HOME
DETAILS
MAL
താസൂആഅ്, ആശൂറാഅ്; ചരിത്രത്തിലെ അപൂര്‍വ ദിനങ്ങള്‍
backup
July 26 2023 | 14:07 PM
മുഹര്‍റം അല്ലാഹു ആദരിച്ച മാസമാണ്. അതിലെ താസൂആഉം ആശൂറാഉം (ഒന്‍പതും പത്തും) പ്രത്യേകം പവിത്രമാണ്. ചരിത്രത്തില്‍ വിശിഷ്യ സ്ഥാനം മുഹര്‍റം പത്തിനുണ്ട്. അതിനാല്‍ തന്നെ ഈ രണ്ടു ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുള്ള കാര്യം കൂടിയാണ്. ആശൂറാഇന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള നിരവധി കാര്യങ്ങളുണ്ട്. സത്യ, അസത്യ വിവേചനത്തിനും ധര്‍മസംസ്ഥാപനത്തിനും വേണ്ടി മറ്റു ദിവസങ്ങളെ മാറ്റിവച്ച് ഈ ദിവസത്തെ തെരഞ്ഞടുത്തു. ഒരു വിഷയത്തില്‍ മാത്രമല്ല പല സംഭവങ്ങളിലും ആവര്‍ത്തിച്ച് ആ ദിവസത്തെ പരിഗണിച്ചതില്‍ നിന്നും അതിന്റെ പവിത്രത നമുക്ക് ഗ്രഹിക്കാനാകണം. ഇതൊരു കേവല യാദൃച്ഛികത ആയിരുന്നു എങ്കില്‍ അത് ഏതെങ്കിലും ഒരു സംഭവത്തില്‍ മാത്രം ഒതുങ്ങുമായിരുന്നു. അങ്ങനെയല്ല നാം ചരിത്രത്തില്‍ ദര്‍ശിക്കുന്നത്. അതിനാലത് യാദൃച്ഛികത എന്ന് പറഞ്ഞു നിസാരമാക്കാതെ അത് പഠനവിധേയമാക്കാന്‍ നാം തയാറാകണം.
ചരിത്രം കണ്ട ഏറ്റവും വലിയ ധിക്കാരിയും ക്രൂരഭരണാധികാരിയുമായ ഫിര്‍ഔനിന്റെ പതനവും മൂസാ നബി(അ)ന്റെയും സമുദായത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പും മുഹര്‍റം പത്തിലാണ് സംഭവിച്ചത്. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് ദുര്‍ബല വിഭാഗങ്ങളെ ഫിര്‍ഔന്‍ അടിമകളാക്കി. അതിനെതിരേ സത്യവിശ്വാസത്തിന്റെ കരുത്തുറ്റ ചെറുത്തുനില്‍പ്പുമായി മൂസാ നബി(അ) നിലകൊണ്ടു.
വിശ്വാസത്തിന്റെ സംരക്ഷണത്തിനും നിലനില്‍പ്പിനുമായി മൂസാ നബി(അ) പലായനം ചെയ്യുകയാണ്. പക്ഷേ, ഫറോവ മൂസാ നബിയേയും അനുചരന്മാരെയും വെറുതെ വിടാന്‍ ഒരുക്കമല്ലായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിശ്വാസികള്‍ക്ക് മുന്നില്‍ വഴിയടഞ്ഞു, അവര്‍ പരിഭ്രമിച്ചു. മുന്നില്‍ വിശാലമായ ചെങ്കടല്‍. പിന്നില്‍ ഊരിപ്പിടിച്ച വാളുമായി അക്രമണോത്സുകരായി ഫറോവയും കിങ്കരന്മാരും. ഇനി എന്തു ചെയ്യുമെന്ന് ബനീ ഇസ്‌റാഈല്യര്‍ മൂസാ നബിയോടും ഹാറൂന്‍ നബിയോടും ആശങ്കയോടെ ചോദിക്കുകയാണ്. പ്രതിസന്ധികളില്‍ തളരാത്ത പ്രവാചകന്മാര്‍ മൂസാ നബിയും ഹാറൂന്‍ നബിയും അല്ലാഹുവിന്റെ ദിവ്യസന്ദേശത്തിനായി കാത്തിരുന്നു. അധികം താമസിയാതെ അല്ലാഹുവിന്റെ സന്ദേശം ഹസ്രത്ത് മൂസാ നബിയിലേക്ക് എത്തുന്നത്.
