അടിച്ചുപൊളിക്കാന്‍ അര്‍ബാനിയ
വീൽ
വിനീഷ്
ടൂറിന് ഏഴോ എട്ടോ പേരില്‍ കൂടിയാല്‍ ഒരു ഇന്നോവയില്‍ കൊള്ളില്ല. പിന്നെയുള്ള ഒരു ഓപ്ഷന്‍ ടെംപോട്രാവലര്‍ ആണ്. പക്ഷേ, ഇന്നോവയുടെ സുഖമൊന്നും തരാന്‍ ട്രാവലറിനാകില്ലെന്നാണ് പരാതിയെങ്കില്‍ അതിനുള്ള ഉത്തരമാണ് അര്‍ബാനിയ. ട്രാവലറിന്റെ നിര്‍മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ലക്ഷ്വറി പീപ്പിള്‍ മൂവര്‍. ആയിരം കോടി രൂപയോളമാണ് പുതിയ വാനിന്റെ ഡിസൈനിനും നിര്‍മാണത്തിനുമായി ഫോഴ്‌സ് മോട്ടോഴ്‌സ് ചെലവഴിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ വാന്‍ നിര്‍മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സ് നേരത്തെ അറിയപ്പെട്ടിരുന്നത് ബജാജ് ടെംപോ ലിമിറ്റഡ് എന്നായിരുന്നു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ടെംപോയും ഇന്ത്യയിലെ ബജ് രാജ് ട്രേഡിങ് കമ്പനിയും സഹകരിച്ചാണ് ഇവിടെ വാഹന നിര്‍മാണം ആരംഭിച്ചത്. രണ്ട് മൂന്ന് ദശാബ്ദം മുമ്പു വരെ ടെംപോയുടെ വാനുകളും മിനിലോറികളും നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായിരുന്നു. മുമ്പ് പെട്രോള്‍ അംബാസിഡര്‍ കാറുകള്‍ ഡീസല്‍ ആക്കി മാറ്റുന്നതിനും ടെംപോ വാനുകളുടെ എന്‍ജിനുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
പൂനെ ആസ്ഥാനമായുള്ള ഫിറോദിയ ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് ബജാജ് ടെംപോ ഫോഴ്‌സ് മോട്ടോഴ്‌സ് ആയി മാറിയത്. പക്ഷേ, പഴയ ജര്‍മന്‍ കണക്ഷന്‍ വച്ച് ഇന്നും മെഴ്‌സിഡസ് ബെന്‍സിനടക്കം എന്‍ജിന്‍ ഭാഗങ്ങള്‍ ഫോഴ്‌സ് മോട്ടോഴ്‌സ് നിര്‍മിച്ചു നല്‍കുന്നുണ്ട്.
കമ്പനി 2020ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ആര്‍ബാനിയയെ ആദ്യംഅവതരിപ്പിച്ചത്. പിന്നാലെ വന്ന കൊവിഡ് കാരണം വാഹനത്തിന്റെ ലോഞ്ചിങ് നീണ്ടുപോവുകയായിരുന്നു. ക്രാഷ് പ്രൊട്ടക്ഷനും റോള്‍ ഓവര്‍ പ്രൊട്ടക്ഷനും സുരക്ഷയ്ക്കായി നല്‍കുന്ന ഈ വിഭാഗത്തിലെ ആദ്യ വാഹനം കൂടിയാണ് അര്‍ബാനിയ. ഡ്രൈവര്‍ക്കും കോ പാസഞ്ചര്‍ക്കും എയര്‍ ബാഗുകളടക്കം വരുന്നുണ്ട്. സുഖസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ക്യാബിനിനുള്ളിലെ NVH ലെവലുകള്‍ കുറയ്ക്കുന്നതിനും എഞ്ചിന്‍ പൂര്‍ണമായും ക്യാബിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന 2-ബോക്‌സ് നിര്‍മാണമാണ് അര്‍ബാനിയയുടെ സവിശേഷത.
ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ESP, ABS, EBD, ഓള്‍-വീല്‍ വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ വാഹനത്തിലെ എടുത്തുപറയേണ്ട മറ്റു കാര്യങ്ങളാണ്. ഒരു വാന്‍ എന്നതിലുപരി കാറിന്റെ ഫീച്ചറുകള്‍ ആണ് അര്‍ബേനിയയ്ക്ക്.ഇന്‍ഡിപെന്‍ഡന്റ് ഫ്രണ്ട് സസ്‌പെന്‍ഷന്‍, വ്യക്തിഗത എ.സി വെന്റുകള്‍, ബെല്‍റ്റുകളോട് കൂടിയ റീക്ലൈനിങ് സീറ്റുകള്‍, പനോരമിക് സീല്‍ഡ് വിന്‍ഡോകള്‍, വ്യക്തിഗത റീഡിങ് ലാമ്പുകള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിങ് വീല്‍ തുടങ്ങി ഡ്രൈവിങ്ങിനും യാത്രാ സുഖത്തിനും വേണ്ടി ഒരു ലക്ഷ്വറി കാറില്‍ കാണുന്ന ഫീച്ചറുകളെല്ലാം അര്‍ബേനിയയിലും ഇടം പിടിച്ചിട്ടുണ്ട്.
ഡാഷ്‌ബോര്‍ഡ് ഘടിപ്പിച്ച ഗിയര്‍ ലിവര്‍, വലിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റ് സിസ്റ്റം എന്നിവയും വാഹനത്തിലെ മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകളാണ്.
ഇനിഡിസൈന്‍ നോക്കിയാല്‍ മുന്‍പില്‍ ട്രാവലറിലേത് പോലെ ഫോഴസ് മോട്ടോഴ്‌സ് എന്ന എഴുത്തില്ല. പകരംഅര്‍ബേനിയ എന്നാണ് നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് ട്രാവലറിന് സമാനമായി രണ്ട് ഡോറുകളും തൊട്ടുപിന്നില്‍ ഇടത് വശത്ത് ഒരു സ്‌ളൈഡിങ് ഡോറും നല്‍കിയിട്ടുണ്ട്. മുന്നിലെ സീറ്റ് മടക്കി ഉള്ളില്‍ കയറേണ്ട ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാകും. ട്രാവലറിന്റെ 15 ഇഞ്ചിന് പകരം16 ഇഞ്ച് വീലുകളാണ് അര്‍ബാനിയ്ക്ക് നല്‍കിയിട്ടുള്ളത്. വാനിന്റെ നീളം അടിസ്ഥനാമാക്കി മൂന്ന് മോഡലുകളാണുള്ളത്. ഷോര്‍ട്ട് വീല്‍ബേസില്‍ 11 പേര്‍ക്കും മീഡിയം വീല്‍ബേസില്‍ 14 പേര്‍ക്കും ലോങ് വീല്‍ബേസില്‍ 17 പേര്‍ക്കും ഡ്രൈവറെ കൂടാതെ സഞ്ചിരിക്കാം. ഫോഴ്‌സ് ഗൂര്‍ഖയില്‍ അടക്കമുള്ള 2.6 ലിറ്റര്‍ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിന്‍ ആണ് അര്‍ബാനിയയിലും ഉപയോഗിച്ചിരിക്കുന്നത്. മെഴ്‌സിഡസ് ബെന്‍സിന്റെ ലൈസന്‍സില്‍ നിര്‍മിച്ച ഈ എന്‍ജിന്‍114 ബി.എച്ച്. പി കരുത്തുള്ളതാണ്.
ഇനി ഒരു കാര്യം കൂടി അര്‍ബാനിയ ഇന്ത്യ മാത്രം മുന്നില്‍ക്കണ്ട് തയാറാക്കിയ ഒരുവാഹനല്ല. 43 രാജ്യങ്ങളിലെ മാര്‍ക്കറ്റുകളിലേക്കാണ് ഇവിടെ നിന്ന് അര്‍ബാനിയ എത്തുക.
പുതിയ അര്‍ബാനിയയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പീപ്പിള്‍ മൂവര്‍ വാനിനെയാണ് ഫോഴ്‌സ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ പ്രാരംഭ മോഡലിന് 28.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. തങ്ങളുടെ ട്രാവലര്‍ വാന്‍ നവീകരിക്കാന്‍ കാത്തിരിക്കുന്ന ഭൂരിഭാഗം ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും അര്‍ബാനിയ നല്ലൊരു ഓപ്ഷനായിരിക്കുമെന്ന വിശ്വാസത്തിലാണ് ഫോഴ്‌സ് മോട്ടോഴ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."