മണിപ്പൂര്‍: മെയ്തികളും കുക്കികളും ഇരകള്‍
ഇ.ടി മുഹമ്മദ് ബഷീർ
കലാപം മുറിപ്പെടുത്തിയ മണിപ്പൂര്‍ രണ്ടുതവണയാണ് സന്ദര്‍ശിച്ചത്. 15 ദിവസം മുമ്പ് മുസ്‌ലിം ലീഗിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായി മണിപ്പൂരിലെത്തിയ ഞാന്‍ 'ഇന്‍ഡ്യ' പ്രതിനിധി സംഘത്തിനൊപ്പം കഴിഞ്ഞ ശനിയും ഞായറും വീണ്ടും മണിപ്പൂര്‍ സന്ദര്‍ശിച്ചു. അവിടെ നടക്കുന്നത് വംശീയ കലാപമാണ്. ഒരു വിഭാഗം ഇരകളും മറുവിഭാഗം വേട്ടക്കാരുമാണെന്ന ധാരണ ആദ്യമേ മാറ്റിനിര്‍ത്തണം.
കലാപത്തിന്റെ അടിസ്ഥാനം വര്‍ഗീയതയല്ല, വംശീയതയാണ്. മെയ്തികളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണെങ്കില്‍ കുക്കികളില്‍ അത് ക്രിസ്ത്യാനികളാണ്.ക്രിസ്ത്യാനികളായതുകൊണ്ടുമാത്രം കുക്കികളെ മെയ്തികള്‍ അക്രമിച്ചുവെന്ന് കരുതാനാവില്ല. മറ്റൊന്ന്, രണ്ടുവിഭാഗവും ഇരകളും അതേസമയം, അക്രമികളുമാണ്. കലാപം ഇരുവിഭാഗത്തെയും വലിയ രീതിയില്‍ ബാധിച്ചു. മെയ്തികള്‍ മാത്രമാണ് അക്രമികള്‍ എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്.
ഇന്‍ഡ്യാ അലയ്ന്‍സിന്റെ 21 എം.പിമാരുടെ സംഘത്തിനൊപ്പമുള്ള മണിപ്പൂരിലേക്കുള്ള എന്റെ രണ്ടാമത്തെ യാത്രക്ക് പാര്‍ലമെന്ററി സംഘത്തിന് ലഭിക്കേണ്ട എല്ലാ പരിഗണനയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. രണ്ടു ഹെലികോപ്റ്ററുകളില്‍ കുക്കികളുടെ അഭയാര്‍ഥി ക്യാംപാണ് ആദ്യം സന്ദര്‍ശിച്ചത്. റോഡുമാര്‍ഗം പോകുന്നത് സുരക്ഷിതമല്ലെന്ന് ഉപദേശം ലഭിച്ചിരുന്നു. കുക്കികളെ മാത്രമല്ല, മെയ്തി വിഭാഗത്തെയും സന്ദര്‍ശിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്.
എം.പിമാര്‍ രണ്ടു സംഘമായി പിരിഞ്ഞാണ് ക്യാംപുകള്‍ സന്ദര്‍ശിച്ചത്. രണ്ടു കുക്കി ക്യാംപുകള്‍ ആദ്യം സന്ദര്‍ശിച്ചു. ക്യാംപുകളിലെ സ്ഥിതി ദയനീയമായിരുന്നു. കുക്കികള്‍ ആദിവാസികളാണെങ്കിലും കാട്ടിനുള്ളില്‍ താമസിക്കുന്ന വിഭാഗമല്ല. മലയോരമേഖലയില്‍ മികച്ച പാര്‍പ്പിടങ്ങളും സൗകര്യങ്ങളും അവര്‍ക്കുണ്ട്.
ജീവിതരീതിയും വസ്ത്രധാരണയുമെല്ലാം നഗരങ്ങളിലെ മണിപ്പൂരികളെപ്പോലെയാണ്. അവരുടെ പാര്‍പ്പിടമേഖലയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
മണിപ്പൂരിന്റെ 90 ശതമാനം ഭൂമിയും ആദിവാസികള്‍ താമസിക്കുന്ന മലയോരമേഖലയിലാണ്. 10 ശതമാനം ഭൂമി മാത്രമാണ് മെയ്തികള്‍ താമസിക്കുന്ന താഴ്‌വരയിലുള്ളത്. മെയ്തികള്‍ തങ്ങളെ ക്രൂരമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്നാണ് കുക്കികള്‍ പരാതിപ്പെട്ടത്.
