ഹർഷിന: നീതിക്ക് ഇനിയും കത്രികപ്പൂട്ടിടരുത്
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി ഹർഷിന അനുഭവിച്ച വേദനയ്ക്കും മഴയും വെയിലുമേറ്റ് നടത്തിയ സഹനസമരത്തിനും ശുഭാന്ത്യമുണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നതാണ് പുറത്തുവന്നിരിക്കുന്ന പൊലിസ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളജ് ആഭ്യന്തര അന്വേഷണ സമിതിയും ആരോഗ്യവകുപ്പും മാറിമാറി അന്വേഷിച്ചിട്ടും 'കണ്ടെത്താനാകാത്ത' കാര്യമാണ് പൊലിസ് അന്വേഷണത്തിലൂടെ തെളിയുന്നത്. ഇത് പൊലിസിന്റെ അന്വേഷണ മികവാണെന്ന് ആഭ്യന്തര വകുപ്പുപോലും കരുതുന്നുണ്ടാകില്ല എന്നത് വേറെ കാര്യം. വസ്തുതകൾ പുറത്തുവരാൻ ഹർഷിന പറഞ്ഞതുപോലെ കത്രിക താൻ വിഴുങ്ങിയതാണോ അല്ലയോ എന്ന് കണ്ടെത്തിയാൽ മാത്രം മതിയാകുമായിരുന്നു.
അതാണിപ്പോൾ വന്നിരിക്കുന്നതും. ഇനിയെങ്കിലും സർക്കാർ കണ്ണുതുറക്കണം. ഹർഷിനയ്ക്ക് സഹിക്കേണ്ടിവന്ന ദുരിതത്തിനും സാമ്പത്തിക നഷ്ടത്തിനുമൊക്കെ ന്യായമായ നഷ്ടപരിഹാരത്തിനൊപ്പം ഈ ക്രൂരതയ്ക്ക് കാരണക്കാരായവർക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുക എന്നതും ഉത്തരവാദപ്പെട്ട സർക്കാരിന്റെ കടമയാണ്. ഹർഷിനയ്ക്ക് നീതി കിട്ടുമെന്ന് ആരോഗ്യമന്ത്രി ഇന്നലെയും ആവർത്തിച്ചു. ഇതിനുമുമ്പും മന്ത്രി നീതിവാചകം ആവർത്തിച്ചിരുന്നുവെങ്കിലും 'സ്ത്രീസുരക്ഷ'യുടെ കാലത്തും സമരപന്തലിൽതന്നെ കഴിയുകയായിരുന്നു ഈ വീട്ടമ്മ. എങ്കിലും ഇപ്പോഴത്തെ പ്രസ്താവനയെ വിശ്വാസത്തിലെടുക്കാം. കാരണം പൊലിസിന്റെ അന്വേഷണത്തിൽ ഒരു കുറ്റകൃത്യം നടന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇര നീതി അർഹിക്കുന്നു.
കേസിന്റെ തുടർനടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകിയിരിക്കുന്നത്. ചട്ടപ്രകാരം ഡി.എം.ഒയുടെ അധ്യക്ഷതയിൽ അന്വേഷണ ഉദ്യോഗസ്ഥനേയും പബ്ലിക് പ്രോസിക്യൂട്ടറേയും ഉൾപ്പെടുത്തിയാണ് ബോർഡ് രൂപീകരിക്കേണ്ടത്. ഗൈനക്കോളജി, അനസ്തീസിയ, മെഡിസിൻ, സർജറി, ഫൊറൻസിക് മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരും ബോർഡിലുണ്ടാകും. ഓഗസ്റ്റ് ഒന്നിന് ബോർഡ് യോഗം ചേരുമെന്നാണ് അറിയുന്നത്. ഹർഷിനയുടെ പരാതിയിൽ മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ രണ്ടു ഡോക്ടർമാർ എന്നിവരെ പ്രതിചേർത്താണ് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി അഞ്ചുവർഷം തീരാവേദനയോടെ കഴിയേണ്ടിവന്ന കെ.കെ ഹർഷിന കേരളീയ മനസ്സാക്ഷിയുടെ നോവായിരുന്നു. പന്ത്രണ്ട് സെന്റീമീറ്റർ നീളമുള്ള ആർട്ടറി ഫോർസെപ്‌സെന്ന, ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രികയാണ് ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ അത് തങ്ങളുടെ കത്രികയല്ലെന്ന വിചിത്രവാദത്തിലായിരുന്നു മെഡിക്കൽ കോളജ് അധികൃതർ.
2017 നവംബർ 30നാണ് ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. മൂന്നാമത്തെ പ്രസവമായിരുന്നു. മുമ്പുള്ള രണ്ട് ശസ്ത്രക്രിയകളും താലൂക്ക് ആശുപത്രികളിലായിരുന്നു.
ശസ്ത്രക്രിയക്കുശേഷം ആരംഭിച്ച കഠിന വേദന തുന്നലിട്ടതിൻ്റേത് ആയിരിക്കാമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. എന്നാൽ പിന്നീട് വേദനയും അസ്വസ്ഥതയും കൂടുകയായിരുന്നു. 2022 സെപ്റ്റംബറിൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂത്രസഞ്ചിയിൽ കുത്തിക്കയറിയ നിലയിൽ കത്രിക കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തതും. അപ്പോഴേക്കും വേദനയും ചികിത്സയുടെ സാമ്പത്തിക നഷ്ടവുമെല്ലാം ഹർഷിനയേയും കുടുംബത്തേയും തളർത്തിയിരുന്നു. ബിസിനസടക്കം തകർന്ന് 35 ലക്ഷത്തിലേറെ രൂപയുടെ കടക്കാരുമായി ഷർഹിനയുടെ കുടുംബം.
പതിനായിരങ്ങൾ ദിനേന എത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിക്ക് മുമ്പിൽ നീതി ആവശ്യപ്പെട്ടുള്ള ഹർഷിനയുടെ സമരം വാർത്തയായി. ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ട് നീതിയും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തുവെങ്കിലും എല്ലാം പാഴ്‌വാക്കായി. ആദ്യം സമരം നടത്തിയപ്പോൾ മന്ത്രി നേരിട്ടെത്തി 15 ദിവസത്തിനകം അന്വേഷണം ഉൾപ്പെടെയുള്ള എല്ലാ കാര്യത്തിലും തീരുമാനമെടുക്കുമെന്ന് അറിയിച്ചു. മന്ത്രി ഉറപ്പുനൽകിയ സമയപരിധി കഴിഞ്ഞിട്ടും നടപടിയൊന്നും ഇല്ലാതായപ്പോൾ വീണ്ടും സമരം പ്രഖ്യാപിച്ചപ്പോഴാണ് മന്ത്രിസഭ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും അന്വേഷണവും പ്രഖ്യാപിച്ചത്. അഞ്ചു വർഷം അനുഭവിച്ച യാതനകൾക്ക് ഈ നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കഴിഞ്ഞ മെയ് 22 മുതൽ ഹർഷിന വീണ്ടും അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. സമരത്തെ സർക്കാർ അനുഭാവത്തോടെ കണ്ടിരുന്നില്ലെങ്കിലും 64 -ാം ദിവസം ദുരിതത്തിന് ഉത്തരവാദിയാരെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
അധികൃതരുടെ കൈപ്പിഴയിൽ ഹർഷിന സഹിച്ച വേദനയ്ക്ക് എത്ര നഷ്ടപരിഹാരം നൽകിയാലും അധികമാകില്ല.
അതിലേറെ വേദനയിലേക്ക് സർക്കാർ ഈ വീട്ടമ്മയെ തള്ളിവിടരുത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് ഹർഷിനയുടെ തീരുമാനം. ആരോഗ്യവകുപ്പിന് കീഴിലുള്ള കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു സംഘം ഡോക്ടർമാർക്ക് സംഭവിച്ച കൈപ്പിഴക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ വൈകരുത്. അതിനുള്ള നടപടിക്രമങ്ങൾ സമയബന്ധിതമായി മുമ്പോട്ടു നീങ്ങണം. ഡോക്ടർമാരുടേയും ആതുരശുശ്രൂഷാ രംഗത്തുള്ളവരുടേയും സേവനത്തെ കുറച്ചുകാണുന്നവരല്ല ആരും. അവരുടെ ശരീരത്തിന് ഒരു ചെറിയ പോറൽ പോലുമേൽക്കാതിരിക്കാനുള്ള കരുതൽ നിയമങ്ങൾക്കൊക്കെ ഉറച്ച പിന്തുണ നൽകിയവരാണ് സാധാരണക്കാർ ഉൾപ്പെടെയുള്ളവർ. ഇതേ അവകാശങ്ങളും സംരക്ഷണവും ആശുപത്രി കിടക്കയിലുള്ള രോഗികൾക്കുമുണ്ടെന്ന് ഡോക്ടർസമൂഹവും സർക്കാരും മറന്നുപോകുകയുമരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."