കരാർ ഒപ്പിട്ടു; 'എനിക്ക് ആഗോള കളിക്കാരനാകണം, സഊദിയിൽ പുതിയ ചരിത്രം കുറിക്കണം': നെയ്മർ ഇനി അൽ-ഹിലാലിന്റെ സ്വന്തം
കരാർ ഒപ്പിട്ടു; 'എനിക്ക് ആഗോള കളിക്കാരനാകണം, സഊദിയിൽ പുതിയ ചരിത്രം കുറിക്കണം': നെയ്മർ ഇനി അൽ-ഹിലാലിന്റെ സ്വന്തം
റിയാദ്: ആറ് വർഷം പിഎസ്ജിക്കൊപ്പം പന്തുതട്ടിയ ബ്രസീലിയൻ താരം നെയ്മർ ജൂനിയർ ഇനി മുതൽ സഊദി അറേബ്യയിലെ അൽ-ഹിലാലിൽ കളം നിറയും. താരം അൽ-ഹിലാലുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു. 2025 വരെ നെയ്മർ കരാർ ഒപ്പിട്ടതായി സഊദി പ്രൊഫഷണൽ ലീഗ് (എസ്പിഎൽ) ക്ലബ് അൽ-ഹിലാൽ പ്രഖ്യാപിച്ചു. ടീമിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ വീഡിയോയിൽ "ഞാൻ ഇവിടെ സഊദി അറേബ്യയിലാണ്, ഞാൻ ഹിലാലിയാണ്" എന്ന് ബ്രസീലിയൻ താരം പറഞ്ഞു.
നെയ്മർ റിയാദിലെ അൽ-ഹിലാൽ സ്റ്റേഡിയത്തിൽ അൽ-ഹിലാൽ പ്രസിഡന്റ് ഫഹദ് ബിൻ നാഫെലിനൊപ്പം ടീം ജഴ്‌സിയുമായി നിൽക്കുന്ന ചിത്രവും പുറത്തുവന്നു. താരവും ക്ലബുമായുള്ള സാമ്പത്തിക വിശദാംശങ്ങളൊന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഏകദേശം 90 മില്യൺ യൂറോയും (98.24 മില്യൺ ഡോളർ - 800 കോടിയിലേറെ ഇന്ത്യൻ രൂപ) ആഡ്-ഓണുകളും ആണെന്നും ഗൾഫ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഫ്രഞ്ച് പത്രമായ എൽ ഇക്വിപ്പ് റിപ്പോർട്ട് പ്രകാരം 160 മില്യൺ യൂറോയാണ് (ആയിരത്തി അഞ്ഞൂറോളം കോടി രൂപ) നെയ്മറിന് ഈ ഇടപാടിലൂടെ ലഭിക്കുക.
"ഞാൻ യൂറോപ്പിൽ വളരെയധികം നേട്ടങ്ങൾ നേടുകയും പ്രത്യേക സമയങ്ങൾ ആസ്വദിക്കുകയും ചെയ്തു. എന്നാൽ ഒരു ആഗോള കളിക്കാരനാകാനും പുതിയ സ്ഥലങ്ങളിൽ പുതിയ വെല്ലുവിളികളും അവസരങ്ങളും ഉപയോഗിച്ച് എന്നെത്തന്നെ പരീക്ഷിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു," ചൊവ്വാഴ്ച പാരീസിൽ കരാർ ഒപ്പിട്ട ശേഷം നെയ്മർ പറഞ്ഞു.
"എനിക്ക് പുതിയ കായിക ചരിത്രം എഴുതാൻ ആഗ്രഹമുണ്ട്, സഊദി പ്രോ ലീഗിന് ഇപ്പോൾ മികച്ച ഊർജ്ജവും ഗുണനിലവാരമുള്ള കളിക്കാരുമുണ്ട്. ജയിക്കാനും ഗോളുകൾ നേടാനും ഞാൻ ഇഷ്ടപ്പെടുന്നു, സഊദി അറേബ്യയിലും അൽ-ഹിലാലിനൊപ്പം അത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു." - നെയ്മർ വ്യക്തമാക്കി.
222 മില്യൺ യൂറോയുടെ ലോക റെക്കോർഡ് തുകയ്ക്കാണ് നെയ്മർ 2017ൽ ബാഴ്‌സലോണയിൽ നിന്ന് പിഎസ്ജിയിലെത്തിയത്. പാരീസ് ക്ലബ്ബിനായി 173 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടിയ അദ്ദേഹം അഞ്ച് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി ട്രോഫികൾ നേടി. 2015-ൽ ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ നെയ്‌മറിന് 2020 ഫൈനലിൽ റണ്ണേഴ്‌സ് അപ്പ് മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
നെയ്മർ ബ്രസീലിനായി 124 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 77 ഗോളുകൾ നേടി. മൂന്ന് തവണ ലോകകപ്പ് ജേതാവായ പെലെയ്‌ക്കൊപ്പമാണ് ഗോൾ വേട്ടയിൽ നെയ്മർ. 2013ൽ കോൺഫെഡറേഷൻസ് കപ്പ് നേടിയ ബ്രസീൽ ടീമിന്റെ ഭാഗമായിരുന്നു.
സഊദി അറേബ്യയിലെയും ഏഷ്യയിലെയും ഏറ്റവും വിജയകരമായ ക്ലബ്ബായ അൽ-ഹിലാൽ 66 ട്രോഫികൾ നേടിയിട്ടുണ്ട്. 18 ലീഗ് കിരീടവും നാല് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടവും ടീമിന്റെ പേരിലുണ്ട്.
പോർച്ചുഗൽ ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തർ ലോകകപ്പിന് തൊട്ടുപിന്നാലെ കഴിഞ്ഞ സീസണിൽ അൽ-നാസറിനൊപ്പം ചേർന്നു. ഇതിന് പിന്നാലെ അൽ-ഇത്തിഹാദ് ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസെമയെ റയൽ മാഡ്രിഡിൽ നിന്ന് സഊദിയിലേക്ക് എത്തിച്ചിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റിയാദ് മഹ്‌റസ്, എഡ്വാർഡ് മെൻഡി, റോബർട്ടോ ഫിർമിനോ എന്നിവരെല്ലാം അൽ-അഹ്‌ലിക്കായി സഊദിയിലെത്തി. ഇതിന് പിന്നാലെയാണ് നെയ്മർ കൂടി സഊദിയിലെത്തുന്നത്. നെയ്മറിന്റെ മുൻ ടീമംഗങ്ങളായ ഫ്രാൻസ് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെ, ലയണൽ മെസ്സി എന്നിവരെ സൈൻ ചെയ്യാൻ അൽ-ഹിലാൽ ശ്രമിച്ചിരുന്നു.
യൂറോപ്യൻ ടീമുകളിൽ നിന്നുള്ള മികച്ച കളിക്കാരെയും പരിശീലകരെയും ആകർഷിക്കുന്നതിനായി അര ബില്യൺ ഡോളർ ചെലവഴിച്ചതിന് ശേഷമാണ് സൗദി പ്രോ ലീഗ് സീസൺ വെള്ളിയാഴ്ച ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."