ആ ചോദ്യത്തിന് രമേശ്വറിന് ഉത്തരമുണ്ടായിരുന്നില്ല, അയാള്‍ക്ക് മാത്രമല്ല സാധാരണക്കാരായ എല്ലാ ഇന്ത്യക്കാര്‍ക്കും; വൈറലായി ആസാദ്പൂരിലെ വ്യാപാരിയുടെ അഭിമുഖം
ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റത്തിന്റെ രൂക്ഷത സാധാരണക്കാരെ എത്രമാത്രം പ്രയാസത്തിലാക്കുന്നുവെന്ന് തെളിയിക്കുകയാണ് രമേശ്വര്‍ എന്ന ഡല്‍ഹിയിലെ വ്യാപാരിയുമായുള്ള മാധ്യമപ്രവര്‍ത്തകന്റെ അഭിമുഖം. രാജ്യതലസ്ഥാനനഗരിയിലെ പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ആസാദ്പൂരില്‍ വിലക്കയറ്റത്തെ കുറിച്ചുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങിനെത്തിയപ്പോഴാണ് ഹിന്ദി ചാനലിന്റെ ലേഖകന്‍ രമേശ്വറിനെ കണ്ടത്.
കാലിയായ ഉന്തുവണ്ടിക്ക് സമീപത്തിരുന്ന രമേശ്വറിനോട് വിലക്കയറ്റം എങ്ങിനെയെല്ലാമാണ് വ്യാപാരത്തെ ബാധിച്ചതെന്ന് ചോദിച്ചാണ് അഭിമുഖം തുടങ്ങിയത്.
''..തക്കാളി വാങ്ങാനാണ് ഇവിടെ എത്തിയത്. എന്നാല്‍ കൂടിയ വില അറിഞ്ഞതോടെ വാങ്ങാന്‍ ധൈര്യപ്പെട്ടില്ല. തക്കാളിക്ക് ഇന്ന് വില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തക്കാളി വാങ്ങിയില്ല. 120 ഉം 140 ഉം രൂപ കൊടുത്ത് തക്കാളി വാങ്ങി വില്‍പ്പനനടത്തിയാല്‍ ലാഭമുണ്ടാകില്ല.''- രമേശ്വര്‍ പറഞ്ഞു.
കാലിയായ ഉന്തുവണ്ടി ചൂണ്ടി ഇതില്‍ ഒന്നുമില്ലല്ലോ ? ഒന്നും വാങ്ങാതെയാണോ മടക്കം? തക്കാളിക്ക് പകരം വേറെ എന്തെങ്കിലും വാങ്ങുന്നുണ്ടോ എന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.
എന്നാല്‍ ഇതിന് രമേശ്വറിന് മറുപടിയുണ്ടായിരുന്നില്ല. ഉത്തരം പറയാന്‍ അയാള്‍ക്ക് വാക്കുകള്‍ ഇല്ലായിരുന്നു. ഏതാനും സെക്കന്‍ഡ് നേരം രമേശ്വര്‍ മൗനം പാലിച്ചു. ഇടത്തേക്കും വലത്തേക്കും ദൂരേക്കും കണ്ണ് പായിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ രമേശ്വറിന്റെ കണ്ണുനിറഞ്ഞു. തോളിലിരുന്ന തോര്‍ത്ത് കൊണ്ട് രമേശ്വര്‍ കണ്ണുതുടച്ചു. ഈ സമയമത്രയും രമേശ്വറിന് നേരെ മൈക്ക് പിടിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ഇടറിയ ശബ്ദത്തില്‍ രമേശ്വര്‍ സംസാരം തുടര്‍ന്നു. ''… ജഹാന്‍ഗീര്‍പുരിയിലാണ് ജീവിക്കുന്നത്. 4,000 രൂപയാണ് ഇവിടെ പ്രതിമാസ വാടക. എന്നാലിപ്പോള്‍ ഒരുദിവസം 100 രൂപപോലും ലഭിക്കുന്നില്ല.''.! ഇത്രയും പറഞ്ഞതോടെ വീണ്ടും നിശബ്ദതയായി.
മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ച ശേഷം കാലിയായ ഉന്തുവണ്ടിയുമായി രമേശ്വര്‍ ഒന്നും വാങ്ങാതെയാണ് ആ മാര്‍ക്കറ്റില്‍നിന്ന് പുറത്തുപോയത്. രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ ഈ വിഡിയോ പങ്കുവവച്ചിട്ടുണ്ട്. ഇതാണ് ഇന്ത്യയിലെ സാധാരണക്കാരന്റെ അവസ്ഥയെന്നും വിലക്കയറ്റം അത്രയും സാധാരണക്കാരെ പ്രയാസത്തിലാക്കിയിട്ടുണ്ടെന്നും തങ്ങളുടെ ദുരവസ്ഥ വിവരിക്കാന്‍ പോലും വാക്കുകളില്ലെന്നും വിഡിയോ പങ്കുവച്ചവര്‍ പറയുന്നു.
देश को दो वर्गों में बांटा जा रहा है!
— Rahul Gandhi (@RahulGandhi) July 28, 2023
एक तरफ सत्ता संरक्षित ताकतवर लोग हैं जिनके इशारों पर देश की नीतियां बन रही हैं।
और दूसरी तरफ है आम हिंदुस्तानी, जिसकी पहुंच से सब्ज़ी जैसी बुनियादी चीज़ भी दूर होती जा रही है।
हमें अमीर-गरीब के बीच बढ़ती इस खाई को भर, इन आंसुओं को पोंछना… pic.twitter.com/zvJb0lZyyi
The vegetable seller who reached Azadpur Mandi to buy tomatoes returned empty, could not buy tomatoes so expensive
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."