'പ്രിയനേതാവിനെ കാത്ത്' ഉമ്മന്‍ചാണ്ടിയെ ഒരു നോക്ക് കാണുവാന്‍ വഴിനീളെ ആയിരങ്ങള്‍
ഉമ്മന്‍ചാണ്ടിയെ ഒരു നോക്ക് കാണുവാന്‍ കാത്ത് ആയിരങ്ങള്‍ വഴിനീളെ
പ്രിയനേതാവ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും ആയിരങ്ങളാണ് വഴിനീളെ കാത്തുനില്‍ക്കുന്നത്. മഴയെ പോലും വകവയ്ക്കാതെ കൈക്കുഞ്ഞുമായി അമ്മ, ഗര്‍ഭിണി, ജോലി പകുതിക്ക് ഉപേക്ഷിച്ച് ഇറങ്ങിയ കശുവണ്ടി തൊഴിലാളികള്‍ അങ്ങനെ സാധാരണക്കാരായ നിരവധി പേരാണ് തങ്ങളുടെ നേതാവിനെ അവസാനമായി കാണാന്‍ വഴിയോരത്ത് കാത്ത് നില്‍ക്കുന്നത്.
മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കോട്ടയം പുതുപ്പള്ളി ലക്ഷ്യമാക്കി യാത്ര തുടരുകയാണ്. ഏറെ വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്.
ഏഴ് മണിക്കൂറെടുത്താണ് വിലാപയാത്ര തിരുവനന്തപുരം കടന്നത്. മണിക്കൂറുകള്‍ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റിലുമെത്തിയത്. അതുകൊണ്ട് തന്നെ കോട്ടയം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തുമ്പോള്‍ ഏറെ വൈകും. കോട്ടയത്ത് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന കുടുംബത്തിന്റെ ആവശ്യം ചീഫ് സക്രെട്ടറി അംഗീകരിച്ചു. ഉമ്മന്‍ചാണ്ടിക്ക് ഔദ്യോഗിക ബഹുമതി നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ താല്പര്യം. പിന്നീട് മന്ത്രിസഭാ യോഗത്തില്‍ നിലപാട് വിശദീകരിച്ച മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു.
രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 4.25 നാണ് അന്തരിച്ചത്. ബംഗളൂരുവില്‍ നൂറുകണക്കിന് മലയാളികള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയതിനാല്‍ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നില്ക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോള്‍ വികാര നിര്‍ഭരമായ മുദ്രാവാക്യങ്ങളുമായി ആള്‍ക്കൂട്ടം അനുഗമിച്ചു. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസില്‍ ഉമ്മന്‍ചാണ്ടിക്ക് എ കെ ആന്റണിയും വി.എം.സുധാരനും അടക്കമുള്ള നേതാക്കള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ നാളെ 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. നാളെ ഉച്ചയ്ക്ക് 12നു പുതുപ്പള്ളിയിലെ വസതിയില്‍ ശുശ്രൂഷ. ഒന്നിനു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്കു വിലാപയാത്ര. 2 മുതല്‍ 3.30 വരെ പള്ളിയുടെ വടക്കേ പന്തലില്‍ പൊതുദര്‍ശനം. 3.30നു സമാപനശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ നടത്തും. 5ന് അനുശോചന സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."