ബാങ്കിലെ സെക്യൂരിറ്റിജീവനക്കാരനെ പരുക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തി
വെഞ്ഞാറമൂട്: സഹകരണബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ തലക്കുപരുക്കേറ്റ നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.
കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ അടിയേറ്റുവെന്നാണ് നിഗമനം. വെഞ്ഞാറമൂട് സര്‍വീസ് സഹകരണബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മക്കാംകോണത്തു പുത്തന്‍വീട്ടില്‍ ജയചന്ദ്ര (39) നാണ് ആക്രമണത്തിനിരയായത്. ഇന്നലെ രാവിലെ രാവിലെ ബാങ്കിലെത്തിയ സെക്രട്ടറി രാമകൃഷ്ണപിള്ള സെക്യൂരിറ്റിജീവനക്കാരനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാങ്കിന്റെ കീഴിലുള്ള ലൈബ്രറി ഹാളില്‍ ജയചന്ദ്രനെ പരുക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തുടര്‍ന്നു വെഞ്ഞാറമൂട് പൊലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ബാങ്കിന്റെ സ്‌ട്രോങ്‌റൂമിന്റെ ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയതായും വാതിലിലെ പൂട്ട് അറുത്തുമാറ്റാന്‍ ശ്രമിച്ചതായും കണ്ടെത്തി. അടുത്ത കെട്ടിടത്തിലൂടെ ബാങ്കിന്റെ മുകള്‍നിലയില്‍ ആരോ വന്നു പോയതായുള്ള അടയാളങ്ങളും ലഭിച്ചു. പുലര്‍ച്ചെ നാലുമണിയോടെ ബാങ്കില്‍നിന്നു നിലവിളി കേട്ടതായി തൊട്ടടുത്ത വീട്ടിലെ ജീവനക്കാരന്‍ പൊലിസിന് മൊഴി നല്‍കി.
വിവരമറിഞ്ഞ് റൂറല്‍ എസ്.പി ഷെഫിന്‍ അഹമ്മദ്, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അജിത് എന്നിവരും വിരലടയാളവിദഗ്ധരും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു. കേസന്വേഷണത്തിന് പോത്തന്‍കോട് സി.ഐ ഷാജി, നെടുമങ്ങാട് സി.ഐ അനില്‍കുമാര്‍, വെഞ്ഞാറമൂട് സി.ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.പരുക്കേറ്റ ജയചന്ദ്രനെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍കോളജിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷന് 20 മീറ്റര്‍ മാത്രം അകലെയാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. പൊലിസിന്റെ മൂക്കിന്‍തുമ്പത്ത് നടന്ന കവര്‍ച്ചാശ്രമം നാട്ടുകാരെ ഭിതിയിലാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ വെമ്പായം കിടങ്ങയം ചിറ്റൂര്‍ക്കോണം റോഡില്‍ ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."