ഏക സിവില്‍ കോഡ് ഏകപക്ഷീയമായി നടപ്പാക്കരുതെന്ന് ലത്തീന്‍ സഭ
ഏക സിവില്‍ കോഡ് ഏകപക്ഷീയമായി നടപ്പാക്കരുതെന്ന് ലത്തീന്‍ സഭ
കൊച്ചി: ഏക സിവില്‍ കോഡ് ഏകപക്ഷീയമായി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ. കേരള റീജിയണ്‍ ലാറ്റിക് കാത്തലിക് കൗണ്‍സിലിലാണ് ഏക സിവില്‍ കോഡ് ഏകപക്ഷീയമായി നടപ്പാക്കരുതെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടത്. രാജ്യത്തെ സംസ്‌കാരിക വൈവിധ്യം തകര്‍ക്കപ്പെടരുതെന്ന് ലത്തീന്‍ സഭ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഇവയെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും സഭ ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡ് നേരത്തെ തന്നെ നിയമവിദഗ്ധര്‍ തള്ളിക്കളഞ്ഞതാണ്. ഇവ സംബന്ധിച്ച് നിലവില്‍ പ്രസിദ്ധീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കുന്നതാകണം സിവില്‍ കോഡെന്നും സഭ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസം ഇടക്കൊച്ചിയില്‍ കേരള റീജിയണ്‍ ലാറ്റിക് കാത്തലിക് കൗണ്‍സില്‍ ചേര്‍ന്നിരുന്നു. ഇതിലാണ് സഭ സിവില്‍ കോഡുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്. നേരത്തെ, ഏക സിവില്‍ കോഡ് വേഗത്തില്‍ നടപ്പാക്കരുതെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കത്തോലിക്ക ബാവയും ആവശ്യപ്പെട്ടിരുന്നു. മതനിയമങ്ങള്‍ ഹനിക്കുന്നതാകരുത് ഏക സിവില്‍ കോഡെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വികസന വിഷയങ്ങളെ കുറിച്ച് സംസാരിക്കാതെയാണ് പ്രധാനമന്ത്രി ഏക സിവില്‍ കോഡിനെക്കുറിച്ച് പ്രസ്താവന നടത്തുന്നതെന്ന് തൃശൂര്‍ മെത്രാപൊലീത്ത യുഹാനോണ്‍ മാര്‍ മിലിത്തിയോസും പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."