മോദിക്കാലത്ത് സത്യസന്ധത ആരോഗ്യത്തിന് ഹാനികരം
യു.എം മുഖ്താര്‍
എല്ലാ സത്യവും എപ്പോഴും വിളിച്ചുപറയരുതെന്ന പഴമൊഴി നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ദേശീയവല്‍ക്കരിക്കപ്പെട്ട തത്വമാണ്. മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് മുതല്‍ ഒടുവില്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപുലേഷന്‍ സയന്‍സസ്(ഐ.ഐ.പി.എസ്) ഡയരക്ടര്‍ ഡോ. കെ.എസ് ജെയിംസ് വരെ അങ്ങനെ സത്യം വിളിച്ചുപറഞ്ഞതിന്റെ ഇരകളാണ്. ഗുജറാത്ത് കലാപത്തിലെ ആസൂത്രണവും ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളില്‍ നരേന്ദ്രമോദി ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതുമായ കുറേയധികം ഘടകങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നതിനാണ് ഭട്ട് വേട്ടയാടപ്പെടുന്നതെന്ന് പലതവണ ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികൂടിയായ ഡോ. കെ.എസ് ജെയിംസിനെ ലക്ഷ്യവച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെക്കുറിച്ച് വലിയ ചര്‍ച്ചകളോ വാര്‍ത്തകളോ ആയില്ല. ഐ.ഐ.പി.എസ് ഡയരക്ടറായ ജെയിംസിനെ അച്ചടക്ക നടപടിയുടെ പേരിലാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നിയമനക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍, ജെയിംസിന്റെ കാലത്ത് ക്രമക്കേട് നടന്നെന്ന് കണ്ടെത്താന്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്ന് പ്രത്യേക സമിതികള്‍ക്കും കഴിഞ്ഞിട്ടില്ല. ഹാര്‍വാര്‍ഡ് സെന്റര്‍ ഫോര്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റില്‍ നിന്ന് പോസ്റ്റ്ഡോക്ടറല്‍ ബിരുദം നേടിയ കോട്ടയം സ്വദേശി ജെയിംസ്, 2018 ലാണ് ഐ.ഐ.പി.എസ് മേധാവിയായി നിയമിതനായത്. നേരത്തെ, ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെ.എന്‍.യു)യില്‍ ജനസംഖ്യാ പഠനത്തിന്റെ അധ്യാപകനായിരുന്നു.
കെ.എസ് ജെയിംസിന്റെ 'കുറ്റം'
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'വെളിയിട വിസര്‍ജനരഹിത ഇന്ത്യ' എന്ന മുദ്രാവാക്യമുള്‍പ്പെടെ കണക്കുകള്‍വച്ച് തെറ്റെന്ന് തെളിയിക്കുന്ന അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍.എഫ്.എച്ച്.എസ് 5) തയാറാക്കിയ ഐ.ഐ.പി.എസ് ഡയരക്ടര്‍ ഡോ. ജെയിംസിന്റെ നടപടി മോദിക്കാലത്ത് 'ഗുരുതര കുറ്റകൃത്യം' ആണല്ലോ. തുറസായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം രാജ്യത്തുനിന്ന് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തെന്നായിരുന്നു മോദി സര്‍ക്കാരിന്റെ വാദം. എന്നാല്‍ രാജ്യത്ത് 19 ശതമാനം കുടുംബങ്ങള്‍ക്കും ശൗചാലയങ്ങള്‍ ഉപയോഗിക്കാനുള്ള സാഹചര്യമില്ലെന്നും ലക്ഷദ്വീപ് ഒഴികെ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ സംസ്ഥാനത്തെയോ 100 ശതമാനം ജനങ്ങള്‍ക്കും ശൗചാലയങ്ങള്‍ ഉപയോഗിക്കാനുള്ള സാഹചര്യം ഇല്ലെന്നുമായിരുന്നു സര്‍വേയിലെ കണ്ടെത്തല്‍. വിളര്‍ച്ചാരോഗം കുറയ്ക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, കുട്ടികളില്‍ രോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് സര്‍വേ കണ്ടെത്തിയത്. ഗ്രാമങ്ങളിലുള്‍പ്പെടെ പാചകവാതക കണക്ഷന്‍ സമ്പൂര്‍ണമാക്കിയെന്ന 'ഉജ്ജ്വല യോജന'യുടെ അവകാശവാദങ്ങളിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയ സര്‍വേ, രാജ്യത്തെ 40 ശതമാനത്തിലധികം കുടുംബങ്ങള്‍ക്ക് ശുദ്ധ പാചകവാതക ഇന്ധനം ലഭ്യമല്ലെന്ന് അടിവരയിട്ടിരുന്നു.
