പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ നിർദേശം; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ നിർദേശം; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
തൃശ്ശൂർ: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ശക്തമായ മഴയിൽ നീരൊഴുക്ക് വേഗത്തിലായതോടെ ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയർന്നിരുന്നു. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ 423 മീറ്റർ പിന്നിട്ട് ജലം നിൽക്കുകയാണ്. മഴ തുടരുന്നതിനാൽ കൂടുതൽ ജലം എത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചാലക്കുടി പുഴയിലേക്ക് ഡാം തുറന്നുവിടുന്നത്.
ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉടന്‍ താഴ്ത്താനാണ് കലക്‌ടറുടെ നിര്‍ദ്ദേശം. പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമാകും സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുക.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് വടക്കന്‍ കേരളത്തിലടക്കം ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഒമ്പത് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ്.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."