പത്താം ക്ലാസ് തോറ്റ് കൃഷിപ്പണിക്കിറങ്ങി;പലവിധ കൃഷികള്‍…ഒടുവില്‍ തക്കാളി കനിഞ്ഞു, തെലങ്കാനയിലെ മഹിപാല്‍ റെഡ്ഢി ഇപ്പോള്‍ കോടിപതി
പത്താം ക്ലാസ് തോറ്റ് കൃഷിപ്പണിക്കിറങ്ങി;പലവിധ കൃഷികള്‍…ഒടുവില്‍ തക്കാളി കനിഞ്ഞു, തെലങ്കാനയിലെ മഹിപാല്‍ റെഡ്ഢി ഇപ്പോള്‍ കോടിപതി
ഹൈദരാബാദ്: പത്താംക്ലാസ് തോറ്റതോടെ സ്‌കൂളിനോടു ബൈ ബൈ പറഞ്ഞു. കൃഷിയാണ് മുന്നോട്ടുള്ള ജീവിതത്തിന് തെരഞ്ഞെടുത്തത്. എന്നാല്‍ ഒന്നും അങ്ങ് പച്ച പിടിച്ചില്ല. ആദ്യം കൈവെച്ച നെല്‍ക്കൃഷി വലിയ ലാഭം കൊടുത്തില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നാല്‍പ്പതാം വയസ്സില്‍, ഒരുമാസം കൊണ്ട് തക്കാളിവിറ്റ് കോടിപതിയായിരിക്കുകയാണ് തെലങ്കാനയിലെ മേദക്കിലെ കൗഡിപള്ളി സ്വദേശി ബി. മഹിപാല്‍ റെഡ്ഡി. 1.8 കോടിരൂപയാണ് റെഡ്ഢി തക്കാളിക്കച്ചവടത്തിലൂടെ സ്വന്തമാക്കിയത്.
തക്കാളിയുടെ വില കൂടിയതും ആന്ധ്രാപ്രദേശില്‍ തക്കാളി ലഭ്യത കുറഞ്ഞതുമാണ് മഹിപാലിന് നേട്ടമായത്. ഇതോടെ ഹൈദരാബാദ് മാര്‍ക്കറ്റിലേക്ക് മഹിപാല്‍ തക്കാളി നല്‍കിത്തുടങ്ങി. ജൂണ്‍ 15 മുതല്‍ ഒരുമാസം കൊണ്ടാണ് വലിയതുക മഹിപാല്‍ നേടിയത്. തക്കാളിയുടെ വില കുതിച്ചുയര്‍ന്നതോടെ കിലോയ്ക്ക് നൂറുരൂപയില്‍ കൂടുതലാണ് മഹിപാലിന് ലഭിച്ചത്. ഈ സീസണില്‍ എട്ടേക്കറോളം സ്ഥലത്താണ് മഹിപാല്‍ തക്കാളി കൃഷി ചെയ്തിരുന്നത്. ഏപ്രില്‍ 15ന് ആരംഭിച്ച കൃഷിയില്‍നിന്ന് ജൂണ്‍ 15 മുതല്‍ വിളവ് ലഭിച്ചു തുടങ്ങി.
നൂറേക്കര്‍ ഭൂമിയുള്ള മഹിപാല്‍, നാലുവര്‍ഷം മുന്‍പാണ് നാല്‍പ്പതേക്കറില്‍ തക്കാളിയും മറ്റ് പച്ചക്കറികളും കൃഷിചെയ്യാന്‍ ആരംഭിച്ചത്. ബാക്കിയുള്ള സ്ഥലത്ത് നെല്‍ക്കൃഷിയാണ് ചെയ്യുന്നത്. 25 കിലോയില്‍ അധികം വരുന്ന ഏകദേശം 7,000 പെട്ടികള്‍ ഇതിനകം വിറ്റിട്ടുണ്ടെന്ന് മഹിപാല്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."