വായ്പാപരിധിക്ക് കേന്ദ്രം ഉടക്കിടുന്നു; കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വായ്പാപരിധിക്ക് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. കിഫ്ബി വായ്പ സര്‍ക്കാരിന്റെ കടമയായി കാണുന്ന കേന്ദ്ര നയം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇതു തിരുത്തണമെന്നും ഇതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കൊവിഡ് പ്രത്യാഘാതത്തില്‍ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ല. സാമ്പത്തിക ഉത്തേജനത്തിന് രാജ്യം കൂടുതല്‍ ഇടപെടേണ്ട സമയമാണ്.
കിഫ്ബി വഴി വികസനം നടത്താനുള്ള സര്‍ക്കാര്‍ ശ്രമത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്ബിയുടെ വായ്പ കിഫ്ബിയുടെ വരുമാനത്തില്‍ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സര്‍ക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് നിയമ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബി കടം കേരളത്തിന്റെ കടമായി വ്യാഖ്യാനിക്കുന്ന കടമായി വിലയിരുത്തുന്നത് തെറ്റാണ്. ഈ കാരണം പറഞ്ഞ് കേരളത്തിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറക്കാനുള്ള നടപടിയില്‍ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേ സമയം വരുന്ന ഓണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്‍കുമെന്നദ്ദേഹം പ്രഖ്യാപിച്ചു. 14 ഇനങ്ങളുള്ള കിറ്റാണ് നല്‍കുകയെന്നും ഇതിനായി 425 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റ വ്യവസായ പുരോഗതിയില്‍ ചിലര്‍ക്ക് ആശങ്കയണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച ഗണ്യമായ രീതിയിലുണ്ട്. ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേപവുമെന്ന നയം സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വിവിധ നിക്ഷേപ വാഗ്ദാനം സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്. മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടി വിജയകരമായി സംഘടിപ്പിച്ചതില്‍, 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എല്‍എക്‌സിയുമായി 75 കോടിയുടെ പദ്ധതികള്‍ക്ക് കരാര്‍ ഒപ്പുവെച്ചു. പത്ത് മാസം കൊണ്ട് ഇവര്‍ക്കാവശ്യമായി കെട്ടിടം കൈമാറും. കാക്കനാട് 1200 കോടി നിക്ഷേപം വരുന്ന 20000 പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിക്ക് ഒപ്പുവെച്ചിട്ടുണ്ട്. ദുബൈ എക്‌സ്‌പോ വഴിയും കേരളത്തില്‍ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എം.എസ്.എംഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കൊടിയുടെ പാക്കേജ് നടപ്പാക്കുന്നുണ്ട്. 50 കോടി വരെ ഉള്ള വ്യവസായങ്ങള്‍ക്ക് അതിവേഗം അനുമതി നല്‍കുകയാണ് സംസ്ഥാനം. സംരംഭകരുടെ പരാതിയില്‍ അതി വേഗം നടപടി എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക തൊഴില്‍ അവസരം നേടുക അതാണ് ലക്ഷ്യം. കിന്‍ഫ്രക്ക് കീഴിലെ അഞ്ച് പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം കിട്ടി. വായ്പ നല്‍കുന്നതില്‍ കെ എസ് ഐ ഡി സി റെക്കോര്‍ഡ് നേട്ടം ഉണ്ടാക്കി.
സംസ്ഥാനത്ത് 2021 -22 കാലത്തു 1500 കൊടിയുടെ വിദേശ നിക്ഷേപം നേടി. സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ ഏക്കറിന് 30 ലക്ഷം വീതം നല്‍കും. ഒരു എസ്റ്റേറ്റിന് പരമാവധി മൂന്ന് കോടി നല്‍കും. സംസ്ഥാനം ഏഷ്യയില്‍ അഫോര്‍ഡബില്‍ ടാലന്റ് സിസ്റ്റത്തില്‍ ഒന്നാമതായി. ലോകത്തെ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി കേരളം മാറണമെന്നാണ് ആഗ്രഹം.
വാര്‍ത്താ സമ്മേളനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."