ദലിതനെ മനുഷ്യനായി കാണാത്ത ജാതിശരീരങ്ങൾ
ഇന്ത്യക്കാരെന്ന നിലയിൽ ലജ്ജിച്ചു തലതാഴ്‌ത്തേണ്ട മൂന്ന് സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ രാജ്യത്തുണ്ടായത്. ജൂൺ 30ന് മധ്യപ്രദേശ് ഭോപ്പാലിലെ ശിവപുരിയിൽ രണ്ടു ദലിത് യുവാക്കളെ ഒരുകൂട്ടം ആളുകൾ മർദിക്കുകയും മുഖത്ത് കരിഓയിലൊഴിച്ച്, ചെരുപ്പുമാല അണിയിച്ച് നടത്തിക്കുകയും മലംതീറ്റിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തിൽ മധ്യപ്രദേശിലെ തന്നെ സിദ്ദിയിൽ പ്രാവേശ് ശുക്ലയെന്ന ബി.ജെ.പി പ്രവർത്തകൻ ആദിവാസി യുവാവിന്റെ തലയിൽ മൂത്രമൊഴിച്ചു. ജൂലൈ ഏഴിന് ഉത്തർപ്രദേശിലെ സോൻബദ്രയിൽ ദലിത് യുവാവിനെ ഒരു സംഘം മർദിക്കുകയും ഷൂ നക്കിക്കുകയും ചെയ്തു. സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും രാജ്യത്തെ ദലിതുകളോടുള്ള സമീപനത്തിൽ മാറ്റമുണ്ടായിട്ടില്ല.
പൂ പറിച്ചതിന് ദലിത് ബാലനെ തല്ലിക്കൊന്നു, ദലിത് യുവാക്കൾക്ക് മൂന്നുദിവസം പൊലിസ് പീഡനം, ബിഹാറിൽ ദലിത് മന്ത്രവാദിനിയെ നഗ്നയാക്കി നടത്തി, കുർണൂലിൽ ദലിത് യുവാവ് ലോക്കപ്പിൽ കൊല്ലപ്പെട്ടു, ജാതി സംഘട്ടനത്തിൽ ഏഴു ദലിതരെ ജീവനോടെ ചുട്ടുകൊന്നു, ഹരിയാനയിൽ 5 ദലിതരെ അടിച്ചുകൊന്നു, രണ്ട് ദലിത് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് നഗ്നയായി പരേഡ് നടത്തി, 19 വയസുള്ള ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ഉന്നത ജാതിക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ദലിത് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ ക്രൂരമായി കൊലപ്പെടുത്തി എന്നിങ്ങനെ ഓരോ ദിവസവും ദലിതുകൾക്കെതിരായ അതിക്രമങ്ങളുടെ വാർത്തകൾ നമ്മുടെ സ്വീകരണ മുറിയിൽ നിറയുന്നുണ്ട്.
ദലിതർക്കെതിരായ അക്രമം തടയുന്നതിന് ശക്തമായ നിയമമുണ്ടായിട്ടും 1990കളുടെ ആരംഭം മുതൽ ദലിതുകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് വർധിച്ചുവെന്നാണ് ദലിത് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ജാതിപ്രേരിതമായ കൊലപാതകങ്ങളും സാമൂഹിക ബഹിഷ്‌കരണവും മറ്റ് ദുരുപയോഗങ്ങളും നിത്യസംഭവമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഇൗ വാദത്തെ സാധൂകരിക്കുന്നുണ്ട്. പാർലമെന്റിൽ കേന്ദ്രസർക്കാർ നടത്തിയ വെളിപ്പെടുത്തലുകൾ പ്രകാരം 2018നും 2020നും ഇടയിൽ രാജ്യത്ത് ആദിവാസികൾക്കെതിരായ അതിക്രമം 26 ശതമാനം വർധിച്ചു. ഇതുപ്രകാരം 2018ൽ ആദിവാസികൾക്കെതിരായ അതിക്രമത്തിന്റെ പേരിൽ 6,528 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2019ൽ ഇത് 7,570 ആയും 2020ൽ ഇത് 8272 ആയും ഉയർന്നു.
ദലിതർക്കെതിരായ അതിക്രമം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര പാർലമെന്റിൽ അവതരിപ്പിച്ചത് വലിയൊരു കണക്കാണ്. 2018ൽ 42,793 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019ൽ 45,935 ആയി. 2020ൽ ഇത് 50,291 ആയി. 2021 ആയപ്പോഴേക്കും 1.2 ശതമാനം കൂടി. ആദിവാസികൾക്കും ദലിതർക്കും 6 വർഷത്തിനിടെ ഏകദേശം 5 ലക്ഷം സംവരണ ജോലികൾ ഇല്ലാതായതാണ് മറ്റൊരു കണക്ക്. 2014-15ൽ സംവരണ വിഭാഗത്തിൽനിന്ന് ഏകദേശം 14 ലക്ഷം പേർ കേന്ദ്രസർക്കാർ ജോലികളിൽ ജോലി ചെയ്തിരുന്നെങ്കിൽ 2020-21ൽ 9 ലക്ഷം പേരായി കുറഞ്ഞു.
