കനത്ത ചൂടിൽ കുവൈത്ത്; വരും ആഴ്ചയിൽ ചൂട് അതികഠിനം, ഇന്ന് പൊടിക്കാറ്റിന് സാധ്യത
കനത്ത ചൂടിൽ കുവൈത്ത്; വരും ആഴ്ചയിൽ ചൂട് അതികഠിനം, ഇന്ന് പൊടിക്കാറ്റിന് സാധ്യത
കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത ചൂട് തുടരും. ഇന്ന് പകൽ സമയത്ത് താപനില 46 മുതൽ 48 ഡിഗ്രി വരെയായിരിക്കുമെന്ന് കുവൈത്ത് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ ചൂട് തന്നെ വരും ആഴ്ചയും തുടരുമെന്നാണ് കണക്കാക്കുന്നത്. ഇന്ന് പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് പകൽ വീശാൻ സാധ്യതയുള്ള കാറ്റ് പൊടിപടലങ്ങൾക്കിടയാക്കുമെന്ന് കുവൈത്ത് കാലാവസ്ഥ വകുപ്പ് മറൈൻ പ്രവചന വിഭാഗം മേധാവി യാസർ അൽ ബ്ലൗഷി പറഞ്ഞു. പ്രവചനമനുസരിച്ച്, രാത്രിയിൽ പൊതുവെ ചൂടിന് ശമനമുണ്ടാകും. 32 മുതൽ 35 ഡിഗ്രി വരെയാകും ഇന്നത്തെ രാതിയിലെ ചൂട്.
വരും ആഴ്ചയും കുവൈത്തിൽ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ശനിയാഴ്ച പകൽ സമയത്ത് ചൂട് 47 മുതൽ 49 ഡിഗ്രി വരെയാകും. മിർസാം സീസണിന് തുടക്കമാകുന്നതോടെ ചൂട് അതിന്റെ പാരമ്യത്തിലെത്തും. താപനില ഏറ്റവും ഉയർന്ന് നിൽക്കുന്ന സമയമാണ് മിർസാം സീസൺ. ഇത് അവസാനിക്കുന്നതോടെ വേനൽക്കാലത്തിന് വിരാമമാകും.
അതേസമയം, വരും ആഴ്ചയിൽ തീരപ്രദേശങ്ങൾ താരതമ്യേന ഈർപ്പമുള്ളതായിരിക്കും, വടക്കുപടിഞ്ഞാറൻ കാറ്റ്, തെക്കുകിഴക്കൻ കാറ്റ് എന്നിവ ശക്തിപ്രാപിക്കും. ഇത് ചൂട് കാറ്റായിട്ടാകും എത്തും. കൂട്ടത്തിൽ പൊടിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."