ചെന്നിത്തലയുടെ പ്രയാസം പാര്‍ട്ടി പരിഹരിക്കും; അകത്തെ കാര്യങ്ങള്‍ ഭംഗിയായി നോക്കി നടത്താന്‍ കോണ്‍ഗ്രസിന് അറിയാമെന്നും വേണുഗോപാല്‍
ചെന്നിത്തലയുടെ പ്രയാസം പാര്‍ട്ടി പരിഹരിക്കും; അകത്തെ കാര്യങ്ങള്‍ ഭംഗിയായി നോക്കി നടത്താന്‍ കോണ്‍ഗ്രസിന് അറിയാമെന്നും വേണുഗോപാല്‍
ന്യൂഡല്‍ഹി: പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അത് പാര്‍ട്ടി ഭംഗിയായി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടന സംബന്ധിച്ചുള്ള വിവാദങ്ങളിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസിന്റെ ഇന്ത്യയിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന് പ്രയാസമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് മടിയില്ല. അക്കാര്യത്തില്‍ യാതൊരു പ്രയാസവും ആര്‍ക്കും വേണ്ട. രമേശ് ചെന്നിത്തലയുടെ സേവനം പാര്‍ട്ടി ഉപയോഗിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ചിന്തന്‍ ശിബറിലെ തീരുമാന പ്രകാരം എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പാക്കിയാണ് പുനഃസംഘടന നടത്തിയത്. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ വിപ്ലവകരമായ പട്ടികയാണിത്. പട്ടികയില്‍ ഉള്‍പ്പെട്ട ആരും മോശക്കാരല്ല. പരിചയ സമ്പന്നരും പുതുമുഖങ്ങളും വേണ്ടി വരും. പ്രവര്‍ത്തക സമിതി പട്ടികയിലെ നല്ല കാര്യങ്ങളെ കുറിച്ചല്ല മാധ്യമങ്ങള്‍ പറയുന്നതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കും ജീര്‍ണതക്കും നെറികേടിനും എതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ വേട്ടയാടലിനെതിരെ വോട്ടര്‍മാര്‍ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രവര്‍ത്തക പട്ടിക പുറത്തു വന്നതിന് പിന്നാലെ പരാതിയുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു. അര്‍ഹിച്ച സ്ഥാനം ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഇപ്പോഴുള്ളത് 19 വര്‍ഷം മുന്‍പുള്ള സ്ഥാനമാണെന്നും പ്രമോഷന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് പരസ്യമായി ഉന്നയിച്ചില്ലെങ്കിലും അദ്ദേഹം കടുത്ത അതൃപ്തിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് പ്രതികരിക്കാത്തതെന്ന് നേതാക്കളെ അറിയിച്ചിരിക്കുകയാണ് ചെന്നിത്തലയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ചെന്നിത്തലയുടെ പരാതിയില്‍ പല ദേശീയ നേതാക്കളും ഇടപെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."