'തത്സമയം താങ്കളുടെ വടി കൊണ്ട് കടലില്‍ അടിക്കുക എന്ന് മൂസാ നബിക്കു നാം സന്ദേശം നല്‍കി. അടിച്ചപ്പോള്‍ അതു പിളരുകയും ഓരോ കടല്‍പാളിയും ഭീമന്‍ മലപോലെയാവുകയും മൂസാ നബിയെയും കൂടെയുള്ളവരെയത്രയും നാം രക്ഷിക്കുകയും ഫറോവാ സംഘത്തെ അതിനു സമീപമെത്തിക്കുകയും പിന്നെയവരെ മുക്കിക്കൊല്ലുകയുമുണ്ടായി '(വിശുദ്ധ ഖുര്‍ആന്‍, ശുഅറാഅ് 26:63,66).
മൂസാ നബിയുടെ വടി കൊണ്ട് ചെങ്കടലില്‍ അടിച്ചപ്പോള്‍, സമുദ്രം പിളര്‍ന്നു, ഇസ്‌റാഈല്യരുടെ 12 ഗോത്രങ്ങള്‍ മൂസാ നബിയുടെയും ഹാറൂന്‍ നബിയുടെയും നേതൃത്വത്തില്‍ മുന്നോട്ടു ഗമിച്ചു. ഈ രംഗം ഫറോവയുടെ സൈന്യത്തെ പോലും അമ്പരപ്പിച്ചെങ്കിലും അവരെ പിന്മാറാന്‍ ഫറോവ അനുവദിച്ചില്ല. ഇത് തന്റെ ശക്തിയാണെന്നും ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു ഫിര്‍ഔനിന്റെ ഭാഷ്യം. ഫറോവയും കിങ്കരന്മാരും കടലില്‍ ഇറങ്ങുമ്പോള്‍, ഇസ്‌റാഈല്യര്‍ കടലിന്റെ മധ്യഭാഗത്തായിരുന്നു. അവര്‍ കടല്‍ കടന്നു അക്കരെ എത്തിയപ്പോള്‍, ഫറോവയും സംഘവും മധ്യഭാഗത്തും. ഉടന്‍ കടല്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങാന്‍ തുടങ്ങി.
അവസാനം മുങ്ങിച്ചാകാന്‍ അടുത്തരംഗത്ത് ഫറോവ ഇങ്ങനെ വിലപിക്കുന്നുണ്ട്, ഇസ്‌റാഈല്യര്‍ ഏതൊരു ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നുവോ അവനല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് ഞാനിതാ വിശ്വസിച്ചിരിക്കുന്നു എന്ന്. അല്ലാഹു ചോദിച്ചു: ഇപ്പോഴാണോ നീ വിശ്വസിക്കുന്നത്? ഇക്കാലമത്രയും ധിക്കരിക്കുകയും വിനാശകാരികളുടെ ഗണത്തിലാവുകയുമാണല്ലോ നീ ചെയ്തത്! അതുകൊണ്ട് പിന്‍ഗാമികള്‍ക്ക് ദൃഷ്ടാന്തമായിരിക്കേണ്ടതിനു ഈ ലോകത്ത് നിന്റെ ജഡം നാം സുരക്ഷിതമാക്കും! നിശ്ചയം മനുഷ്യരില്‍ ഒട്ടേറെ പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്താശൂന്യര്‍ തന്നെയത്രേ. വിശുദ്ധ ഖുര്‍ആന്‍ സൂറത്തു യൂനുസ് 90, 92 ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. ഈജിപ്തിലെ റോയല്‍ മ്യൂസിയത്തില്‍ ഫറോവയുടെ ജഡം ഇന്നും സൂക്ഷിച്ചിരിക്കുന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കാം.
