മണിപ്പൂര്‍ മുസ്‌ലിംകള്‍ അഥവാ രക്ഷക പംഗലുകള്‍
ബഷീര്‍ മാടാല
നാ ലു ഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട മണിപ്പൂർ പ്രകൃതിഭംഗികൊണ്ട് മനം കവരുന്ന ഭൂപ്രദേശമാണ്. അനുഗൃഹീത കാലാവസ്ഥയും വൈവിധ്യങ്ങൾ നിറഞ്ഞ സംസ്കാരങ്ങളുടെ കലവറയുമാണ് ഈ ദേശം. ജല സമ്പന്നമായ ഭൂപ്രകൃതി ആവോളം ആസ്വദിക്കാൻ സഞ്ചാരികൾ എത്തുന്ന ഒരിടം കൂടിയാണിത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി മണിപ്പൂർ കലാപ കലുഷിതമാണ്. ഇവിടുത്തെ സ്ഥിരവാസികളായ മെയ്തികളും കുക്കികളും നേരിട്ട് ഏറ്റുമുട്ടുന്നു.
മൂന്ന് മാസം മുമ്പ് തുടങ്ങിയ സംഘർഷങ്ങൾ ഇപ്പോഴും തുടരുന്നു. ഇവർക്കിടയിൽ മണിപ്പൂരിൽ മറ്റ് രണ്ടു വിഭാഗങ്ങൾ കൂടിയുണ്ട്. നാഗന്മാരും മെയ്തി പംഗൽസ് എന്ന പേരിൽ അറിയപ്പെടുന്ന മണിപ്പൂരി മുസ്‌ലിം സമൂഹവും. ജനസംഖ്യയിൽ 8.4 ശതമാനം വരുന്ന പംഗലുകൾ മെയ്തികൾക്കൊപ്പം ഇംഫാൽ താഴ്‌വരകളിലും കുക്കികൾക്കൊപ്പം കുന്നിൻ പുറങ്ങളിലുമാണ് താമസിക്കുന്നത്.
മണിപ്പൂരി ഭാഷ സംസാരിക്കുന്ന മുസ് ലിംകൾ കൃഷി, കച്ചവട രംഗങ്ങളിൽ സജീവമാണ്. ഇസ്‌ലാമിക സ്വത്വം നിലനിർത്തിക്കൊണ്ട് നിലപാടുകളിൽ ഉറച്ച് ഇവർ മണിപ്പൂരിന്റ വിശാല ഭൂമിയിൽ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. മുസ്‌ലിംകളിലെ വ്യത്യസ്ത ആശയധാരകൾ പിന്തുടരുന്നവരുണ്ടെങ്കിലും മെയ്തി ഭാഷ സംസാരിക്കുന്ന അവർക്ക് മണിപ്പൂരിലെ ജനസമൂഹത്തിൽ വലിയ സ്ഥാനമാണുള്ളത്.
മണിപ്പൂർ കലാപത്തിന്റെ ക്രൂരതകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് കുക്കികളെയാണ് വെടിവച്ചുകൊന്നത്. സംഘർഷം ഇനിയും വ്യാപിക്കുമെന്ന സൂചനയാണിത് നൽകുന്നത്. ഇരുകൂട്ടരും പരസ്പരം ആയുധങ്ങളുമായി ഏറ്റുമുട്ടുമ്പോൾ ഇരു മേഖലകളിലേക്കും ഇന്ന് സ്വതന്ത്ര സഞ്ചാരം അനുവദിക്കുന്നത് പംഗലുകൾക്ക് മാത്രമാണ്. രണ്ട് ധ്രുവങ്ങളായി മാറിക്കഴിഞ്ഞ കുക്കി-മെയ്തി വിഭാഗക്കാരിലേക്ക് ചെന്നെത്താൻ കഴിയുന്നത് ഇവർക്കു മാത്രമാണ്.
കലാപം അതിന്റെ മൂർധന്യത്തിൽ എത്തിയ മെയ് മാസത്തിലെ ആദ്യ ദിവസങ്ങളിൽ ഇംഫാൽ പട്ടണത്തിലെ താമസ സ്ഥലത്തേക്ക് ഇരച്ചെത്തിയ മെയ്തികളുടെ അക്രമത്തിൽനിന്നു കുക്കികളെ രക്ഷിച്ച് കവചമൊരുക്കിയത് ആയിരക്കണക്കിനു വരുന്ന പംഗലുകളായിരുന്നു. എല്ലാം തകരുന്നത് നിസ്സഹായതയോടെ നോക്കിനിന്ന കുക്കി വിഭാഗക്കാർക്ക് പട്ടണത്തിലെ തങ്ങളുടെ പള്ളികൾ തുറന്നുകൊടുത്ത് അവരെ സുരക്ഷിത സ്ഥാനങ്ങളിൽ പംഗലുകൾ എത്തിച്ചു. ആയിരക്കണക്കിന് കുക്കി ക്രിസ്ത്യാനികൾക്ക് മെയ്തി കളുടെ അക്രമത്തിൽനിന്ന് ജീവിതം തിരിച്ചുകിട്ടിയത് ഇവരുടെ സമയോചിത ഇടപെടലുകൾകൊണ്ട് മാത്രമായിരുന്നു. ഇരകളാകുന്ന മെയ്തികളുടെ മുന്നിലും രക്ഷകരുടെ വിശാല കരങ്ങളുമായി പംഗലുകൾ എത്തി. ചുരാചന്ദ്പുർ, മൊറെയ് തുടങ്ങിയ കുന്നിൻമുകളിലെ കുക്കി ആധിപത്യമേഖലകളിൽനിന്ന് ആയിരക്കണക്കിന് മെയ്തികളെ രക്ഷിക്കാൻ അവർ മുന്നിലുണ്ടായിരുന്നു.