2022 ജൂലൈയിൽ പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിനോടുള്ള ചോദ്യത്തിനുള്ള മറുപടിയിൽ 10 സർക്കാർ വകുപ്പുകളിലായി 85,777 തസ്തികകളിൽ 53,293 സംവരണ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രം പറയുന്നുണ്ട്. അതായത് മൊത്തം സംവരണ തസ്തികകളുടെ 62 ശതമാനമാണിത്. ഈ കണക്കുകൾ രാജ്യത്തെ ദലിത് വിഭാഗങ്ങൾ ഇപ്പോൾ എവിടെ എത്തിനിൽക്കുന്നുവെന്ന് പറയുന്നുണ്ട്. സർക്കാരിലുള്ള പ്രാതിനിധ്യത്തെ ദലിതർക്കെതിരായ അതിക്രമത്തിന്റെ മൂലകാരണവുമായി ചേർത്തുവയ്ക്കണം. ഭരണപ്രക്രിയയിൽ, തീരുമാനങ്ങളെടുക്കുന്ന സംവിധാനത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടവർക്ക് പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനാ ശിൽപികൾ സംവരണം വിഭാവനം ചെയ്തത്. പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നതോടെ അപരവത്കരണം എളുപ്പമാണ്.
1929ൽ മഹാരാഷ്ട്രയിലെ ചലിസ്‌ഗൊൺ ഗ്രാമത്തിലെ ദലിതരുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് എത്തിയ ഡോ. ബി.ആർ അംബേദ്കറെ റെയിൽവേ സ്റ്റേഷനിൽനിന്ന് ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ മേൽജാതിക്കാരനായ കുതിരവണ്ടിക്കാരൻ തയാറായിരുന്നില്ല. ഒടുവിൽ, കുതിരവണ്ടിയോടിച്ച് പരിചയമില്ലാത്ത ദലിതൻ വണ്ടിയോടിക്കുകയും വഴിയിൽ അംബേദ്കർക്ക് അപകടം പറ്റുകയും ചെയ്തു. കൊളംബിയ സർവകലാശാലയിൽനിന്നും ലണ്ടൻ സർവകലാശാലയിൽനിന്നും സാമ്പത്തിക ശാസ്ത്രത്തിൽ രണ്ട് ഡോക്ടറേറ്റുകൾ നേടിയാണ് അംബേദ്കർ ഇന്ത്യയിലെത്തിയിരുന്നത്. ലണ്ടനിൽനിന്നു ബാരിസ്റ്റർ പരീക്ഷയും പാസായിരുന്നു. മഹാരാഷ്ട്രയിലെ ഏതു കുതിരവണ്ടിക്കാരനെക്കാൾ സമ്പന്നനുമായിരുന്നു അംബേദ്കർ. എന്നിട്ടും ഇന്ത്യയിൽ അയാൾ തൊട്ടുകൂടായ്മയുള്ള കീഴ്ജാതിക്കാരൻ മാത്രമായിരുന്നു.
രാജ്യത്തെ ഒരു വിഭാഗത്തിന്റെ മനോനില 1929കളിൽ നിന്ന് ഇപ്പോഴും മുന്നോട്ടുപോയിട്ടില്ല. അവർക്ക് ദലിതനെന്നാൽ തങ്ങൾക്ക് തലയിൽ മൂത്രമൊഴിക്കാൻ അവകാശമുള്ള കീഴാളനാണ്. മോഷണം നടന്നാൽ സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ ഏറ്റവും മുകളിലുള്ളവനാണ്. മുന്നിൽ വന്നു നിൽക്കാൻ യോഗ്യതയില്ലാത്തവനാണ്. തെരുവിൽ തല്ലു കൊള്ളേണ്ടവനാണ്. മീശവയ്ക്കുന്നതുപോലും തല്ലിക്കൊല്ലാനുള്ള കാരണമാണ്.
രാജ്യത്തെ ഒരു സംവിധാനവും ജാതിവിവേചനത്തിൽനിന്ന് മുക്തമല്ലെന്നതാണ് യാഥാർഥ്യം. കാംപസുകളിലെ ജാതി വിവേചനം ഇല്ലാതാക്കാൻ എന്തു ചെയ്തുവെന്ന് അറിയിക്കാൻ യു.ജി.സിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രിംകോടതി.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 103 വിദ്യാർഥികളാണത്രെ ആത്മഹത്യ ചെയ്തത്.
ഇതിൽ ഭൂരിഭാഗവും ജാതിപീഡനം മൂലമായിരുന്നു. അതിലെല്ലാം അതീവ വിദ്യാസമ്പന്നരായ വിദ്യാഭ്യാസ വിദഗ്ധരാണ് കുറ്റാരോപിതർ. വിഭ്യാഭ്യാസം നമുടെ ജാതിബോധത്തെ ഇല്ലാതാക്കിയില്ല. ഉയർന്ന സാമൂഹികബോധവും ഇതൊന്നും ഇല്ലാതാക്കുന്നില്ല. ശക്തമായ നിയമങ്ങളുണ്ടായിട്ടും പരിഹാരമാകുന്നില്ല. ഇനിയെന്താണൊരു പരിഹാരമെന്നത് രാജ്യം ആലോചിക്കേണ്ട വിഷയമാണ്. ലോകം മുന്നോട്ടുപോയിരിക്കുന്നു. വർണത്തിന്റെയും വംശത്തിന്റെയും പേരിലുള്ള വിവേചനങ്ങൾക്കൊന്നും ഇന്ന് പ്രസക്തിയില്ല. ഇതെല്ലാം അവസാനിച്ചേ പറ്റൂ. ഇനിയൊരു പ്രാവേശ് ശുക്ലയും അയാൾക്കു മുന്നിൽ നിസ്സഹായനായിരിക്കുന്ന ആദിവാസി യുവാവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
Content Highlights:Editorial About Dalit rights
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."