ഇത് തെലങ്കാന മോഡല്‍: സെക്രട്ടേറിയറ്റില്‍ ക്ഷേത്രവും മസ്ജിദും ചര്‍ച്ചും; ഒരുദിവസം ഒന്നിച്ച് ഉദ്ഘാടനവും
ഹൈദരാബാദ്: എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ പരിഗണിച്ച് സെക്രട്ടേറിയറ്റില്‍ ക്ഷേത്രവും മസ്ജിദും ചര്‍ച്ചും തുറന്ന് തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവു (കെ.സി.ആര്‍). വെള്ളിയാഴ്ച ഗവര്‍ണര്‍ തമിളസൈ സൗന്ദരരാജനൊപ്പമാണ് മുഖ്യമന്ത്രി മൂന്ന് ആരാധനാലയങ്ങളും ഉദ്ഘാടനംചെയ്തത്. സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ഘാടനശേഷം കെ.സി.ആര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കും എങ്ങിനെ ഒന്നിച്ചുപ്രവര്‍ത്തിക്കാം എന്നതിന്റെ മികച്ച ഉദാഹരണങ്ങള്‍ സൃഷ്ടിക്കുകയാണ് ഞങ്ങള്‍. മുഴുവന്‍ ഇന്ത്യക്കും ഇത് മാതൃകയാണ്. നൈസാമിന്റെ കാലത്ത് നിര്‍മിച്ചതിനെക്കാള്‍ നല്ല പള്ളിയാണ് ഇപ്പോള്‍ ഉയര്‍ന്നതെന്നും കെ.സി.ആര്‍ പറഞ്ഞു.
ഓരോ ആരാധനാലയങ്ങളുടെയും ഉദ്ഘാടനചടങ്ങിലേക്ക് അതത് മതനേതാക്കള്‍ക്കും ക്ഷണം ഉണ്ടായിരുന്നു. പള്ളി ഉദ്ഘാടനചടങ്ങിലേക്ക് ആഭ്യന്തരമന്ത്രി മഹ് മൂദ് അലി, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി, മജ്‌ലിസ് സഭാ കക്ഷി നേതാവ് അക്ബറുദ്ദീന്‍ ഉവൈസി തുടങ്ങിയവരും പങ്കെടുത്തു.
സെക്രട്ടറിയേറ്റിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായാണ് മൂന്ന് ആരാധനാലയങ്ങളും നിര്‍മിച്ചത്. 1500 ചതുരശ്ര അടിയുള്ള പള്ളിയുടെ നിര്‍മാണത്തിന് 2.9 കോടി രൂപ ചെലവിട്ടതായാണ് കണക്ക്.
മണിപ്പൂരില്‍ ചര്‍ച്ചുകളും ഹരിയാനയില്‍ മസ്ജിദുകളും തകര്‍ക്കുമ്പോള്‍ തെലങ്കാനയില്‍ അവ നിര്‍മിക്കപ്പെടുകയാണെന്ന് ഉദ്ഘാടനചിത്രങ്ങള്‍ പങ്കുവച്ച് ഉവൈസി പറഞ്ഞു. സമാധാനവും സമഭാവനയും നിലനില്‍ക്കുന്ന തെലങ്കാന സംസ്ഥാനം കോണ്‍ഗ്രസിനും ബി.ജെ.പിക്കും മാതൃകയാക്കാവുന്നതാണെന്നും ഉവൈസി പറഞ്ഞു.
Temple, mosque, church in Telangana Secretariat inaugurated same day
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."