മഹാജലപ്രളയത്തില്‍നിന്ന് രക്ഷപ്പെടാന്‍ കപ്പല്‍ കയറിയ നൂഹ് നബി (അ)യും സംഘവും കപ്പലിറങ്ങിയതും മുഹര്‍റം പത്തിനായിരുന്നു (ഇമാം ബൈഹഖി). കൂടാതെ സ്വര്‍ഗം, നരകം, ഖലം, അര്‍ശ്, ലൗഹുല്‍മഹ്ഫൂള് തുടങ്ങിയവയെല്ലാം സൃഷ്ടിക്കപ്പെട്ടുതും മുഹര്‍റം പത്തിനാണ്. ആദം നബി(അ)മിന്റെ തൗബ അല്ലാഹു സ്വീകരിച്ചു, ഇബ്‌റാഹീം നബി(അ)നെ നമ്രൂദിന്റെ തീയില്‍നിന്ന് രക്ഷപ്പെടുത്തി, മൂസാ നബി(അ)ന് തൗറാത്ത് അവതീര്‍ണമായി, യൂസുഫ് നബി(അ) ജയില്‍മോചിതനായി, യഅ്ഖൂബ് നബി(അ)യുടെ കാഴ്ച തിരിച്ചുലഭിച്ചു, അയ്യൂബ് നബി(അ)ന് ആരോഗ്യം തിരിച്ചുകിട്ടി, സുലൈമാന്‍ നബി(അ) ലോകചക്രവര്‍ത്തിയായി, യൂനുസ് നബി(അ) മത്സ്യത്തിന്റെ ഉദരത്തില്‍ നിന്ന് രക്ഷപ്പെട്ടു, ആദ്യമായി മഴ വര്‍ഷിച്ചു തുടങ്ങിയ സംഭവങ്ങളെല്ലാം ഇതേ ദിവസം തന്നെ (ഇആനത്ത് 2266). തിരുനബിയുടെ പൗത്രനും അലി(റ)വിന്റെയും ഫാത്വിമ(റ)യുടെയും മകനും ലോകമുസ്‌ലിംകളുടെ നേതാവുമായ ഹുസൈന്‍(റ) നിഗൂഢ തന്ത്രങ്ങളില്‍പ്പെട്ട് ഖര്‍ബലയില്‍ ദാരുണമായി കൊല്ലപ്പെട്ടത് ഇതേ ദിവസമാണ് (ഇമാം ത്വബ്‌റാനി). എന്നാല്‍ ഇതുമായി ബന്ധപ്പെട് ശീഇകള്‍ നടത്തുന്ന അനാചാരങ്ങള്‍ക്ക് മതത്തില്‍ ഒരു വിധത്തിലുള്ള പിന്തുണയും ഇല്ലാത്തതാണ്.
സുന്നത്തു നോമ്പുകളില്‍ അതിപ്രധാന നോമ്പാണ് മുഹര്‍റം പത്തിലെ നോമ്പ്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 'ദിവസങ്ങളുടെ കൂട്ടത്തില്‍ മുഹര്‍റം പത്തിലും മാസങ്ങളുടെ കൂട്ടത്തില്‍ റമദാനിലുമാണ് നബി(സ്വ) ഏറെ നിര്‍ബന്ധബുദ്ധിയോടെ നോമ്പനുഷ്ഠിക്കുന്നതായി ഞാന്‍ കണ്ടത്'(സ്വഹീഹുല്‍ ബുഖാരി). ആശൂറാഅ് ദിനത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കല്‍ ഏറെ പുണ്യമുള്ള കര്‍മമാണ്. സാധാരണഗതിയില്‍ ഭക്ഷണത്തില്‍ മിതത്വം പാലിക്കുകയാണ് വേണ്ടത്, എന്നാല്‍ അതിഥി സല്‍ക്കാര വേളയിലും സവിശേഷ ദിനങ്ങളിലും ഭക്ഷണത്തില്‍ സുഭിക്ഷത നല്‍കല്‍ സുന്നത്താണ് (തര്‍ശീഹ്).
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: പ്രവാചകര്‍(സ) മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജൂതന്മാര്‍ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: 'ഇന്നേ ദിവസമാണ് മൂസാ നബിയെയും ബനൂഇസ്‌റാഈല്യരെയും ഫിര്‍ഔനിന്റെ കരങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയത്. അതുകൊണ്ട് ആ ദിവസത്തെ ആദരിച്ച് ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നു'. അപ്പോള്‍ നബി(സ) പറഞ്ഞു: 'ഞങ്ങളാണ് നിങ്ങളേക്കാള്‍ മൂസാ നബി(അ)യുമായി അടുപ്പമുള്ളവര്‍'. അങ്ങനെ ആ ദിവസം നോമ്പനുഷ്ഠിക്കാന്‍ നബി(സ) കല്‍പ്പിക്കുകയും ചെയ്തു (സ്വഹീഹുല്‍ ബുഖാരി). ഈ ഹദീസ് അടിസ്ഥാനമാക്കിയാണ് മുഹര്‍റം ഒന്‍പത് (താസൂആഅ്) ദിനത്തിലും നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ടെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.
അല്ലാഹു ആദരിച്ച മാസങ്ങളെയും ദിവസങ്ങളെയും സമയങ്ങളെയും ആദരിക്കല്‍ വിശ്വാസിയുടെ കടമയാണ്. ആ ദിവസങ്ങളില്‍ നാം അകപ്പെട്ട കൊവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ പ്രത്യേകം പ്രാര്‍ഥനാ നിരതരാകേണ്ടതുണ്ട്. അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ അത് മുതലാക്കി സ്രഷ്ടാവിലേക്ക് അടുക്കാന്‍ നമുക്ക് സാധിക്കട്ടെ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."