രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം; ദാരിദ്ര്യമില്ലാത്ത ഒരേയൊരു ജില്ലയും കേരളത്തില്‍
രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം; ദാരിദ്ര്യമില്ലാത്ത ഒരേയൊരു ജില്ലയും കേരളത്തില്‍
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ദാരിദ്ര്യമില്ലാത്ത ഏക ജില്ല എറണാകുളമാണ്. 2015-2016 കാലഘട്ടത്തില്‍ 0.70 ശതമാനമായിരുന്ന കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത് 2019-2021 കാലത്ത് 0.55 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് വര്‍ഷത്തിനിടെ 50,000 ല്‍ അധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി.
റിപ്പോര്‍ട്ട് പ്രകാരം ബീഹാറിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദാരിദ്ര്യം നില നില്‍ക്കുന്നത്. 33.76 ശതമാനമാണ് ബീഹാറിലെ ദാരിദ്ര്യ നിരക്ക്. ഇതിന് പുറമെ ജാര്‍ഖണ്ഡ് 28.81 ശതമാനം, മേഘാലയ 27.79 ശതമാനം, ഉത്തര്‍പ്രദേശ് 22.93 ശതമാനം, മധ്യപ്രദേശ് 20.63 ശതമാനം എന്നിവരാണ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം, എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് നീതി യോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിന് പുറമെ തമിഴ്‌നാട്, ഡല്‍ഹി, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലുള്ളത്. ഇവിടങ്ങളിലെല്ലാം ദാരിദ്ര്യ നിരക്ക് മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2016 മുതല്‍ 2021 മാര്‍ച്ച് വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ ആകെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയിട്ടുണ്ടെന്നും നീതി ആയോഗ് വ്യക്തമാക്കി. ഇത് കണക്കാക്കുകയാണെങ്കില്‍ 10 ശതമാനത്തിനടുത്താണ് ഇന്ത്യയിലെ ദാരിദ്ര്യ നിരക്കില്‍ കുറഞ്ഞിട്ടുള്ളത്.
ജില്ലകളില്‍ ഒന്നാമന്‍ എറണാകുളം
ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനത്തിന് പുറമെ ഇന്ത്യയില്‍ ദാരിദ്ര്യമില്ലാത്ത ഏക ജില്ലയും എറണാകുളമാണെന്നത് കേരളത്തിന് അഭിമാനമാണ്. ജില്ലകള്‍ അടിസ്ഥാനമാക്കിയാല്‍ എറണാകുളത്തിലെ ദാരിദ്ര നിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പൂജ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന 0.10 ശതമാനത്തില്‍ നിന്നാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പൂജ്യത്തിലെത്തിയത്.
അതേസമയം കഴിഞ്ഞ തവണ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി തെരഞ്ഞെടുത്ത കോട്ടയം ഇത്തവണ പട്ടികയില്‍ പിന്തള്ളപ്പെട്ടു. നിലവില്‍ 0.14 ശതമാനമാണ് കോട്ടയത്തെ പട്ടിണി നിരക്ക്. ഇതിന് പുറമെ കാസര്‍ഗോഡ്, പാലക്കാട്, കോഴിക്കോട്, എന്നീ ജില്ലകളിലും ദാരിദ്ര്യ നിരക്ക് കൂടിയിട്ടുണ്ട്. അതേസമയം വയനാട്, ഇടുക്കി, മലപ്പുറം, തിരുവന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ദാരിദ്ര്യനിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. മിക്ക ജില്ലകളിലും 1 ശതമാനത്തില്‍ താഴെയാണ് ദാരിദ്ര്യ നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."