'കാപട്യമില്ലാത്തവന്‍, രാഹുലിനരികില്‍ സ്ത്രീകള്‍ സുരക്ഷിതര്‍' സ്മൃതി ഇറാനിയുടെ ഫ്‌ളൈയിങ് കിസ് ആരോപണത്തിനെതിരെ മീന കന്തസ്വാമി
'കാപട്യമില്ലാത്തവന്‍, രാഹുലിനരികില്‍ സ്ത്രീകള്‍ സുരക്ഷിതര്‍' സ്മൃതി ഇറാനിയുടെ ഫ്‌ളൈയിങ് കിസ് ആരോപണത്തിനെതിരെ മീന കന്തസ്വാമി
പാര്‍ലമെന്റിലെ ഫ്‌ളൈയിംഗ് കിസ് വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് പിന്തുണയുമായി സാഹിത്യകാരി ഡോ. മീന കന്തസ്വാമി. രാഹുലിന്റെ അരികില്‍ സ്ത്രീകള്‍ ഏറെ സുരക്ഷിതരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ദുരുദ്ദേശപരമായി അദ്ദേഹം ഒരിക്കലും പെരുമാറില്ല. അദ്ദേഹത്തിന് കാപട്യമില്ല. ഭാരത് ജോഡോ യാത്രയില്‍ ഇത് താന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. വിശദമായ കുറിപ്പാണ് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ഭാരത് ജോഡോ യാത്രയിലും ഇതര കൂടിക്കാഴ്ചകളിലും രാഹുലിനൊപ്പമുള്ള സ്ത്രീകള്‍ ഏറെ സുരക്ഷിതത്വം അനുഭവിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അത് ഏറെ ഭംഗിയുള്ളതും അതിശയിപ്പിക്കുന്നതുമായ കാര്യമാണെന്നും അവര്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. വികാരപരമായ പുരുഷ രാഷ്ട്രീയം അവിടെ കണ്ടില്ലെന്നും അവര്‍ പറഞ്ഞു.
The beautiful, charming, most wonderful thing that I noticed about Rahul Gandhi in personal meetings and on the Bharat Jodo Yatra was how comfortable he made women feel around him, and how easy, safe and happy women felt in his presence. There was none of the Uber-masculine…
— Dr Meena Kandasamy (@meenakandasamy) August 9, 2023
സ്ത്രീകള്‍ക്ക് കൈ കൊടുക്കാതിരിക്കുക, അവരുമായി കയ്യകലത്തില്‍ നില്‍ക്കുക, ക്യാമറയ്ക്ക് മുമ്പില്‍ ബ്രഹ്മചര്യം നടിക്കുക എന്നിങ്ങനെ പുരുഷ രാഷ്ട്രീയക്കാരില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കാപട്യങ്ങളൊന്നും രാഹുലില്‍ നിന്നുണ്ടായില്ലെന്നും അവര്‍ വ്യക്തമാക്കി. തുറന്ന മനസ്സും കൈകളും കണ്ണുകളുമാണ് താന്‍ കണ്ടതെന്നും അദ്ദേഹം സ്ത്രീകള്‍ക്ക് കൈ നല്‍കിയെന്നും ഒരുവട്ടം പോലും ചിന്തിക്കാതെ ഫോട്ടോക്ക് പോസ് ചെയ്‌തെന്നും മീന കന്തസ്വാമി പറഞ്ഞു. തനിക്കൊപ്പം നടക്കുന്നവരുടെ കൈകള്‍ ചേര്‍ത്തുപിടിച്ചെന്നും കുട്ടികള്‍, വയോധികര്‍, യുവാക്കള്‍, വനിതകള്‍ എന്നിങ്ങനെ എല്ലാവരെയും ആലിംഗനം ചെയ്‌തെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ലൈംഗികവത്കരിക്കപ്പെട്ടേക്കാവുന്ന കാര്യത്തെ അദ്ദേഹം തീര്‍ത്തും സ്വാഭാവികമായി ചെയ്തുവെന്നും ഭാരത് ജോഡോ യാത്രയെ ഇത്രത്തോളം ഫലവത്താക്കിയത് ഈ രീതിയായിരുന്നുവെന്നും മീന കന്തസ്വാമി നിരീക്ഷിച്ചു. ദിനംപ്രതി മുന്നോട്ട് നടന്ന രാഹുല്‍ നമ്മുടെ മുരടിച്ച ചിന്തകളിലെ വാര്‍പ്പു മാതൃകകളെ വൃത്തിയാക്കിയെന്നും ദയയും കൃപയും പുഞ്ചിരിയും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.
മനുസ്മൃതിയില്‍ വിശ്വസിക്കുന്ന, സ്വന്തം പെണ്‍മക്കളുടെയും അമ്മമാരുടെയും സഹോദരിമാരുടെയും സുഹൃത്തുക്കളുടെയും കൂട്ടുകെട്ടില്‍ പോലും വിശ്വാസമര്‍പ്പിക്കാത്ത സംഘികള്‍ക്ക് ഇതിനാകില്ലെന്നത് തീര്‍ച്ചയാണെന്നും അവര്‍ വിമര്‍ശിച്ചു. സനാതന ധര്‍മം സ്ത്രീകളെ ദുഷിപ്പിക്കുന്ന സ്വാധീനമായാണ് കാണുന്നതാണ് കാരണമെന്നും പറഞ്ഞു. അത്തരം ടോക്‌സിക് ഇഡിയറ്റുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ മനസ്സിലാകില്ലെന്നും നമ്മുടെ ശരീരത്തിന് മേല്‍ അവര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്ക് മേല്‍ രാഹുല്‍ ശാരീരികവും ആന്തരികവുമായി വെല്ലുവിളി ഉയര്‍ത്തുകയാണെന്നും ഇപ്പോഴത്തെ വിവാദങ്ങളില്‍ അത്ഭുതമില്ലെന്നും മീന കന്തസ്വാമി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രസംഗം കഴിഞ്ഞ് പാര്‍ലമെന്റ് വിട്ടുപോകവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മന്ത്രി സ്മൃതി ഇറാനിക്ക് ഫ്‌ളൈയിങ് കിസ് കൊടുത്തെന്നാണ് ആരോപണം. രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി വനിതാ അംഗങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്. മന്ത്രി ശോഭ കരന്ദ്‌ലജെയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാ സംഘമാണ് സ്പീക്കറെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."