മണിപ്പൂരിന് പിന്നാലെ കത്തിയെരിഞ്ഞ് ഹരിയാന
ഹരിയാനയിലെ നൂഹിൽ തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപം ഗുരുഗ്രാമിലേക്ക് പടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയുടെ പടിവാതിൽക്കലെത്തി നിൽക്കുന്നു. മണിപ്പൂർ അണയാതെ കത്തിക്കൊണ്ടിരിക്കെയാണ് ആറുപേർ കൊല്ലപ്പെട്ട മറ്റൊരു കലാപം. ജി 20 അധ്യക്ഷപദവി വഹിക്കുകയാണ് ഇന്ത്യ. അടുത്ത മാസം ഒൻപതിന് ജി 20 ഉച്ചകോടി നടക്കുന്നത് ഡൽഹിയിലാണ്. 20 രാജ്യത്തലവൻമാരെ സുരക്ഷിതമായി സ്വീകരിക്കേണ്ടതിന് ഒരു മാസം മുമ്പാണ് തലസ്ഥാനത്തിന് തൊട്ടടുത്ത് വർഗീയ കലാപം. എന്തായിരിക്കും ഈ കലാപം അന്താരാഷ്ട്ര സമൂഹത്തിന് നൽക്കുന്ന സന്ദേശമെന്നെങ്കിലും ആലോചിക്കേണ്ടതാണ്.
ഇന്ത്യയിൽ നടക്കുന്ന ഓരോ സംഭവവും അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട്. കലാപങ്ങളെ രാഷ്ട്രീയപ്രവർത്തനമാക്കി മാറ്റിയാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. അധികാരത്തിൽ നിലനിൽക്കാൻ ശ്രമിക്കുന്നതും ഇതേ തത്വത്തിലാണ്. തെരഞ്ഞെടുപ്പ് കാലം വർഗീയ കലാപങ്ങളുടെയും സാമൂഹിക ധ്രുവീകരണങ്ങളുടെയും വേദിയാകുന്നത് ഇപ്പോൾ ആരും ആശ്ചര്യത്തോടെ കാണാറില്ല. എന്നാൽ ലോകസമൂഹം കാണുന്നത് അങ്ങനെയല്ല. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന് രാഹുൽ ഗാന്ധി ലണ്ടനിൽ പ്രസംഗിക്കുമ്പോഴല്ല, രാജ്യം ലോകത്തിന് മുന്നിൽ ഇങ്ങനെ കത്തിയെരിഞ്ഞ് നിൽക്കുമ്പോഴാണ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ നാണം കെടുന്നത്.
എന്താണ് ഹരിയാന കലാപത്തിന് പിന്നിലെന്ന് ഇഴകീറി പരിശോധിക്കേണ്ട സമയമാണ്. തിങ്കളാഴ്ച നൂഹിൽ വിശ്വഹിന്ദുപരിഷത്ത് നടത്തിയ മുസ് ലിംകൾക്കെതിരായ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടുള്ള യാത്രക്കു നേരെ മുസ് ലിം പ്രദേശങ്ങളിൽനിന്ന് കല്ലേറുണ്ടായതാണ് സംഘർഷം തുടങ്ങാനിടയാക്കിയത്. സംഘർഷമുണ്ടാകുമെന്ന് ഉറപ്പായിട്ടും, നൂഹിന് വർഗീയ സംഘർഷങ്ങളുടെ ചരിത്രമുണ്ടായിട്ടും യാത്ര മുസ് ലിം പ്രദേശങ്ങളിലൂടെ കടന്നുപോകാൻ സർക്കാർ അനുമതി നൽകി. നൂഹ് ജനസംഖ്യയിൽ 79.2 ശതമാനവും മുസ് ലിംകളാണ്. നാഷണൽ കാപ്പിറ്റൽ റീജിയനിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ല കൂടിയാണിത്.
വിശ്വഹിന്ദു പരിഷത്തിന്റെ യാത്ര സംഘടിപ്പിച്ചവരിലൊരാൾ മോനു മനേശ്വറെന്ന പേരിൽ അറിയപ്പെടുന്ന മൊഹിത് യാദവെന്ന ക്രിമിനലാണ്. പശുക്കടത്താരോപിച്ച് നാസിർ, ജുനൈദ് എന്നീ യുവാക്കളെ രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് ഹരിയാനയിലെ ഭീവാനിയിലേക്ക് തട്ടിക്കൊണ്ടുപോയി കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ് മോനു.
ഫെബ്രുവരി 16ന് നടന്ന സംഭവത്തിൽ മോനുവിനെ അറസ്റ്റ് ചെയ്യാൻ പൊലിസ് ഒന്നും ചെയ്തില്ല. ഇതിന്റെ പേരിൽ മുസ് ലിംകൾ രോഷാകുലരാണ്. സമാനമായ നിരവധി കേസുകൾ അയാളുടെ പേരിൽ വേറെയുമുണ്ട്. എന്നിട്ടും മോനു പൊലിസിന്റെ കൺമുന്നിലുണ്ട്. റാലിയുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കുന്ന രണ്ടു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മുസ് ലിം പ്രദേശങ്ങളിലൂടെ വരാൻ പോകുകയാണെന്നും ധൈര്യമുണ്ടെങ്കിൽ തടയാനുമായിരുന്നു വെല്ലുവിളി.
ജൂലൈ 30ന് ബിട്ടു ബജ്‌റംഗിയെന്ന ബജ്‌റംഗ്ദൾ നേതാവും വിഡിയോ പ്രസിദ്ധീകരിച്ചു. റാലിയെ താനും നയിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ തടയണമെന്നുമായിരുന്നു വെല്ലുവിളി. റാലി തങ്ങളുടെ പ്രദേശത്തുകൂടി കടന്നുപോയാൽ തടയാൻ മുസ് ലിംകളും തയാറെടുത്തതോടെ സംഘർഷമുണ്ടാകുമെന്ന് ഉറപ്പായി.
