പൊലിസ് നടപടികളിൽ പരക്കുന്നത് പകയുടെ മണം
എന്തുപറ്റി ഈ സർക്കാരിനെന്ന് നിഷ്പക്ഷമതികൾ പോലും മൂക്കത്ത് വിരൽവച്ചുപോകുന്ന വീഴ്ചകളാണ് ഓരോ ദിവസവും സംസ്ഥാന സർക്കാരിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നയരൂപീകരണത്തിലെ പാളിച്ചകളിലൂടെ സർക്കാരിനെ അടിക്കാൻ സർക്കാർ തന്നെ വടി കൊടുത്തുകൊണ്ടിരിക്കുകയാണ്. ഒന്നാം പിണറായി സർക്കാർ രണ്ട് തവണ പ്രളയമുണ്ടായപ്പോഴും കൊവിഡ് മഹാമാരി സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിച്ചപ്പോഴും കാണിച്ച മാതൃകാപരമായ പ്രവർത്തനങ്ങളെ വിദേശ രാജ്യങ്ങൾ പോലും പ്രശംസിച്ചതാണ്. ഒന്നാംപ്രളയ സമയത്ത് മുഖ്യമന്ത്രി വൈകുന്നേരങ്ങളിൽ മാധ്യമങ്ങൾക്ക് മുമ്പിൽ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ജനങ്ങൾക്ക് ധൈര്യം നൽകുകയും ചെയ്തതിനെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പ്രശംസിച്ചതാണ്. കൊവിഡ് മഹാമാരിക്കെതിരേ പ്രതിരോധം തീർക്കാൻ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ പ്രകടിപ്പിച്ച പ്രവർത്തന പ്രാഗത്ഭ്യത്തെയും വിദേശ പത്രങ്ങൾ വരെ ശ്ലാഘിക്കുകയുണ്ടായി. എന്നാൽ രണ്ടാം പിണറായി സർക്കാർ ജനങ്ങളിൽനിന്ന് അകന്നുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ഇപ്പോൾ ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എന്താകും അവസ്ഥയെന്ന് ഇടതുപക്ഷ ഏകോപന സമിതി യോഗം ചേർന്നു ചർച്ചചെയ്യുന്നത് ഉചിതമായിരിക്കും. എൽ.ഡി.എഫ് മുന്നണിയായും യു.ഡി.എഫ് മുന്നണിയായും കേരളത്തിലെ ജനങ്ങൾ വിഭജിക്കപ്പെട്ടിട്ടില്ലെന്ന് സർക്കാർ ഓർക്കണം. നിഷ്പക്ഷരായ ഒരു വലിയ വിഭാഗമാണ് സംസ്ഥാനം ആര് ഭരിക്കണമെന്ന് നിർണയിക്കുന്നത്. ആ തീരുമാനത്തിന്റെ ഫലമായിട്ടാണ് രണ്ടാം തവണയും ഇടതു സർക്കാർ അധികാരത്തിൽ വന്നത്.
അധികാരമേറ്റെടുത്തത് മുതൽ ജനങ്ങളെയും പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളെയും ശത്രുപക്ഷത്ത് കാണുന്ന നിലപാടാണ് ഈ സർക്കാരിൽനിന്ന് ഉണ്ടാകുന്നത്. അധികാരമുപയോഗിച്ചു പ്രതിപക്ഷത്തെയും എതിരുനിൽക്കുന്നു എന്ന് തോന്നുന്നവരെയും പ്രതികാരബുദ്ധിയോടെയാണ് നേരിടുന്നത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക കുറ്റകൃത്യ രഹസ്യാന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) പോലുള്ള ഒന്ന് പിണറായി സർക്കാരിന്റ കൈയിൽ ഉണ്ടായിരുന്നെങ്കിൽ സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ വീടുകളിലൊക്കെയും ഇതിനകം പലവട്ടം റെയ്ഡുകൾ നടന്നിട്ടുണ്ടാകും. ഇ.ഡി പോലുള്ള ഏജൻസി കൈയിലില്ലാത്തതുകൊണ്ടാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് മൂന്നാഴ്ചത്തേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ ഇൻഡിഗോ കമ്പനിയുടെ ബസ് വർക്ക്ഷോപ്പിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. 42,150 രൂപ നികുതിയിനത്തിൽ അടയ്ക്കാനുണ്ടെന്ന് പറഞ്ഞാണ് വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുപോകാനുപയോഗിക്കുന്ന ബസ് പിടിച്ചെടുത്തത്. ബസിൻ്റെ നികുതി കുടിശ്ശികയായി പിഴയടക്കം 48,000 രൂപ ഓൺലൈനായി ഇൻഡിഗോ കഴിഞ്ഞദിവസം അടച്ചിട്ടുണ്ട്. അധികാരത്തെ പ്രതികാരം തീർക്കാൻ ഇടത് സർക്കാർ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളിൽ ഒന്ന് ചൂണ്ടിക്കാട്ടാനാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്ക് ചുങ്കത്ത് അരങ്ങേറിയ പരാക്രമം ഇവിടെ ഉദ്ധരിച്ചത്.
രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നു. കോടതിയിൽ എത്തിച്ചതിനു പിറകെ പ്രതികളെന്ന് സർക്കാർ ആരോപിക്കപ്പെടുന്നവർ ജാമ്യത്തിൽ ഇറങ്ങുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ മാത്രമല്ല ഇങ്ങനെ കോടതിയിൽ എത്തി തൊട്ടുടൻ ജാമ്യം നേടി പുറത്തുവന്നത്. മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകി എന്ന കേസ് ചുമത്തിയാണ് കെ.എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശബരീനാഥനെ മണിക്കൂറിനകം കോടതി ജാമ്യത്തിൽ വിട്ടു.
അതുപോലെ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും വൈകാതെ ജാമ്യത്തിൽ ഇറങ്ങി. അതേസമയം ഇവർ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയെത്തുടർന്ന് ഇ.പി ജയരാജനെതിരേ വധശ്രമത്തിന് കേസെടുക്കാൻ വലിയതുറ പൊലിസിന് നിർദേശം നൽകിയിരിക്കുകയാണ് കോടതി. മുഖ്യമന്ത്രിയുടെ ഗൺമാൻ, പേഴ്സനൽ സ്റ്റാഫ് അംഗം എന്നിവർക്കെതിരേയും കേസെടുക്കാൻ നിർദേശമുണ്ട്.
ആരോപണം ഉന്നയിക്കുന്നവർക്കെതിരേ ഇ.ഡി, സി.ബി.ഐ പോലുള്ള ഏജൻസികളെ ഉപയോഗിക്കുക, വീടുകളും ഓഫിസുകളും റെയ്ഡ് ചെയ്യുക എന്നത് കേന്ദ്രസർക്കാർ നയമായി സ്വീകരിച്ചുപോരുന്ന കാലമാണിത്. സംസ്ഥാന സർക്കാരും അതിന്റെ പകർപ്പായി മാറുകയാണോ എന്ന് ചോദിക്കുന്നവരെ കുറ്റംപറയാനാകില്ല. സ്വപ്ന സുരേഷിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതികളിൽ ഒരാളുമായ സരിത്തിനെ തിരക്കിട്ടു വിജിലൻസ് കസ്റ്റഡിയിലെടുത്തത് മുതൽ അധികാരമുപയോഗിച്ചുള്ള പ്രതികാരത്തിന് പൊലിസിനെ ഉപയോഗിക്കുകയായിരുന്നു സർക്കാർ. പി.സി ജോർജിനെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനാണ് പൊലിസ് വിളിച്ചുവരുത്തിയത്. അവിടെ വച്ചു സരിത എസ്. നായരുടെ പരാതിയിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ ഇറങ്ങി. ഇതേ അമിതാവേശമാണ് കെ.എസ് ശബരീനാഥന്റെ കാര്യത്തിലും പൊലിസ് കാണിച്ചത്. ഇങ്ങനെ തിരിച്ചടികളാണ് തുടർച്ചയായി സംസ്ഥാന സർക്കാർ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ നിന്ന് പാഠമുൾക്കൊണ്ട് ഇനിയെങ്കിലും രാഷ്ട്രീയ എതിരാളികൾക്കെതിരേ കള്ളക്കേസ് എടുക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞാൽ അത്രയും നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."