത് തികച്ചും അസാധ്യമായിരിക്കും. അത്തരമൊരു നിയമനിർമമാണമുണ്ടായാൽ അവ കർഷക നിയമങ്ങൾ പിൻവലിച്ചോടിതയതുപോലെ കേന്ദ്രസർക്കാർ പിന്തിരിയേണ്ടിവരുമെന്നുറപ്പാണ്.


അനുഛേദം 44 ന്റെ പ്രസക്തി


ഏകീകൃത സിവിൽകോഡ് രാജ്യത്ത് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെടുന്നവർ ഉയർത്തിക്കാട്ടുന്നത് ഇതു സംബന്ധിച്ച ഭരണഘടനയുടെ 44-ാം അനുഛേദമാണ്. കോടതിയിൽ കൂടി നടപ്പാക്കാൻ കഴിയാത്തതും നിയമനിർമാണത്തിന്റെ മാർഗനിർദേശമായി കണക്കാക്കാവുന്നതുമായ വിഷയങ്ങൾ ഉൾപ്പെടുത്തിയ ഭരണഘടനയുടെ അഞ്ചാം ഭാഗത്തിലെ മറ്റു വിഷയങ്ങൾ ക്ഷേമരാഷ്ട്രത്തിനു വേണ്ടിയുള്ള മാർഗനിർദേശങ്ങളടങ്ങിയതാണ്. തൊഴിൽ, വിദ്യാഭ്യാസം, പൗരന്റെ ഉപജീവനം സംബന്ധിച്ച് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാനാവശ്യമായ നിർദേശങ്ങൾ എന്നിവ അടങ്ങിയതാണ് അഞ്ചാം ഭാഗം. വസ്തു-പണമിടപാടുകൾ, ഭൂമി-വാണിജ്യം തുടങ്ങിയവയിലെ തർക്കങ്ങൾ ഉണ്ടാവുമ്പോൾ വിവിധ മതവിഭാഗങ്ങൾ സംബന്ധിച്ചുള്ള തർക്കങ്ങളിൽ തീർപ്പുണ്ടാവണമെങ്കിൽ ഏകീകൃത സിവിൽ നിയമംകൊണ്ടേ സാധ്യമാവുകയുള്ളൂവെന്ന തിരിച്ചറിവാണ് അപ്രകാരം ഒരു വ്യവസ്ഥ മാർഗനിർദേശമായി ഭരണഘടനാ നിർമാതാക്കൾ ലക്ഷ്യംവച്ചിരുന്നത്. അല്ലാതെ വ്യക്തിനിയമങ്ങൾ ഏകീകരിച്ച് ആചാരാനുഷ്ഠാനങ്ങളെ ഏകീകരിക്കാൻ നിയമനിർമാണംകൊണ്ടു സാധ്യമാവില്ല എന്നത് ആർക്കും ഊഹിക്കാവുന്നതാണ്.
മതസ്ഥാപനങ്ങളെ സംബന്ധിച്ച നിയമനിർമാണവും ഇന്ത്യയെപ്പോലുള്ള വ്യത്യസ്ത ജാതി-മത വിശ്വാസങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് ഒരിക്കലും പ്രായോഗികമല്ല. മേൽ വിവരിച്ച യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടു മാത്രമേ ഏകീകൃത സിവിൽകോഡ് എന്ന ആശയത്തെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള ഏത് നടപടിയും ഭരണഘടനാപരമായും പ്രായോഗികമായും ഒരിക്കലും ഏകീകൃത സിവിൽകോഡ് എന്ന ആശയം വ്യക്തിനിയമങ്ങളുടെയും മതസ്ഥാപനങ്ങളെയും സംബന്ധിച്ച നിയമങ്ങളുടെയും ഏകീകരണമായി വ്യാഖ്യാനിക്കാനാവില്ല.
(മുൻ കേരള പ്രോസിക്യൂട്ടർ ഡയരക്ടർ ജനറലാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago