റൊട്ടി വില്‍പനക്കാരന്റെ ജുമുഅ: ഖുത്വുബ
1396 സെപ്റ്റംബര്‍ 25ന് ബള്‍ഗേറിയയിലെ നിക്കൊപോളിയില്‍വച്ചു യൂറോപ്യന്‍ കുരിശു സൈന്യവും ഓട്ടോമന്‍ തുര്‍ക്കികളും ഏറ്റുമുട്ടി. മുസ്‌ലിം സേനയെ നേരിടാന്‍ മറു ഭാഗത്ത് ഹംഗറി, ബള്‍ഗേറിയ, ക്രൊയേഷ്യ, വല്ലെഷ്യ, ഫ്രഞ്ച്, ബര്‍ഗണ്ടി, ജര്‍മന്‍ സഖ്യ സൈന്യത്തോടൊപ്പം വെനീഷ്യന്‍ നാവികര്‍. എന്നിട്ടും സുല്‍ത്വാന്‍ ബായസീദ് ഒന്നാമന്റെ നേതൃത്വത്തിലുള്ള മുസ്‌ലിംകള്‍ വിജയിച്ചു. അതോടെ അവര്‍ യൂറോപ്പിലെ വന്‍ശക്തിയായി മാറി.
നിക്കൊപോളിസ് യുദ്ധത്തിന്റെ വിജയ സ്മാരകമായി, അന്നത്തെ തുര്‍ക്കി തലസ്ഥാനമായ ബുര്‍സയില്‍ മനോഹരമായ ഒരു മസ്ജിദ് നിര്‍മിച്ചു. ഇരുപത് താഴികക്കുടങ്ങളും രണ്ടു മിനാരങ്ങളുമുള്ള മനോഹരമായ മസ്ജിദ് !
അങ്ങനെ മസ്ജിദിന്റെ ഉദ്ഘാടന ദിനം വന്നെത്തി. ഒരു വെള്ളിയാഴ്ചയാണത്. സുല്‍ത്വാനും മന്ത്രിമാരും ഉലമാക്കളുമെല്ലാം പള്ളിയില്‍ എത്തി. വാങ്കുവിളി കഴിഞ്ഞപ്പോഴുണ്ട്, സുല്‍ത്വാന്‍ എഴുന്നേറ്റുനിന്നു ആരെയോ തിരയുന്നു. അവസാനം ആളെ കണ്ടെത്തി. അയാളെ അടുത്തേക്ക് ക്ഷണിച്ചുകൊണ്ട് ബായസീദ് പറഞ്ഞു: 'നിങ്ങള്‍ ഇവിടെ വരൂ. നിങ്ങളാണ് ഇന്ന് ഖുത്വുബ ഓതി പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടത്...'
ഉദ്ഘാടനത്തിനായി സുല്‍ത്വാന്‍ ക്ഷണിക്കുന്ന ആളെ കണ്ടു ജനം ആകെ അമ്പരന്നു. ബുര്‍സ നഗരത്തില്‍ റൊട്ടിചുട്ട് വിറ്റുനടക്കുന്ന ഒരു പാവം മനുഷ്യന്‍! സ്വന്തമായി വീടുപോലുമില്ല. എന്നാലും അയാളുടെ റൊട്ടി നല്ല രുചിയാണ്. വെടിപ്പും വൃത്തിയുമുള്ള കച്ചവടക്കാരനാണ്. റൊട്ടിക്കാരന്‍ എന്ന അര്‍ഥത്തില്‍ ആളുകള്‍ അയാളെ സൊമുഞ്ചു ബാബ എന്നാണ് വിളിക്കാറുള്ളത്. തെരുവില്‍ കുട്ടികളെ അയാള്‍ കളിപ്പിക്കാറുണ്ട്. അതുകൊണ്ട് കുട്ടികള്‍ക്കെല്ലാം സൊമുഞ്ചു ബാബയെ പെരുത്ത് ഇഷ്ടമാണ്. അതിനപ്പുറം അയാള്‍ക്ക് എന്തു യോഗ്യതയാണുള്ളത്? ലോകപ്രശസ്ത പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ശൈഖുല്‍ ഇസ്‌ലാം ശംസുദ്ദീന്‍ ഫനാരിയെ പോലുള്ള മഹാ ജ്ഞാനികള്‍ സദസിലുണ്ട്. എന്നിട്ടും ഒരു റൊട്ടിക്കാരനെ ഖുത്വുബക്ക് വിളിക്കുകയോ? ജനം അതിശയത്തോടെ നോക്കി.
സൊമുഞ്ചി ബാബ മുന്നോട്ടുവന്നു. സുല്‍ത്വാനെ ഒന്നു രൂക്ഷമായി നോക്കി. എന്നിട്ടു പറഞ്ഞു: 'എന്റെ മറ പൊളിക്കുകയാണ്...ലേ'. സുല്‍ത്വാന്‍ ഒരിക്കല്‍ കൂടി ഖുത്വുബ നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടു. ബാബ മിമ്പറില്‍ കയറി. ഖുത്വുബ ആരംഭിച്ചു. ഖുര്‍ആനിലെ പ്രഥമ അധ്യായം, ഫാതിഹ ഓതി വ്യാഖ്യാനിക്കാന്‍ തുടങ്ങി. വശ്യമനോഹരമായ വ്യാഖ്യാനം. ഫാതിഹയിലെ ഏഴ് ആയത്തുകള്‍ക്ക് ഏഴു രീതിയിലുള്ള വ്യാഖ്യാനം. ബാബയുടെ വ്യാഖ്യാനം കേട്ട സാധാരണക്കാരും ഉലമാക്കളും ഒരുപോലെ അത്ഭുതപ്പെട്ടു പോയി. വിശ്വവിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ഐനുല്‍ അഅ്യാന്‍ പോലുള്ള വലിയ ഗ്രന്ഥങ്ങള്‍ രചിച്ച ശൈഖ് ശംസുദ്ദീന്‍ ഫനാരി പോലും ഒരു പഠിതാവിന്റെ കൗതുകത്തോടെ അതു കേട്ടിരുന്നു.
ഖുത്വുബയും നിസ്‌കാരവും കഴിഞ്ഞു. നാടെങ്ങും റൊട്ടിക്കാരന്‍ സെമുഞ്ചി ബാബയെ കുറിച്ചുള്ള സംസാരമായി. അപ്പോഴാണ് പലരും ബാബയുടെ യഥാര്‍ഥ ജീവിതം അന്വേഷിക്കുന്നത്. ശരിക്കുമുള്ള പേര് ശൈഖ് ഹാമിദ്. ഖൈസരിയ്യയില്‍ ജനിച്ച് തിബ്രീസിലും ശാമിലുമെല്ലാം പോയി ജ്ഞാനം നേടിയ പണ്ഡിതന്‍. സൂഫീ ത്വരീഖയുടെ മഹാഗുരുവായ അലാഉദ്ദീന്‍ അര്‍ദബൈലിയുടെ നീണ്ട കാലത്തെ സേവകനും ശിഷ്യനും.
ആധ്യാത്മികതയുമായി ബന്ധപ്പെട്ട തന്റെ യഥാര്‍ഥ മുഖം മറച്ചുവയ്ക്കാന്‍, വേഷം മാറി റൊട്ടിക്കാരനായി നടക്കുകയാണ് ശൈഖ് ഹാമിദ്. അതാണ് മറ്റൊരു വഴിയിലൂടെ സുല്‍ത്വാന്‍ അറിഞ്ഞിരിക്കുന്നത്. നാട്ടുകാരെ അറിയിച്ചിരിക്കുന്നത്. ജനം അതോടെ ശൈഖ് ഹാമിദിനു ചുറ്റും കൂടാന്‍ തുടങ്ങി. അതില്‍ അസ്വസ്ഥനായ ശൈഖ് ഹാമിദ് സൊമുഞ്ചി ബാബ തൊട്ടടുത്ത ദിവസം ആരോരും അറിയാതെ തുര്‍ക്കിയില്‍ നിന്ന് നാടുവിട്ടു. പലയിടങ്ങളിലും വേഷം മാറി നടന്നിരുന്ന ആ സൂഫിവര്യനെ പിന്നീട് മകന്‍ ഹിലാല്‍ ത്വയ്ബി മക്കയില്‍ നിന്നു തുര്‍ക്കിയിലെ ടെറന്‍ഡെയിലേക്കു കൊണ്ടുവന്നു. ശൈഖുല്‍ ഇസ്‌ലാം ശംസുദ്ദീന്‍ ഫനാരി ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. 1421ല്‍ ടെറന്‍ഡെയില്‍ വച്ചു ആ മഹാഗുരു മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഖബറിടം അന്നു മുതല്‍ സിയാത്ത് കേന്ദ്രമാണ്.
(ഓര്‍ഖാന്‍ മുഹമ്മദലി: റവാഇഉന്‍ മിനത്താരീഖില്‍ ഉസ്മാനി. പേജ്: 28-31)
ഞങ്ങളുടെ മതക്കാരെക്കാള്‍
മുസ്‌ലിംകളെയാണ് ഇഷ്ടം
സി.ഇ 1430. മുറാദ് രണ്ടാമന്‍(1403 - 1451) ഗ്രീസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ തെസലലോനിക്കി (Thessaloniki) തിരിച്ചുപിടിച്ചിരിക്കുന്നു. തന്റെ പ്രപിതാക്കള്‍ കൈകാര്യം ഒരു പ്രദേശവും കൈയടക്കാൻ ആരെയും അനുവദിക്കുകയില്ലെന്ന വാശി വിജയിച്ചിരിക്കുന്നു. അതിന്റെ സന്തോഷത്തില്‍, മുസ്‌ലിംകള്‍ സാലൂനീക്കി എന്നു വിളിക്കുന്ന നഗരത്തില്‍ വിശ്രമിച്ചിരിക്കുകയാണ് ഉസ്മാനി സുല്‍ത്വാന്മാരില്‍ ആറാമനായ മുറാദ്.
അപ്പോഴുണ്ട്, ഗ്രീസിലെ തന്നെ മറ്റൊരു പ്രധാന നഗരമായ ലുവാനിന(Loannina)യില്‍ നിന്ന് ഒരു സംഘം ആളുകള്‍ സുല്‍ത്വാനെ കാണാന്‍ വന്നിരിക്കുന്നു. ലുവാനിനയിലെ പൗരപ്രമുഖരും പ്രതിനിധികളുമാണവര്‍. അവര്‍ സുല്‍ത്വാന്‍ മുറാദ് രണ്ടാമനെ സമീപിച്ചു പറഞ്ഞു: 'നിങ്ങള്‍ തെസലലോനിക്കി കീഴടക്കിയ വാര്‍ത്തയറിഞ്ഞു വന്നതാണ് ഞങ്ങള്‍. ഇതുപോലെ ഞങ്ങളുടെ നാടും നിങ്ങള്‍ ഭരിക്കണം. നിങ്ങളുടെ ഭരണം ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഭരണകൂടം ഞങ്ങളെ നിരന്തരം പീഡിപ്പിക്കുന്നു. അക്രമിക്കുന്നു. അനീതി കാണിക്കുന്നു. നിങ്ങള്‍ ഞങ്ങളെ രക്ഷിക്കണം. നിങ്ങളുടെ ഭരണമാണ് ഞങ്ങള്‍ക്ക് ഇഷ്ടം'. അപരിചിതരായ ലുവാനിനക്കാരുടെ ആവശ്യം കേട്ടു സുല്‍ത്വാന്‍ ആകെ അമ്പരന്നു. ഒരു നാട്ടുകാര്‍ വന്നു അവരുടെ ഭരണം ഏറ്റെടുക്കാന്‍ തന്നെ ക്ഷണിക്കുന്നു. സാലൂനീക്കി തിരിച്ചുപിടിച്ചതുതന്നെ, അത് ഉസ്മാനികളുടെ ഭൂമികയായതുകൊണ്ടാണ്.
1374 മുതല്‍ ഉസ്മാനികള്‍ കൈകാര്യം ചെയ്യുന്ന സാലൂനീക്കി തങ്ങള്‍ക്ക് തന്നെ വേണമെന്ന് മുറാദ് രണ്ടാമന്‍ പലവട്ടം പറഞ്ഞതാണ്. അധിനിവേശികളായ വെനീസ് അധികൃതര്‍ക്ക് സമ്മാനങ്ങളും അപേക്ഷകളും നല്‍കിയതാണ്.
