വിദേശ വിദ്യാഭ്യാസം യൂറോപ്പില്‍; പഠനത്തിന് ഏറ്റവും അനുയോജ്യമായ അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
വിദേശ വിദ്യാഭ്യാസം യൂറോപ്പില്‍; പഠനത്തിന് ഏറ്റവും അനുയോജ്യമായ അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
ലോക വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തിയെടുക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളും അവിടങ്ങിളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വഹിച്ച പങ്ക് വളരെ വലുതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ എല്ലായിപ്പോഴും യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളാണ് കെയ്യടക്കാറുള്ളത്. അതുകൊണ്ട് തന്നെ മലയാളികളടക്കമുള്ള ഇന്ത്യക്കാരും വിദേശ പഠനത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളെയാണ്. ലോകോത്തര നിലവാരമുള്ള കോഴ്‌സുകളും, മെച്ചപ്പെട്ട ജോലി സാധ്യതകളും ജീവിത സാഹചര്യങ്ങളുമാണ് പലരെയും യൂറോപ്പിലേക്ക് പറിച്ച് നടാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.
പഠനം, പഠന ചെലവ്, ജീവിത സാഹചര്യം, സ്‌കോളര്‍ഷിപ്പുകള്‍, യൂണിവേഴ്‌സിറ്റികളുടെ നിലവാരം എന്നിവ കണക്കാക്കിയാണ് നമ്മള്‍ ഓരോരുത്തരും ഏത് രാജ്യത്ത് പഠിക്കണമെന്ന് തീരുമാനിക്കുന്നത്. അത്തരത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ വാഗ്ദാനം നല്‍കുന്ന അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്. ആഗോള വിദ്യാഭ്യാസ പോര്‍ട്ടലായ സ്റ്റഡി ഇന്റര്‍നാഷണലാണ് പട്ടിക പുറത്തുവിട്ടത്.
- യു.കെ
വിദേശ വിദ്യാഭ്യാസത്തെ കുറിച്ചുള്ള യൂറോപ്യന്‍ റാങ്കിങ്ങില്‍ യു.കെയില്ലാതിരിക്കുമോ? യൂറോപ്പിലെയെന്നല്ല ലോകത്തിലെ തന്നെ മികച്ച വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യമെന്നാണ് സ്റ്റഡി ഇന്റര്‍നാഷണല്‍ യു.കെയെ വിശേഷിപ്പിക്കുന്നത്. ലോകത്തില ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളില്‍പ്പെട്ട ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍ എന്നിവ സ്ഥിതി ചെയ്യുന്ന രാജ്യമാണ് യു.കെ. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ സംഭാവനകള്‍ നല്‍കിയ കലാലയങ്ങളാണിത്.
സാംസ്‌കാരിക തനിമയും, മെച്ചപ്പെട്ട കലാലയങ്ങളും, സര്‍ട്ടിഫിക്കറ്റുകളുടെ ഗുണനിലവാരവും, പഠന രീതിയും, ഫാക്കല്‍റ്റികളും, ഗവേഷണ വിഷയങ്ങളും യു.കെയെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുന്നു. താമസത്തിനും ഭക്ഷണത്തിനും യാത്രാ ചെലവുകള്‍ക്കുമായി നല്ലൊരു തുക നിങ്ങള്‍ കരുതേണ്ടിവരും. എങ്കിലും ഗവണ്‍മെന്റ് നേരിട്ടും അല്ലാതെയും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ സാമ്പത്തിക ബാധ്യത കുറക്കാന്‍ സഹായിക്കും.
- ഡെന്‍മാര്‍ക്ക്
ലിസ്റ്റില്‍ രണ്ടാമതുള്ള രാജ്യമാണ് ഡെന്‍മാര്‍ക്ക്. സുഖലോലുപതയുടെ രാജ്യമെന്നാണ് ഡെന്‍മാര്‍ക്ക് അറിയപ്പെടുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ പഠന ചെലവാണ് ഡാനിഷ് യൂണിവേഴ്‌സിറ്റികള്‍ മുന്നോട്ട് വെക്കുന്നത്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന യൂണിവേഴ്‌സിറ്റികളും, പാഠ്യ പദ്ധതികളും ഗവേഷണ ഡിപ്പാര്‍ട്ട്‌മെന്റുകളും ഡെന്‍മാര്‍ക്കിലെ കോളജുകളിലുണ്ട്. 1300ലധികം വ്യത്യസ്ത കോഴ്‌സുകളും, 700ലധികം ഡിഗ്രി കോഴ്‌സുകളും ഡെന്‍മാര്‍ക്കിലെ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും നല്ലവശം, ഈ കോഴ്‌സുകളെല്ലാം തന്നെ ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് കോപ്പന്‍ ഹേഗന്‍, ആര്‍ഹസ് യൂണിവേഴ്‌സിറ്റി, ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്‍മാര്‍ക്ക്, ആല്‍ബോര്‍ഗ് യൂണിവേഴ്‌സിറ്റി എന്നിവയാണ് ഡെന്‍മാര്‍ക്കിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. - നെതര്‍ലാന്‍ഡ്‌സ്
ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും ഇംഗ്ലീഷിലുള്ള വിവിധ പ്രോഗ്രാമുകളുമായി വിദേശ വിദ്യാര്‍ഥികളെ മാടിവിളിക്കുകയാണ് ഹോളണ്ട്. വിദേശ വിദ്യാര്‍ഥികള്‍ അധികമൊന്നും പരിചയപ്പെടാത്ത രാജ്യമായിരുന്നു കുറച്ച് നാള്‍ മുമ്പുവരെ ഹോളണ്ട്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം വര്‍ധിച്ചുവരുന്ന കുടിയേറ്റ ട്രെന്‍ഡ് മനസിലാക്കി കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കാന്‍ ശ്രമിക്കുകയാണ് നെതര്‍ലാന്‍ഡിപ്പോള്‍.
