ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റു
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റു. മുന്‍ കലക്ടര്‍ രേണു രാജ് ശ്രീരാമിന് ചുമതല കൈമാറി. ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ചുമതലയേല്‍ക്കുന്നത്. വെങ്കിട്ടരാമനെതിരെ ആലപ്പുഴ കലക്ടറേറ്റ് വളപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അരങ്ങേറി. പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഐഎഎസ് തലത്തില്‍ നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. വെങ്കിട്ടരാമന്റ നിയമനം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നടപടി പിന്‍വലിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആരോപിച്ചു. ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു.
2019 ലാണ് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."