മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി
മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി
തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്ത് നിന്നാണ് കുരങ്ങിനെ കിട്ടിയത്. മൃഗശാല ജീവനക്കാരെത്തിയാണ് കുരങ്ങിനെ പിടികൂടിയത്. രണ്ടാഴ്ച്ചയായി ഹനുമാന്‍ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.
തിരുപ്പതി സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നെത്തിച്ച ഈ കുരുങ്ങ് അടക്കമുള്ള പുതിയ അതിഥികളെ തുറന്ന് വിടാനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹനുമാന്‍ കുരങ്ങിനെ തുറന്നുവിട്ടത്. പരീക്ഷണാടിസ്ഥാനത്തില്‍, തുറന്നു വിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെണ്‍കുരങ്ങ് ചാടിപ്പോയത്. എന്നാല്‍ കൂട്ടിലേക്ക് പിന്നീട് തിരികെ വരാന്‍ കൂട്ടാക്കിയില്ല.
കൂട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ മരങ്ങളിലേക്ക് കയറി കുരങ്ങ് അകന്ന് പോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മൃഗശാലക്കുള്ളില്‍ തന്നെയുള്ള മരത്തിന് മുകളിലായി കുരങ്ങിനെ കണ്ടെത്തിയിരുന്നു. എന്നാല്‍ തിരികെ മൃഗശാലയിലേക്ക് മടങ്ങിയെത്തിയ കുരങ്ങ്, മരത്തിന് മുകളില്‍ തുടരുകയായിരുന്നു. ഇഷ്ടഭക്ഷണം കാണിച്ചിട്ടും താഴേക്ക് ഇറങ്ങാന്‍ കുരങ്ങ് കൂട്ടാക്കുന്നില്ലായിരുന്നു. അതിനിടെ മൃഗശാലയുടെ കോമ്പൌണ്ട് വിട്ട് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് നഗരത്തിന്റെ വിവിധയിടങ്ങളിലായി കുരങ്ങിനെ കുടുക്കാന്‍ പലവിധത്തിലും നോക്കിയെങ്കിലും ഹനുമാന്‍ കുരങ്ങിനെ പിടികൂടാനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."