എന്നാൽ സർക്കാരോ പൊലിസോ ഒന്നും ചെയ്തില്ല. കലാപമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടും സർക്കാർ അവഗണിച്ചുവെന്ന് കരുതണം. നൂഹ് ചൗക്കിൽ ഉച്ച രണ്ടു മണിയോടെയാണ് അക്രമം ആരംഭിച്ചത്. ഇരുവിഭാഗവും ആയുധധാരികളായ ആളുകളെ അണിനിരത്തി വാഹനങ്ങളും കടകളും കത്തിക്കുകയും കലാപം അതിവേഗം വ്യാപിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. തോക്കുകൾ വ്യാപകമായി ഉപയോഗിച്ചു. ഇരകളിൽ പലർക്കും വെടിയേറ്റ മുറിവുകളും ഉണ്ടായിരുന്നു. തോക്കുകൾ പിടിച്ചെടുക്കാൻ പൊലിസ് ഒന്നും ചെയ്തില്ല.
നൂഹിൽ യാത്രക്ക് നേരെ കല്ലെറിഞ്ഞതോടെ ഓടിപ്പോയ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ സംഘടിച്ച് തിരിച്ചെത്തി കലാപം നടത്തിയെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ ഘോഷയാത്രക്കാർ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുക മാത്രമല്ല വഴിയരികിൽ നിന്ന തങ്ങളെ അക്രമിക്കുക കൂടി ചെയ്തതാണ് റാലിക്ക് കല്ലെറിയാനിടയാക്കിയതെന്ന് മുസ് ലിം വിഭാഗവും പറയുന്നു.
രണ്ടായിരുന്നാലും ഉത്തരവാദി സർക്കാരാണ്. നൂഹ് സംഘർഷത്തെക്കുറിച്ചുള്ള വാർത്തകൾ പരന്നതോടെയാണ് ഗുരുഗ്രാമിലെ സോഹ്നയിൽ ഹിന്ദുത്വവാദികളായ ആൾക്കൂട്ടം മുസ് ലിം സ്ഥാപനങ്ങൾക്ക് നേരെ അക്രമം തുടങ്ങിയത്. ഇപ്പോൾ ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ ജില്ലകളിലെ സ്‌കൂളുകളും കോളജുകളും അടച്ചിരിക്കുന്നു. നൂഹ്, ഗുരുഗ്രാം ജില്ലകളിൽ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചുകൊണ്ടുള്ള നിരോധനാജ്ഞകൾ കർശനമാക്കി. നൂഹിലും ഫരീദാബാദിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ബുധനാഴ്ചവരെ നിർത്തിവച്ചു.
റാലിയുടെ റൂട്ട് മാറ്റിയിരുന്നെങ്കിൽ തടയാമായിരുന്ന സംഘർഷമാണ്. എല്ലാം വഷളായ ശേഷമാണ് സർക്കാർ ഇടപെടുന്നത്. സാമുദായിക പിരിമുറുക്കങ്ങൾ പുകയാൻ അനുവദിക്കുന്നത് ഭരണകൂടങ്ങൾ പതിവാക്കിയിരിക്കുന്നു എന്നതാണ് സത്യം.
മുസ് ലിംകളോടുള്ള പകയും വെറുപ്പും ഒരു വിഭാഗത്തിന്റെ ജീവിത രീതിയായി മാറ്റാനായെന്നതാണ് മോദി ഭരണം രാജ്യത്ത് കൊണ്ടുവന്ന മാറ്റം. അത് വോട്ടു ചെയ്യുമ്പോഴും രാഷ്ട്രീയപ്രവർത്തനങ്ങൾ നടത്തുമ്പോഴും മാത്രമല്ല, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറങ്ങാതെ ജാഗ്രതയോടെയിരിക്കും.
ഈ പകയാണ് സംഘ്പരിവാറിന്റെ കൃത്യമായ രാഷ്ട്രീയാസൂത്രിത ലഹളകളായി മാറുന്നത്. 2019ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നൂഹ് ജില്ലയിലെ നാലു മണ്ഡലങ്ങളിലും കോൺഗ്രസാണ് ജയിച്ചതെന്ന രാഷ്ട്രീയ യാഥാർഥ്യം കൂടി ഇതോടൊപ്പമുണ്ട്. കലാപങ്ങൾ ജീവനും സ്വത്തിനും ഹാനികരമാകുക മാത്രമല്ല, സാമൂഹിക ഘടനയിൽ പരിഹരിക്കാനാകാത്ത വിള്ളലുണ്ടാക്കുകയും ചെയ്യും. ഇത്തരം അക്രമസംഭവങ്ങളുടെ ഉത്തരവാദികളെ കണ്ടെത്തുകയും ഭരണസംവിധാനങ്ങൾ ആത്മാർഥമായും നിയമത്തിന് അനുസൃതമായും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഒരുവേള എല്ലാം കൈവിട്ടുപോകും. കാര്യങ്ങൾ അങ്ങോട്ടു നീങ്ങുന്ന അതിദുർബലമായി ഒരവസ്ഥയിലാണ് ഇന്ത്യ, ഇന്നുള്ളത്. ജനാധിപത്യവിശ്വാസികൾ ജാഗ്രത്തായി നിൽക്കേണ്ട സന്ദർഭമാണിത്, തീർത്തും.
Content Highlights:Editorial aug 3
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."