പിന്നോക്കവിഭാഗങ്ങളായ തങ്ങള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായത് ഭരണഘടനാ അനുച്ഛേദം 370 സി പ്രകാരമുള്ള ചില അവകാശങ്ങളുള്ളത് കൊണ്ടാണ്. കൂടാതെ, ആദിവാസികളെന്ന പദവിയുമുണ്ട്. അങ്ങനെ ലഭിച്ച സംവരണത്തിലൂടെയാണ് സര്‍ക്കാര്‍ ജോലികള്‍ നേടാനായത്. മെയ്തികള്‍ക്ക് ആദിവാസി പദവികള്‍ നല്‍കുന്നതോടെ പുറന്തള്ളപ്പെട്ടു പോകുമെന്ന് അവര്‍ ഭയന്നു.
കാലങ്ങളായി രണ്ടുവിഭാഗങ്ങളും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലല്ല. ഈ എരിതീയിലേക്ക് എണ്ണയൊഴിക്കുകയായിരുന്നു മെയ്തികള്‍ക്കും ആദിവാസി പദവിയെന്ന ആശയത്തിലൂടെ സര്‍ക്കാര്‍ ചെയ്തത്. വനനിയമം പാസാക്കിയതും ഇതിന്റെ പേരില്‍ ആദിവാസികളെ പലയിടത്തായി സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചതും പ്രശ്‌നം ഗുരുതരമാക്കി.
ജനസംഖ്യയില്‍ 60 ശതമാനത്തിലധികം വരുന്ന മെയ്തി വിഭാഗത്തിനാണ് നിയമസഭയില്‍ മേധാവിത്വം. അതിനാല്‍ കുക്കികളുടെ താല്‍പര്യങ്ങള്‍ക്കെതിരായ നിയമനിര്‍മാണങ്ങള്‍ തടയാന്‍ കഴിയാറില്ല. വനസംരക്ഷണ നിയമം, വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന തങ്ങളെ ഉപദ്രവിക്കാനായി ഉപയോഗിക്കുന്നുവെന്നാണ് കുക്കികള്‍ പറയുന്നത്. കുക്കിമേഖലയിലെ സന്ദര്‍ശനത്തിനുശേഷം ഇംഫാലില്‍ ഹെലികോപ്റ്ററിലിറങ്ങിയ ഞങ്ങളുടെ സംഘം പിന്നീട് പോയത് മെയ്തി അഭയാര്‍ഥി ക്യാംപിലേക്കാണ്. 1300 ആളുകള്‍ താമസിക്കുന്ന ക്യാംപിലെ സാഹചര്യം അതിദയനീയമായിരുന്നു.
തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ പറയുന്നതിനിടെ സ്ത്രീകള്‍ പൊടുന്നനെ കാല്‍ക്കല്‍ വീണ് പൊട്ടിക്കരഞ്ഞു. സുഖമില്ലാത്ത കുഞ്ഞിനെയും കൊണ്ട് ക്യാംപില്‍ ജീവിക്കുന്ന യുവതി തന്റെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ പോലും കഴിയുന്നില്ലെന്ന് പരാതിപ്പെട്ട് പൊട്ടിക്കരഞ്ഞു. കുക്കിമേഖലയില്‍ താമസിക്കുന്ന മെയ്തികളായിരുന്നു ക്യാംപിലുണ്ടായിരുന്നവര്‍. കുക്കികളുടെ ആക്രമണമുണ്ടായതോടെ അവര്‍ക്ക് പലായനം ചെയ്യേണ്ടിവന്നതാണ്.
കുക്കികള്‍ ക്രൂരമായി ദ്രോഹിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ തീര്‍ന്നാലും കുക്കി പ്രദേശത്തുനിന്ന് വന്നവരായതിനാല്‍ തിരിച്ചുപോകാന്‍ ഇടമില്ല. സര്‍ക്കാര്‍ പാര്‍പ്പിട കേന്ദ്രം നല്‍കാമെന്ന് പറഞ്ഞെങ്കിലും സുരക്ഷിത ഇടമല്ലാത്തതിനാല്‍ അത് സ്വീകാര്യമല്ല. സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നാണ് മെയ്തികള്‍ പറയുന്നത്. മെയ്തികള്‍ക്ക് കലാപകാലത്ത് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ലഭിച്ചുവെന്ന വാദവും അടിസ്ഥാനരഹിതമാണ് എന്നാണ് മനസിലായത്.
അവരും ഇരകളാണ്. കലാപത്തിന്റെ തുടക്കത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ മെയ്ത്തികള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ടാവാം. ഭൂരിപക്ഷ മെയ്തികളുടെ വോട്ടുലക്ഷ്യമാക്കിയായിരുന്നു ഈ ഇടപെടല്‍. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടു. നാലു മാസത്തോളമായിട്ടും അനുരഞ്ജന സംഭാഷണം ഉണ്ടായിട്ടില്ല. പ്രശ്‌നപരിഹാരത്തിന് കേന്ദ്രമോ സംസ്ഥാന സര്‍ക്കാരോ ഒന്നും ചെയ്തില്ല. ഇതില്‍ മെയ്തികള്‍ക്ക് ശക്തമായ രോഷമുണ്ട്.