എന്നിട്ടും ധിക്കാര നിലപാട് സ്വീകരിച്ചപ്പോഴാണ് സൈനിക നടപടി എടുത്തത്. ലുവാനിന അതുപോലെയല്ല. രണ്ടും ഗ്രീസിലെ അടുത്തടുത്ത നാടുകളാണെങ്കിലും രണ്ടു ഭരണകൂടങ്ങളാണ്. ലുവാനിനയില്‍ തോക്കോ ഭരണാധികളാണ്. കാര്‍ലോ തോക്കോയും അയാളുടെ പിന്മുറക്കാരും. അവരുമായി ഉസ്മാനികള്‍ക്ക് ബന്ധമില്ല. അതു കൊണ്ടുതന്നെ ഒരു സൈനിക നീക്കത്തിലൂടെ ആ നാട് കൈയടക്കി ഭരിക്കാന്‍ ആഗ്രഹവുമില്ല.
സുല്‍ത്വാന്റെ താല്‍പര്യമില്ലായ്മ അറിഞ്ഞപ്പോള്‍, ലുവാനിനന്‍ പ്രതിനിധികള്‍ക്ക് സങ്കടമായി. അവര്‍ പിന്നെയും സുല്‍ത്വാനോട് അപേക്ഷിച്ചു; 'ഞങ്ങള്‍ മുസ്‌ലിംകള്‍ അല്ല. ക്രിസ്ത്യാനികളാണ്. പക്ഷേ, മുസ്‌ലിംകളുടെ നീതിബോധത്തെ കുറിച്ച് ഞങ്ങള്‍ പലരില്‍നിന്ന് കേട്ടിട്ടുണ്ട്.
സ്വന്തം ആദര്‍ശം മറ്റുള്ളവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയില്ലെന്നും, നീതിപൂര്‍വം പെരുമാറുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നത്. ക്രൂരരായ ഞങ്ങളുടെ ഭരണകൂടത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണം. ക്രിസ്ത്യാനികളായ അവരേക്കാള്‍ മുസ്‌ലിംകളായ നിങ്ങളെയാണ് ഞങ്ങള്‍ക്ക് ഇഷ്ടം....'
ലുവാനിനക്കാരുടെ ആ അപേക്ഷ തള്ളിക്കളയാന്‍ സുല്‍ത്വാനു കഴിഞ്ഞില്ല. 1430 ഒക്ടോബര്‍ 9ന് സിനാന്‍ പാഷയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സംഘത്തെ ലുവാനിനയിലേക്ക് പറഞ്ഞച്ചു. ആ നാട്ടുകാര്‍ ഇരുകൈകളും നീട്ടി മുസ്‌ലിംകളെ സ്വീകരിച്ചു. ഭരണത്തിന്റെയും അധികാരത്തിന്റെയും താക്കോല്‍ കൂട്ടങ്ങള്‍ അവര്‍ മുസ്‌ലിംകളെ ഏല്‍പ്പിച്ചു. ഒരിടത്തുനിന്നും എതിര്‍പ്പിന്റെ സ്വരമുയര്‍ന്നില്ല. ആഹ്ലാദത്തോടെ ജനം ഉസ്മാനികളെ വരവേറ്റു. അങ്ങനെ ഗ്രീസിലെ മറ്റൊരു പ്രദേശവും മുസ്‌ലിംഭരണത്തിനു കീഴിലായി.
സുല്‍ത്വാന്റെ പ്രതിനിധി സിനാന്‍ പാഷ ലുവാനിനയില്‍ സമ്പൂര്‍ണമായും സര്‍വമത സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. വെറും പ്രഖ്യാപനമല്ല. ഔദ്യോഗിക രേഖയായി തന്നെ. ലുവാനിനക്കാര്‍ നൂറ്റാണ്ടുകളോളം ആ സ്വാതന്ത്ര്യം ശരിക്കും ആസ്വദിച്ചു. 1913ല്‍ ബാള്‍ക്കന്‍ യുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെടുന്നതുവരെ ഇതായിരുന്നു, മുസ്‌ലിംകള്‍ യുവാനീന എന്നു വിച്ചിരുന്ന ആ നാടിന്റെ അവസ്ഥ.
(അലി അബ്ദുല്ല നബീല്‍: അദൗലത്തുല്‍ ഉസ്മാനിയ്യ 1/ 273-275, ഓര്‍ഖാന്‍ മുഹമ്മദലി: റവാഇഉന്‍ മിനത്താരീഖില്‍ ഉസ്മാനി. പേജ്: 28_31,ഇബ്‌റാഹീം ഹലീം ബക്: അത്തുഹ്ഫത്തുല്‍ ഹലീമിയ്യ. പേജ്: 58).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."