വൈവിധ്യങ്ങളെ റദ്ദു ചെയ്യാത്ത വിശ്വാസം
വേങ്ങൂർ സലാഹുദ്ദീൻ റഹ്മാനി
വിവിധ സാംസ്കാരിക ധാരകള്‍ സഹിഷ്ണുതാപൂര്‍വം ഉള്‍ച്ചേര്‍ന്നു നിൽക്കുമ്പോഴാണ് സാമൂഹിക പരിസരങ്ങള്‍ക്ക് സൗന്ദര്യം കൈവരുന്നത്. ആ സൗന്ദര്യമാണ് ലോകത്ത് കടന്നുവന്ന ജനപദങ്ങളുടെ വികാസവും മുന്നേറ്റവും സാധ്യമാക്കിയതെന്ന് കാണാം. വ്യത്യസ്ത ആശയധാരകള്‍ പുലര്‍ത്തുന്ന സമൂഹങ്ങള്‍ക്ക് ഒന്നിച്ചുള്ള ജീവിതം സാധ്യമാകുന്നിടത്താണ് മാനുഷികസഞ്ചയത്തിന്റെ നിലനില്‍പ്പ്.
ജാതിയുടെയും ഭാഷയുടെയും നടപ്പുകളുടെയും കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വൈവിധ്യവും വൈപുല്യവും നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏറ്റവും കൂടുതല്‍ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യംകൂടിയാണ്. കാലങ്ങളായി രാജ്യത്തിന്റെ ആത്മാവില്‍ ജനാധിപത്യവും ബഹുസ്വരതയും കുടികൊള്ളുന്നതുകൊണ്ടാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വേറിട്ടുനില്‍ക്കുന്നത്.
ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന നാനാത്വത്തില്‍ ഏകത്വമെന്ന മികച്ച ആശയശില്‍പത്തെ തച്ചുടക്കാനുള്ള പുതിയ ശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും റദ്ദു ചെയ്യേണ്ടത് ഇന്ത്യന്‍ ജനത എന്ന ഒരൊറ്റ ഏകകത്തില്‍ വിശ്വസിക്കുന്ന ഏതു പൗരന്റെയും ബാധ്യതയാണ്. രാജ്യത്ത് യു.സി.സി(യൂനിഫോം സിവില്‍കോഡ്) നടപ്പാക്കുമെന്ന പുതിയ രാഷ്ട്രീയ തിട്ടൂരത്തിനു മുന്നില്‍ വിവേകപൂര്‍വ പ്രതിരോധങ്ങളാണ് മതേതര-ജനാധിപത്യ വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.
ബഹുസ്വരതയെ നിഷേധിക്കുന്ന ഒരു സമീപനവും ഇസ്‌ലാമിക ആദര്‍ശബോധമുള്ള ഒരാളില്‍ നിന്നുമുണ്ടാവില്ല. അതിനു പ്രമാണവും ചരിത്രവും തെളിവ് നില്‍ക്കുന്നു. 'മതകാര്യങ്ങളില്‍ നിങ്ങളോട് പൊരുതുകയോ സ്വഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മയും നീതിയും ചെയ്യുന്നതില്‍നിന്ന് അല്ലാഹു നിങ്ങളെ തടയുന്നില്ല; നീതിപാലകരെ അവന്‍ ഇഷ്ടപ്പെടുകതന്നെ ചെയ്യുന്നു'(അല്‍ മുംതഹിന - 8). 'മതകാര്യങ്ങളില്‍ യാതൊരുവിധ ബലപ്രയോഗവുമില്ല'(അല്‍ ബഖറ 256) തുടങ്ങി നിരവധി ഖുര്‍ആനിക സൂക്തങ്ങള്‍ കാണാം.
പലപ്പോഴും ഖുര്‍ആനിന്റെ സംബോധന തന്നെ മനുഷ്യ സമൂഹമേ(യാ അയ്യുഹന്നാസ്) എന്നാണ്. ദേശ-ഭാഷ-വര്‍ഗ-വര്‍ണ വിവേചനങ്ങള്‍ക്കപ്പുറം മാനവികതയെ ഊന്നുകയാണ് ഖുര്‍ആനിന്റെ അഭിസംബോധന.