മണിപ്പൂരിൽ 2,39,886 പംഗലുകളുണ്ട്. ഇവരിൽ കൂടുതൽ പേരും ഇംഫാൽ പട്ടണത്തിൽ മെയ്തി വിഭാഗക്കാർക്കൊപ്പമാണ് കഴിഞ്ഞുവരുന്നത്. ഏറ്റവും കൂടുതൽ പേർ ഒന്നിച്ചുകഴിയുന്നത് ക്വാക്റ്റയിലാണ്. ബാക്കിവരുന്നവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും. ക്വാക്റ്റയാണ് പംഗലുകളുടെ ഭൂരിപക്ഷ പ്രദേശം. ചൂരാചന്ദ്പൂർ മലനിരകളുടെ അതിർത്തിയിൽ സമീപത്തെ ഒമ്പത് മലനിരകളെ ചുറ്റി തെക്കേയറ്റത്ത് കുന്നുകൾ തുടങ്ങുന്നിടത്താണ് ക്വാക്റ്റ എന്ന സമൃദ്ധമായ വ്യാപാരകേന്ദ്രം. സമീപത്തെ കുന്നുകൾക്കരികെ ടോർബംഗ്, ബംഗ്ല, വെയ്കുറോക് തുടങ്ങിയ മെയ്തി പ്രദേശങ്ങളും, ഏറെ ദൂരയല്ലാതെ കാംഗ്വായ് കുക്കി മേഖലകളും. കലാപനാളുകളിൽ ഈ പ്രദേശം രക്ഷയുടെ തുരുത്തായി മാറി. പരിസര ഗ്രാമങ്ങളിലാകമാനം വീടുകൾ പരസ്പരം കത്തിച്ച് ഓടിരക്ഷപ്പെടുന്നവരുടെ വാർത്തകൾ ക്വാക്റ്റയിൽ വൻ പ്രകമ്പനം ഉണ്ടാക്കിയെങ്കിലും അവിടെ തീപ്പൊരി വീഴാൻ പോലും പംഗലുകൾ അനുവദിച്ചില്ല. ഇരു കൂട്ടരുടെയും നിരവധി ഗ്രാമങ്ങൾ സംരക്ഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്ന് ക്വാക്റ്റ സ്വദേശിയായ അബ്ദുൽ ബാരി പറഞ്ഞു. (പിന്നീട് ഇവിടെ ചില അനിഷ്ടസംഭവങ്ങൾ ഉണ്ടായെങ്കിലും പംഗലുകളുടെ സമയോചിത ഇടപെടലുകൾകൊണ്ട് അക്രമം വ്യാപിച്ചില്ല)
എങ്കിലും മണിപ്പൂരിലെ പംഗലുകൾ തൊഴിൽ-വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ വിവേചനം നേരിടുന്നുണ്ട്. മറ്റു വിഭാഗക്കാരെ അപേക്ഷിച്ച് ആനുപാതികമായി കുറഞ്ഞ സർക്കാർ സഹായം മാത്രമേ ലഭിക്കുന്നുള്ളൂ. ഉന്നത വിദ്യാഭ്യാസരംഗത്ത് വേണ്ടത്ര ശോഭിക്കാൻ കഴിയാത്തത് സൗകര്യങ്ങളുടെ അഭാവം കൊണ്ടാണെന്ന് ഒാൾ മണിപ്പൂർ മുസ്‌ലിം കോഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എസ്.എം ജലാൽ പറയുന്നു. കോഡിനേഷൻ കമ്മിറ്റിക്കു കീഴിൽ ഇവിടെ നിരവധി പള്ളികളും മദ്റസകളുമുണ്ട്. സ്ത്രീവിദ്യാഭ്യാസ കാര്യത്തിലും മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിക്കുമെങ്കിലും മെയ്തി ഭാഷയാണ് പ്രധാനം.
മണിപ്പൂരി പംഗലുകളെ ഏറെ ദുഃഖിപ്പിക്കുന്ന സംഭവം ഉണ്ടായത് 1993ലാണ്. അന്ന് നടന്ന കലാപത്തിൽ മെയ്തി ആൾക്കൂട്ടങ്ങൾ നിരവധി മുസ് ലിംകളെയാണ് കൊന്നൊടുക്കിയത്. ന്യൂനപക്ഷമായ മുസ്‌ലിംകൾ മെയ്തി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്നും കൊന്നൊടുക്കുന്നുവെന്നുമുള്ള വ്യാപക നുണക്കഥകൾക്ക് പിന്നാലെയായിരുന്നു കൂട്ടക്കുരുതി നടന്നത്.
അന്നത്തെ അതിക്രമങ്ങൾക്ക് കനത്ത ശിക്ഷ കുറ്റവാളികൾക്ക് ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ നടക്കുന്നതുപോലെയുള്ള സംഭവങ്ങൾ മണിപ്പൂരിൽ ആവർത്തിക്കുമായിരുന്നില്ലെന്ന് കരുതുന്നവരാണ് പംഗലുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."