ഷംസീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം; അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും: എന്‍.എസ്.എസ്
ചങ്ങനാശ്ശേരി: ഷംസീര്‍ വിഷയത്തിലെ നിലവിലെ പ്രതികരണങ്ങള്‍ വിശ്വാസികളുടെ വേദനക്ക് പരിഹാരമല്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പുമായി വീണ്ടും എന്‍.എസ്.എസ്. സി.പി.എം സംസ്ഥാന സെക്രടറി എം.വി. ഗോവിന്ദന്റെയും സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെയും വാര്‍ത്താസമ്മേളനങ്ങളിലെ പ്രതികരണത്തിന് ശേഷം എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും ജന. സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണപതിയെ സംബന്ധിച്ച് നിയമസഭാസ്പീക്കര്‍ ഷംസീറിന്റെ തെറ്റായ പരാമര്‍ശങ്ങള്‍ക്കെതിരെ എന്‍.എസ്.എസ്. പ്രതികരിച്ചിരുന്നു. സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല, വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുംവിധം നടത്തിയ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പു പറയണം. അല്ലാത്തപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് എന്‍.എസ്.എസ്. ഉന്നയിച്ചിരുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ ഷംസീര്‍ മാപ്പു പറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ല, തിരുത്തേണ്ട ഒരു കാര്യവും ഇതിലില്ല, ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ് എന്ന പ്രതികരണമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറിയില്‍ നിന്നും ഉണ്ടായത്. പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായി മാത്രമേ ഇതിനെ വിശ്വാസികള്‍ കാണുന്നുള്ളൂ. പ്രസ്തുത വിഷയത്തില്‍ സ്പീക്കറുടെ വിശദീകരണവും വെറും ഉരുണ്ടുകളി മാത്രമായിരുന്നു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനക്ക് പരിഹാരമാകുന്നില്ല, ഇനിയും അറിയേണ്ടത് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാടെന്താണെന്നാണ്. സര്‍ക്കാര്‍ നിലപാടും ഇതേ രീതിയിലാണെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് സമാധാനപരവും പ്രായോഗികവുമായ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടതായി വരുമെന്ന് എന്‍.എസ്.എസ് വ്യക്തമാക്കുന്നു.
Content Highlights: nss press release in shamseer issue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."