ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാകും, ജനന മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധം; ഭേദഗതി ബില്ലിന് ലോക്‌സഭയില്‍ അംഗീകാരം
ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാകും, ജനന മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധം; ഭേദഗതി ബില്ലിന് ലോക്‌സഭയില്‍ അംഗീകാരം
ന്യൂഡല്‍ഹി : ജനന സര്‍ട്ടിഫിക്കറ്റിനെ അടിസ്ഥാന രേഖയായി കണക്കാക്കുന്ന നിയമ ഭേദഗതി ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, സര്‍ക്കാര്‍ ജോലി, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍, വോട്ടര്‍പട്ടിക, വിവാഹ രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ തുടങ്ങിയവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കുന്ന ജനന, മരണ രജിസ്‌ട്രേഷന്‍ ബില്ലാണ് ലോക്‌സഭ പാസാക്കയത്. 1969ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യാനുള്ളതാണ് ബില്‍. ഇതനുസരിച്ച്, ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാനന്‍ ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാകും. ബില്‍ നിയമമായശേഷം ജനിച്ചവര്‍ക്കാണ് ഇത് ബാധകം.
ഇതോടെ രാജ്യത്തെ ജനനമരണ രജിസ്‌ട്രേഷന് അച്ഛനമ്മമാരുടെ ആധാര്‍ നിര്‍ബന്ധമാവും. നിലവില്‍ 93 ശതമാനം ജനനങ്ങള്‍മാത്രമേ രജിസ്റ്റര്‍ ചെയ്യുന്നുള്ളൂ. മരണങ്ങളാകട്ടെ 92 ശതമാനവും. രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കി ജനനമരണങ്ങള്‍ക്ക്, ദേശീയസംസ്ഥാന തലത്തില്‍ ഡേറ്റാബേസുകള്‍ തയ്യാറാക്കുകയാണ് ജനനമരണ (ഭേദഗതി2023) രജിസ്‌ട്രേഷന്‍ ബില്ലിന്റെ പ്രധാന ലക്ഷ്യം.
'ഈ ബില്ലില്‍ ഇനി ഒരു സംശയവുമില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ കാലതാമസം വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒരു ഡിജിറ്റല്‍ ഡാറ്റാബേസ് തയ്യാറാക്കുന്നതിനായാണ് ഇത് കൊണ്ടുവന്നത്. പൊതുജനാഭിപ്രായം ആരായുകയും അവരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്', കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
ജനനമരണ രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന്റെ ചുമതലക്കാരനായി ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കും. രജിസ്‌ട്രേഷനുകളുടെ നിര്‍ദിഷ്ട ദേശീയ ഡാറ്റാ ബേസ് ഉപയോഗിച്ച് വ്യക്തികളുടെ പേരിലുള്ള ഭൂമി രജിസ്‌ട്രേഷനുകളും പുതുക്കാന്‍ വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി.
ബില്ലിലെ പ്രധാന വ്യവസ്ഥകള്‍
ജനനമരണ രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന്റെ ചുമതലക്കാരനായി ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കും.
- കുട്ടി ജനിക്കുമ്പോള്‍ അച്ഛനമ്മമാരുടെ ആധാര്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയാകണം ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കേണ്ടത്. ജനന വിവരങ്ങള്‍ ആശുപത്രിയധികൃതര്‍ രജിസ്ട്രാറെ അറിയിക്കണം.
- ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാനായില്ലെങ്കില്‍ നിശ്ചിത ഫീസോടെയും ജില്ലാ രജിസ്ട്രാറുടെ കത്തോടെയും പിന്നീടു ചെയ്യാം.
- വിദ്യാഭ്യാസ കാര്യങ്ങള്‍, തിരഞ്ഞെടുപ്പ് കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍, ജോലി ആവശ്യങ്ങള്‍, വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്കുള്ള പ്രായനിര്‍ണയത്തിന് പ്രധാന തിരിച്ചറിയല്‍ രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്.
- ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വ്യക്തിക്ക് വോട്ടുചെയ്യാനാകില്ല. സ്‌കൂള്‍ പ്രവേശനം, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിക്കല്‍ എന്നിവ സാധിക്കില്ല.
*പ്രായനിര്‍ണയത്തിന് പ്രധാന തിരിച്ചറിയല്‍ രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്
- ആശുപത്രിയില്‍നിന്ന് മരിച്ചയാളുടെ ബന്ധുവിന് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോള്‍ അതിന്റെ ഒരു പകര്‍പ്പ് രജിസ്ട്രാര്‍ക്കും നല്‍കണം. മരണം വീട്ടിലാണെങ്കില്‍ ബന്ധുക്കള്‍ രജിസ്ട്രാറെ അറിയിക്കണം.
- ജനസംഖ്യാ രജിസ്റ്റര്‍, തിരഞ്ഞെടുപ്പ് പട്ടിക, റേഷന്‍കാര്‍ഡ് തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ രജിസ്ട്രാര്‍ ജനറലിന്റെ പക്കലുള്ള ഈ ഡേറ്റാബേസ് ഉപകാരപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."