തിരുനബി(സ്വ) മദീനയില്‍ കെട്ടിപ്പടുത്ത രാഷ്ട്രവ്യവസ്ഥിതി മുസ്‌ലിംകളെ മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല എന്നതാണ് ചരിത്രവസ്തുത. ജൂതഗോത്രങ്ങളടക്കം വിവിധ ജനവിഭാഗങ്ങള്‍ സുരക്ഷിതമായി കഴിഞ്ഞിരുന്ന സ്റ്റേറ്റായിരുന്നു മദീന. അവിടെത്തെ രാഷ്ട്രീയ സാഹചര്യം മനസിലാക്കിയാണ് തിരുനബി(സ്വ) മദീനാ കരാറിന് രൂപം നല്‍കുന്നത്. ഇൗ കരാറിന്റെ അടിസ്ഥാനത്തില്‍ ജൂതന്മാര്‍ പല യുദ്ധങ്ങളിലും തിരുനബി(സ്വ)ക്കൊപ്പം അണിനിരക്കുകയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. മദീനയിലെ പ്രമുഖ ജൂതഗോത്രം നള്റ വിഭാഗക്കാരൻ മുഖൈരിക് ഉഹ്ദ് യുദ്ധത്തിനു മുന്നോടിയായി തിരുനബി(സ്വ)യെ ചെന്നുകാണുകയും യുദ്ധത്തിനു കൂടെക്കൂടാന്‍ തയാറാണെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ സമ്പാദ്യം മുഴുവന്‍ താങ്കള്‍ക്കാണെന്ന് പ്രഖ്യാപിച്ചു. പോര്‍ക്കളത്തിലിറങ്ങിയ അദ്ദേഹം കൊല്ലപ്പെടുകയും തുടര്‍ന്ന് സമ്പാദ്യം തിരുനബി(സ്വ) വഖ്ഫ് ഇനത്തില്‍ ഉപയോഗിക്കുകയും ചെയ്തു എന്നതാണ് ശേഷചരിത്രം. മദീനയില്‍സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള മതപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പരിതസ്ഥിതി മുസ്‌ലിം വിശ്വാസികള്‍ക്കൊപ്പം തന്നെ ഇതര മതസ്ഥര്‍ക്കും ഉറപ്പുനല്‍കുന്ന മാതൃകാരാഷ്ട്രമായിരുന്നു നബി(സ്വ)യുടെ മദീന.
തിരുനബി(സ്വ)ക്കുശേഷം ഭരണസാരഥ്യം ഏറ്റെടുത്ത നാല് ഖലീഫമാരും പ്രവാചക മാതൃക പിന്തുടർന്നു. പിന്നീട് വിവിധ കാലങ്ങളില്‍ ലോകത്ത് കടന്നുവന്ന മുസ്‌ലിം ഭരണകൂട നേതൃത്വങ്ങളെല്ലാം പരസ്പര വിശ്വാസവും സഹവര്‍ത്തിത്വവും കൈമുതലാക്കിയാണ് മുന്നോട്ട് നീങ്ങിയത്. മറ്റു രാജ്യങ്ങളിലേക്ക് അധിനിവേശം നടത്തേണ്ടിവന്ന സാഹചര്യങ്ങളില്‍ അവിടെയുള്ള ആരാധനാലയങ്ങള്‍ക്കും മതചിഹ്നങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കണമെന്ന് ഭരണകര്‍ത്താക്കള്‍ സൈനികത്തലവന്മാരോട് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. ഭരണവ്യവസ്ഥിതിയുടെ നിയമനിര്‍മാണ സംവിധാനങ്ങളില്‍ ജൂത-ക്രിസ്ത്രീയ നിയമജ്ഞരുടെ സാന്നിധ്യംകൂടി ഉറപ്പുവരുത്തിയിരുന്നു അവര്‍.
ഇമാം ഇബ്നു കസീര്‍(റ)ൻ്റെ വിഖ്യാത ഗ്രന്ഥമായ അല്‍ ബിദായ വന്നിഹായയില്‍ പറയുന്നു: ഡമസ്കസില്‍ ഏഴുപതിറ്റാണ്ട് കാലം മുസ്‌ലിംകളും ക്രിസ്ത്യാനികളും തങ്ങളുടെ ആരാധനാകര്‍മങ്ങള്‍ക്കായി ഒരേ ആരാധനാലയം പങ്കിട്ടിരുന്നു. ഒരുവശം മസ്ജിദായും മറുവശം ക്രിസ്തീയ ദേവാലയമായും ഉപയോഗിച്ചിരുന്ന ഈ കേന്ദ്രത്തിന് ഒരു പ്രവേശന കവാടം മാത്രമാണുണ്ടായിരുന്നത്. ഇരു വിഭാഗവും ഒരുമിച്ചു കയറി പിന്നീട് ഇരുവശങ്ങളിലായി ഇഴമുറിഞ്ഞു പ്രാര്‍ഥിക്കുന്ന കാഴ്ച പതിറ്റാണ്ടുകളോളം നീണ്ടുനിന്നു. ഹിജ്റ 86/ എഡി 705-ല്‍ ഇരു കക്ഷികളും പരസ്പരം ധാരണയിലെത്തിയത് പ്രകാരം പില്‍ക്കാലത്ത് അത് അമവി മസ്ജിദ് എന്ന പേരില്‍ അറിയപ്പെട്ടു.
