പണമില്ല, കൈമലര്‍ത്തി സപ്ലൈക്കോയും,സ്റ്റോറുകളില്‍ ഒന്നും സ്റ്റോക്കില്ല; കാണം വില്‍ക്കേണ്ടി വരുമോ ഓണമുണ്ണാന്‍
പണമില്ല, കൈമലര്‍ത്തി സപ്ലൈക്കോയും; കാണം വില്‍ക്കേണ്ടി വരുമോ ഓണമുണ്ണാന്‍
തിരുവനന്തപുരം: ഓണവിപണി പടിവാതിലില്‍ നില്‍ക്കേ പണത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയില്‍. ധനവകുപ്പ് അനുവദിച്ച തുകയില്‍ നിന്ന് 70 കോടി രൂപ മാത്രമാണ് സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത്. അടിയന്തരമായി അനുവദിച്ച 250 കോടിയില്‍ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീര്‍ക്കാനാണ് വകയിരുത്തിയിട്ടുള്ളത്. ഓണക്കാലത്ത് വിപുലമായ വിപണി ഇടപെടലാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്.
ഓണവിപണി പടിവാതിലില്‍ നില്‍ക്കെ സൂപ്പര്‍ സ്‌പെഷ്യല്‍ ഓണചന്തകളടക്കം പദ്ധതി തയ്യാറാക്കിയിട്ടും പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് സ്ഥാപനം. വകുപ്പ് തല ചര്‍ച്ചകള്‍ക്കുശേഷം അടിയന്തരമായി 250 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും പണം സപ്ലൈക്കോ അക്കൗണ്ടിലെത്താന്‍ ഇനിയും നടപടികള്‍ ബാക്കിയാണ്. അതില്‍ തന്നെ പ്രത്യേക ഹെഡുകളില്‍ പണം അനുവദിച്ച ധനവകുപ്പ് വിപണി ഇടപെടലിന് വകയിരുത്തിയത് വെറും 70 കോടി മാത്രമാണ്.
13 ഇനം അവശ്യ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ സാധാരണമാസങ്ങളില്‍ ലഭ്യമാക്കുന്നതിന് പോലും 40 കോടി ചെലവ് വരുന്നുണ്ട്. അതില്‍ നാലിരട്ടി ഉത്പന്നങ്ങളെങ്കിലും എത്തിക്കേണ്ട ഓണക്കാലത്ത് സബ്‌സിഡി തുകക്ക് മാത്രം 80 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. കരാറുകാര്‍ക്ക് നിലവിലുള്ള കുടിശിക മാത്രമുണ്ട് 600 കോടി വരും. ഈവര്‍ഷത്തെ ഓണ ചെലവുകള്‍ക്ക് കണ്ടെത്തേണ്ട തുക ഇതിന് പുറമെയാണ്.
ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും മറ്റ് അവശ വിഭാഗങ്ങള്‍ക്കുമായി മാത്രം പരിമിതപ്പെടുത്താനാണ് തീരുമാനമായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണംചെയ്തപ്പോള്‍ സര്‍ക്കാരിന് 500 കോടിരൂപയാണു ചെലവായത്. ഇക്കുറി കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നു. എല്ലാവര്‍ക്കും കിറ്റുനല്‍കിയാല്‍ സര്‍ക്കാരിനു കനത്ത ബാധ്യതയുണ്ടാകും. അതിനാല്‍ ഏറ്റവും ദരിദ്രരായവരെമാത്രം പരിഗണിച്ചാല്‍ മതിയെന്നാണു സര്‍ക്കാര്‍ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."