ഡച്ചാണ് ഔദ്യോഗിക ഭാഷയാണെങ്കിലും 2000ലധികം യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകള്‍ ഇംഗ്ലീഷിലാണ് നെതര്‍ലാന്‍ഡ്‌സില്‍ ഇപ്പോള്‍ പഠിപ്പിച്ച് കൊണ്ടിരിക്കുന്നത്. പഠന ചെലവ് ലഘുകരിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കുള്ള പാര്‍ട്ട് ടൈം ജോലി സമയത്തിലും നെതര്‍ലാന്‍ഡ് മാറ്റം വരുത്തിയിരുന്നു. ബിരുദം പൂര്‍ത്തിയാക്കി പുറത്തുവരുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോളണ്ടില്‍ തന്നെ ജോലി നേടാനുള്ള സാഹചര്യവും സര്‍ക്കാര്‍ ഇപ്പോള്‍ ഒരുക്കുന്നുണ്ട്. മാത്രമല്ല ജോലി നേടി രാജ്യത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പെര്‍മനെന്റ് റസിഡന്‍സി പെര്‍മിറ്റ് നിയമങ്ങള്‍ ലഘുകരിക്കാനും സര്‍ക്കാര്‍ തയ്യാറിയിരുന്നു.
- ഇറ്റലി
വിശ്വ വിഖ്യാതമായ സംസ്‌കാരങ്ങള്‍ പോലെ തന്നെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും മികവ് പുലര്‍ത്തുന്ന യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. ചരിത്ര സ്മാരകങ്ങളുടെ ഈറ്റില്ലമായ ഇറ്റലി ഇന്ന് ചരിത്ര പഠനക്കാര്‍ക്കും അവസരമൊരുക്കുന്നു. യൂറോപ്പിലെ തന്നെ മികച്ച യൂണിവേഴ്‌സിറ്റികളുടെ റാങ്കിങ്ങിലും ഇറ്റലിയിലെ യൂണിവേഴ്‌സിറ്റികള്‍ ഇടംപിടിച്ചിട്ടുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ പഠന ചെലവുള്ള രാജ്യമാണിത്. വര്‍ധിച്ചുവരുന്ന കുടിയേറ്റ സാധ്യത കണക്കിലെടുത്ത് വിസ നിയമങ്ങളില്‍ ഇളവ് വരുത്താനും ഇറ്റലി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇറ്റലിയിലെ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ നടപടി ക്രമങ്ങളിലുള്ള കാലതാമസം ഒഴിവാക്കുമെന്നും ഇറ്റാലിയന്‍ ഭരണകൂടം പ്രസ്താവനയിറക്കിയിരുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് മേപ്പിള്‍സ്, യൂണിവേഴ്‌സിറ്റി ഓഫ് പാഡുവ, യൂണിവേഴ്‌സിറ്റി ഓഫ് പിസ, യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറന്‍സ് എന്നിവയാണ് ഇറ്റലിയിലെ പ്രശസ്തമായ സര്‍വകലാശാലകള്‍. - ഫ്രാന്‍സ്
ലിസ്റ്റില്‍ അഞ്ചാമതുള്ള രാജ്യം റൊമാന്റിക് കണ്‍ട്രിയെന്നറിയപ്പെടുന്ന ഫ്രാന്‍സാണ്. ഫ്രാന്‍സ് തങ്ങളുടെ വാതിലുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി തുറന്ന് കൊടുത്തിട്ട് അധിക നാളുകളായിട്ടില്ല. ഇന്ത്യയുമായി ഉണ്ടാക്കിയ പുതിയ കരാര്‍ അനുസരിച്ച് 2030 നുള്ളില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കുമെന്നാണ് ഫ്രാന്‍സ് പ്രഖ്യാപിച്ചത്. ഇതിനായി അഞ്ചുവര്‍ഷ കാലാവധിയുള്ള ലക്ഷക്കണക്കിന് വിസകള്‍ വിതരണം ചെയ്യുമെന്നും ഫ്രഞ്ച് ഭരണകൂടം അറിയിച്ചിരുന്നു. അക്കാദമിക മേഖലയിലെ ആധിപത്യമാണ് ഫ്രാന്‍സിനെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പക്ഷെ ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാനവെല്ലുവിളി ഉയര്‍ന്ന ജീവിത ചെലവ് തന്നെയാണ്. കൂട്ടത്തില്‍ ട്യൂഷന്‍ ഫീസും, താമസ സൗകര്യവും. ഈ പ്രതിസന്ധി മറികടക്കാനായി വിദേശ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളും ഫ്രാന്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ആര്‍ട്‌സ്, സയന്‍സ്, എഞ്ചിനീയറിങ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം പ്രധാനം ചെയ്യുന്ന രാജ്യമാണിത്. യൂണിവേഴ്‌സിറ്റി ഓഫ് പാരീസ്, യൂണിവേഴ്‌സിറ്റി ഗ്രെനോബിള്‍ ആല്‍പ്‌സ്, ഇ.എന്‍.എസ് ലയോന്‍ എന്നിവയാണ് ഫ്രാന്‍സിലെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികള്‍.
വിദേശ വിദ്യാഭ്യാസം യൂറോപ്പില്‍; പഠനത്തിന് ഏറ്റവും അനുയോജ്യമായ അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."