ഈ മാതൃക ഇന്നും നാട്ടിന്‍പുറങ്ങളില്‍ കണ്ടുവരുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ആരാധനാലയങ്ങള്‍ പരസ്പരം തുറന്നുകൊടുക്കാന്‍ നമ്മുടെ സാമൂഹിക മനഃസാക്ഷി എന്നും വിശാലമാണ്. വെള്ളപ്പൊക്കവും കൊറോണയുമെല്ലാം മറവിയെടുക്കാത്ത പുതിയ അനുഭവപാഠങ്ങളെന്ന് മാത്രം.
സാമൂഹിക ശാസ്ത്രത്തില്‍ ബഹുസ്വര സമൂഹങ്ങളെക്കുറിച്ച് രണ്ടുതരം വീക്ഷണകോണുകള്‍ കാണാം. ഒന്നാമത്തേത്, ഇഴുകിച്ചേരല്‍ തിയറിയാണ്(Melting Pot Theory). ഇവിടെ വ്യത്യസ്ത സാമൂഹിക സ്വത്വങ്ങളെ ഒരു പാത്രത്തിലെ പാനീയത്തോടാണ് ഉപമിക്കുന്നത്. പല വസ്തുക്കളും ചേര്‍ന്നാണ് പാനീയം ഉണ്ടാകുന്നെതെങ്കിലും അവ തമ്മില്‍ ഇഴുകിച്ചേര്‍ന്നു ഒരൊറ്റ പാനീയമാകുന്നു. അതില്‍ ചേര്‍ന്ന വസ്തുക്കളുടെ വേറിട്ട രുചികളും നിറങ്ങളും ഇല്ലാതാകുകുയും പകരം അവയെല്ലാം ചേര്‍ന്ന് പുതിയൊരു നിറവും രുചിയുമുള്ളതായിത്തീരുകയും ചെയ്യുന്നു(Encyclopedia Britannica, Chapter on Multiculturalism).
മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും വിശിഷ്യാ ഫ്രാന്‍സില്‍ ഈയൊരു വീക്ഷണകോണിനാണ് പ്രാമുഖ്യം കല്‍പിക്കുന്നത്. ഫ്രാന്‍സില്‍ വ്യത്യസ്ത സംസ്കാരങ്ങളെ വാഴ്ത്തുന്നതില്‍ എതിര്‍പ്പില്ലെങ്കിലും മുഖ്യധാരാ ഫ്രഞ്ച് സംസ്കാരം എല്ലാവരും ഉൾക്കൊള്ളണമെന്നും മറ്റു സ്വത്വവാദങ്ങളുമായി മുന്നോട്ടുവരരുതെന്നും അവര്‍ ആഗ്രഹിക്കുന്നു.
രണ്ടാമത്തെ വീക്ഷണം, സാലഡ് പാത്രം(Salad Bowl) എന്ന പേരിലാണ് അറിയപ്പെടുന്നത്. വിവിധ സാമൂഹിക സ്വത്വങ്ങളെ പാത്രത്തിലുള്ള സാലഡിനോട് ഉപമിച്ചിരിക്കുന്നു. സാലഡില്‍ പല പഴങ്ങളും പച്ചക്കറികളും ഒന്നിച്ചിട്ടിരിക്കുന്നു. എന്നാല്‍ അവയൊന്നും കൂടിച്ചേര്‍ന്ന് ഒന്നാകുന്നില്ല. ഒരേ നിറവും രുചിയുമാകുന്നില്ല. ഒാരോന്നും അതതിന്റെ രുചിയും നിറവും നല്‍കി വെവ്വേറെയായി തന്നെ നിലനില്‍ക്കുന്നു. ഒന്നിച്ചു നില്‍ക്കുമ്പോഴും ഒാരോ സമൂഹവും തനത് സ്വത്വമോ അസ്തിത്വമോ നിലനിര്‍ത്തുന്നുവെന്നാണ് ഈ വീക്ഷണം മുന്നോട്ടുവെക്കുന്നത്.