രണ്ടുരാജ്യമായി മാറിയിരിക്കുകയാണ് മണിപ്പൂര്‍. കുക്കികള്‍ താമസിക്കുന്ന മലയോരമേഖലയില്‍ മെയ്തികളില്ല. മെയ്ത്തികള്‍ക്ക് അവിടെ പ്രവേശനവുമില്ല. മെയ്തികള്‍ താമസിക്കുന്ന താഴ്‌വരയില്‍ കുക്കികളുമില്ല. അവര്‍ക്ക് അവിടേക്ക് വരാനും കഴിയില്ല. ഫലത്തില്‍ ഭരണിയിലെ ഭൂതത്തെയാണ് സര്‍ക്കാര്‍ പുറത്തിട്ടത്. അതിനെ വീണ്ടും കുടത്തിലടയ്ക്കാന്‍ എന്തു ചെയ്യണമെന്ന് ആര്‍ക്കും അറിയില്ല.
കലാപം തടയുന്നതില്‍ മുഖ്യമന്ത്രി അതി ദയനീയമായി പരാജയപ്പെട്ടു. മണിപ്പൂര്‍ ഗവര്‍ണരെ കണ്ടപ്പോഴും അദ്ദേഹം നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകാന്‍ സാധിക്കുന്നില്ല. ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. ഇംഫാല്‍ നഗരം ശ്മശാനമൂകമാണ്. ടൂറിസ്റ്റുകളില്ല. ആളുകളില്ല. കടകള്‍ പലതും തുറക്കുന്നില്ല. കലാപങ്ങള്‍ മണിപ്പൂരില്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. കുറച്ച് കഴിയുമ്പോള്‍ സംഘര്‍ഷം അവസാനിക്കും, ജനം സാധാരണപോലെ ജീവിക്കാന്‍ തുടങ്ങും. എന്നാല്‍ ഇവിടെ കലാപം എന്നു തീരുമെന്ന് ആര്‍ക്കും അറിയില്ല.
സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കേണ്ട അനവധി പ്രശ്‌നങ്ങള്‍ മണിപ്പൂരിലുണ്ട്. സ്വയംഭരണപ്രദേശം വേണമെന്ന വാദം കുക്കികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഇന്ത്യാവിരുദ്ധമായി മാറാന്‍ സാധ്യതയുണ്ട്. മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ വാദം പ്രകമ്പനങ്ങളുണ്ടാക്കും. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് മണിപ്പൂര്‍.
ഇന്ത്യക്ക് പ്രതിസന്ധിയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള സായുധസംഘങ്ങള്‍ അതിര്‍ത്തികളിലുണ്ട്. കൂടാതെ, രാജ്യത്ത് ഏറ്റവുമധികം കറുപ്പ് കൃഷി ചെയ്യുന്ന പ്രദേശങ്ങളാണിത്. കേരളമുള്‍പ്പെടെ മറ്റു ഭാഗങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഇവിടെ നിന്ന് മയക്കുമരുന്ന് കയറ്റുമതി ചെയ്യുന്നുണ്ട്.മയക്കുമരുന്നു മാഫിയയുടെ ഇടപെടല്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണം.
ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉചിത പ്രസ്താവന നടത്തുന്നതിലൂടെ രാജ്യത്തിന്റെ സന്ദേശം അന്താരാഷ്ട്രതലത്തില്‍ എത്തിക്കാന്‍ സാധിക്കും. എന്നാല്‍, അദ്ദേഹം അതിന് തയാറല്ല. പാര്‍ലമെന്റ് കെട്ടിടത്തിന് തൊട്ടടുത്ത മുറിയാണ് പ്രധാനമന്ത്രിയുടെ ഓഫിസ്.
ഓഫിസിലെത്തുന്ന മോദി പാര്‍ലമെന്റില്‍ കയറില്ല. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍സിങ്, വാജ്‌പേയി തുടങ്ങിയ പ്രധാനമന്ത്രിമാരെല്ലാം പാര്‍ലമെന്റിനെ ബഹുമാനിച്ചിരുന്നു. എത്ര തിരക്കായാലും നെഹ്‌റു പാര്‍ലമെന്റില്‍ വരും.
എന്നാല്‍ മോദി പാര്‍ലമെന്റില്‍ വരില്ല. പാര്‍ലമെന്റിനെ ബഹുമാനിക്കുന്നുമില്ല. തനിക്ക് പാര്‍ലമെന്റൊന്നും വലിയ കാര്യമല്ലെന്ന ഭാവമാണ്. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയാണ് ബി.ജെ.പിക്ക് വേണ്ടത്. അതിലൂടെ 2024ലെ തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് കരുതുകയാണ്.
Content Highlights:Today's Article About Manipur aug 04
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."