യു.ഡി.എഫ് വിപുലീകരിക്കും
ബൂത്തുതലം മുതൽ പുനഃസംഘടന
ഇ.പി മുഹമ്മദ്
കോഴിക്കോട് • സംഘടനയിലെ അടിമുടി നവീകരണത്തിനും യു.ഡി.എഫ് വിപുലീകരണത്തിനും ഊന്നൽ നൽകി കെ.പി.സി.സി ചിന്തൻ ശിബിരത്തിന് സമാപനം.
ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകൾക്ക് തീവ്ര വലതുപക്ഷ ആശയങ്ങൾ പിന്തുടരുന്ന മുന്നണിയിൽ അധികകാലം നിൽക്കാനാവില്ലെന്നും അതൃപ്തരായ കക്ഷികൾക്ക് മുന്നണിവിട്ട് പുറത്തുവരേണ്ടിവരുമെന്നും ശിബിര തീരുമാനങ്ങൾ പ്രഖ്യാപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളും നേടുമെന്ന് ഉറപ്പുവരുത്തും. ഇടതുപക്ഷത്തിനൊപ്പമുള്ള പലരും അസ്വസ്ഥരാണ്. ഇത് മുതലെടുക്കാൻ സാധിക്കണം. പ്രവർത്തകരെ താഴേത്തലം മുതൽ പൊളിറ്റിക്കൽ ആക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കാൻ തീരുമാനിച്ചതായും കെ. സുധാകരൻ പറഞ്ഞു.
ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ ബി.ജെ.പി സർക്കാർ വേട്ടയാടുകയാണെന്ന് ശിബിരം വിമർശിച്ചു. കെ.എസ്.ആർ.ടി.സിയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണയ്ക്കും. പാർട്ടിയിൽ അച്ചടക്കം ഉറപ്പുവരുത്താൻ ജില്ലാതലത്തിൽ സമിതി രൂപീകരിക്കും. കെ.പി.സി.സിയിലും ഡി.സി.സിയിലും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും. കെ.പി.സി.സി മുതൽ ബൂത്തുതലം വരെ പുനഃസംഘടന നടത്തും. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കും. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ആഭ്യന്തര പരാതിപരിഹാര സെൽ രൂപീകരിക്കും. കാലാനുസൃതമായ സമരരീതി ആവിഷ്‌ക്കരിക്കും. ബൂത്തുതലത്തിൽ മുഴുവൻസമയ പ്രവർത്തകരെ കണ്ടെത്തും. കാലഹരണപ്പെട്ട പദാവലികൾ ഒഴിവാക്കി പരിഷ്‌കരിക്കും എന്നതുൾപ്പെടെ ചരിത്ര പ്രഖ്യാപനങ്ങളാണ് ശിബിരം നടത്തിയത്.
ദിശയിലും ദർശനത്തിലും മാറ്റവും മുന്നേറ്റവും ഉറപ്പുവരുത്തി, സംഘടനാ പ്രവർത്തനത്തിൽ കൂടുതൽ കരുത്ത് വിളംബരം ചെയ്താണ് ചിന്തൻ ശിബിരം സമാപിച്ചത്. പ്രതിനിധികൾ കൈകൾ കോർത്തുപിടിച്ച് എഴുന്നേറ്റുനിന്ന് ശിബിര പ്രഖ്യാപനം അംഗീകരിച്ചു. സമാപന സമ്മേളനത്തിൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷനായി. കെ.സി വേണുഗോപാൽ എം.പി, താരിഖ് അൻവർ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, എം.എം ഹസൻ, പ്രൊഫ. കെ.എ തുളസി, കെ.കെ എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."