പാവപ്പെട്ടവര്‍ക്ക് പാചകവാതകം സബ്സിഡിയായി നല്‍കുന്നതിനുവേണ്ടി തങ്ങളുടെ സബ്സിഡി വേണ്ടെന്നുവയ്ക്കുന്നവരുടെ എണ്ണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കോടികള്‍ മുടക്കി പരസ്യം നല്‍കുന്നുണ്ട്. അപ്പോഴാണ് രാജ്യത്തെ 40 ശതമാനം കുടുംബങ്ങള്‍ക്ക് ഇപ്പോഴും എല്‍.പി.ജി കണക്ഷന്‍ പോലും ഇല്ലെന്ന സര്‍വേ കണക്കുകള്‍വച്ച് ഡോ. ജെയിസിന്റെ മേല്‍നോട്ടത്തില്‍ ഐ.ഐ.പി.എസ് റിപ്പോര്‍ട്ട് തയാറാക്കിയത്. കേന്ദ്രസര്‍ക്കാരിന് ജെയിംസ് ഒരു 'ടാര്‍ഗറ്റ്' ആവാന്‍ ഇത് മതിയായ കാരണമാണ്. ജനസംഖ്യാ പഠനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാന സ്ഥാപനമായ മുംബൈയിലെ ഐ.ഐ.പി.എസ് ആണ് വര്‍ഷങ്ങളായി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ കുടുംബാരോഗ്യ സര്‍വേ നടത്തുന്നത്.
സത്യം ഇഷ്ടമല്ലാത്ത സര്‍ക്കാര്‍
രാജ്യത്തെ ജനങ്ങളെയും സാമൂഹിക യാഥാര്‍ഥ്യങ്ങളെയും കുറിച്ചുള്ള കൃത്യമായ പഠനങ്ങള്‍ പുറത്തുവരാതിരിക്കാനും അവ മൂടിവയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ മുമ്പ് ഒന്നിലധികം തവണ വിവാദമായതാണ്. 2019 ജനുവരിയില്‍ രാജ്യത്തെ തൊഴില്‍രഹിതരെക്കുറിച്ചുള്ള സര്‍വേ വിവരങ്ങള്‍ അവ പൂര്‍ത്തിയായിട്ടും പുറത്തുവിടാതെ മൂടിവയ്ക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പിന്നീട് പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞാണ് സര്‍വേ പുറത്തുവിട്ടത്. ഇത് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ അംഗങ്ങളുടെ രാജിയിലാണ് കലാശിച്ചത്. സ്റ്റാസ്റ്റിക്കല്‍ ബോഡിയുടെ ആക്ടിങ് ചെയര്‍മാന്‍ പി.സി മോഹനന്‍ അടക്കമുള്ളവരാണ് അന്ന് കേന്ദ്രസര്‍ക്കാരിന്റെ നടപടിയോട് വിയോജിച്ച് രാജിവച്ചത്.
ഓരോ പത്തുവര്‍ഷം കൂടുന്തോറുമുള്ള സെന്‍സസ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല. 150 വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് സെന്‍സസ് നടപടികള്‍ മാറ്റിവയ്ക്കുന്നത്. കാരണം, മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ പോകുന്ന ഇന്ത്യയിലെ സാധാരണക്കാരുടെ ജിവിത യാഥാര്‍ഥ്യങ്ങള്‍ പുറത്തറിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പൗരന്‍മാരുടെ പച്ചയായ ജീവിതവും സാമൂഹിക പരിസരവും ഒരിക്കലും പുറത്തുവരാതിരിക്കാനും അവ മൂടിവയ്ക്കാനും കോടികളാണ് പരസ്യ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. മുംബൈയില്‍ ജി 20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിന് മുന്നോടിയായി ചേരികള്‍ കൂറ്റന്‍ സീറ്റുകള്‍ ഉപയോഗിച്ച് മറച്ചുവച്ച ഭരണകൂടമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."