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഒാരോ സമൂഹവും സ്വന്തമായി അസ്തിത്വം നിലനിര്‍ത്തുമ്പോഴും അവ പരസ്പരം ചേര്‍ന്നുനില്‍ക്കുന്നു. സാമൂഹികതയുടെ വിശാലമായ പ്രതലം അവിടെ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത് (Philip Q. Yang- Ethnic Studies, Issues and Approaches, State University of New york Press, New York, p 87). ഇന്നത്തെ ഉത്തരാധുനിക ചിന്തകര്‍ ഈ വീക്ഷണകോണിനെയാണ് സ്വീകരിക്കുന്നത്. ദേശീയതയുടെ ഏതെങ്കിലുമൊരു വര്‍ണമാണ് ശരി എന്ന നിലപാട് അവര്‍ അംഗീകരിക്കുന്നില്ല. വിവിധതരം വീക്ഷണങ്ങള്‍ അവതരിപ്പിക്കപ്പെടട്ടെ എന്നും അവയില്‍ നിന്ന് മികച്ചത് സ്വീകരിക്കപ്പെടട്ടെ എന്നുമാണ് നിലപാട്.
ബഹുസ്വരതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍, അടിസ്ഥാന തത്വങ്ങളെയും ഭാഷ, വര്‍ണം പോലുള്ള ജീവിതാവസ്ഥകളെയും രണ്ടായിട്ട് തന്നെയാണ് ഇസ്‌ലാം കാണുന്നത്. ജീവിത വൈവിധ്യങ്ങളുടെ കാര്യത്തില്‍ സാലഡ് ബൗള്‍ ബഹുസ്വരതയെയാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് കാണാം. ഇതില്‍ മികച്ചതേതെന്ന് ഒാരോരുത്തര്‍ക്കും തിരഞ്ഞെടുക്കാന്‍ അവസരമുണ്ടെങ്കിലും വൈവിധ്യങ്ങളുടെ നിലനില്‍പ്പിന് ഇസ്‌ലാം താത്പര്യപ്പെടുന്നു. വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മനുഷ്യസമൂഹത്തിന് കൂടുതല്‍ പ്രയോജനം ലഭിക്കുക.
വൈവിധ്യങ്ങളെ ദൈവിക ദൃഷ്ടാന്തമായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. 'മനുഷ്യരെ, ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ജീവിതസൂക്ഷമതയുള്ളവരാണ്. (അല്‍ ഹുജ്റാത്ത് 13). വിവിധ വിഭാഗങ്ങള്‍, ഗോത്രങ്ങള്‍ എന്നിവയെല്ലാം തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളായാണ് ഖുര്‍ആന്‍ കാണുന്നത്. തിരിച്ചറിയല്‍ തന്നെയാണല്ലോ സ്വത്വം(Identity) എന്നു പറയുന്നത്. സ്വത്വങ്ങളെ ഇസ്‌ലാമിക വിശ്വാസപ്രകാരം നിരാകരിക്കപ്പെടാന്‍ പാടില്ല എന്ന് ചുരുക്കം.
ഇന്ത്യയില്‍ പാര്‍ക്കുന്ന വിവിധ സാമുദായിക സ്വത്വങ്ങളെ നിരാകരിക്കുന്ന നീക്കം അതിനാല്‍തന്നെ നമ്മുടെ പാരമ്പര്യത്തില്‍ നിന്നുള്ള തിരിച്ചുനടത്തമാണ്. ഇന്ത്യയുടെയും കേരളത്തിന്റെയും പാരമ്പര്യം അതല്ല. ബഹദൂര്‍ഷാ സഫറും നാനാ സാഹിബും മംഗള്‍ പാണ്ഡെയും താന്തിയോ തോപ്പിയും അണിചേര്‍ന്ന ഇന്ത്യ, ഗാന്ധിയും നെഹ്റുവും ആസാദും മൗലാനാ മുഹമ്മദലിയും ഒത്തുചേര്‍ന്ന ഇന്ത്യ, സാമൂതിരിയും കുഞ്ഞാലി മരക്കാരും മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്‌ലിയാരും മമ്പുറം തങ്ങളും കോന്തുനായരും ടിപ്പു സുല്‍ത്താനും പുര്‍ണ്ണയ്യായും ശബരിമല അയ്യപ്പനും വാവരും തോളോടുതോള്‍ ചേര്‍ന്നുനിന്ന ഇന്ത്യ…
ഇനിയും നമ്മുടെ ഇന്ത്യക്കായ് നമുക്കൊന്നിച്ചു നില്‍ക്കാം, പിന്തിരിപ്പന്‍ ശക്തികളെ ഒന്നിച്ചു നേരിടാം.
Content Highlights:Today's Article By salahudeen rahmani
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."