സജീവന്റെ മരണം: വടകര പൊലിസ് സ്റ്റേഷനിലെ ഹാർഡ് ഡിസ്‌ക്ക് കസ്റ്റഡിയിലെടുക്കും
വടകര: വാഹനാപകടവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവൻ (41) പൊലിസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നു. വടകര പൊലിസ് സ്റ്റേഷനിലെ ഹാർഡ് ഡിസ്‌ക്ക് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് ഹാർഡ് ഡിസ്‌ക്ക് കസ്റ്റഡിയിലെടുക്കും. സജീവനെതിരെ കേസെടുത്തത് മരിച്ചതിന് മുൻപോ ശേഷമോ എന്നറിയുകയാണ് ലക്ഷ്യം.
സംഭവത്തിൽ വടകര പൊലിസ് സ്റ്റേഷനിൽ കൂട്ട സ്ഥലം മാറ്റം നടത്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി. പൊലിസുകാർ മാനുഷിക പരിഗണന നൽകിയില്ലെന്നാണ് കണ്ടെത്തൽ. സംഭവത്തെത്തുടർന്ന് നേരത്തെ എസ്‌ഐ എം.നിജീഷ്, എഎസ്‌ഐ അരുൺ കുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
വാഹനാപകടവുമായി ബന്ധപ്പെട്ടാണ് വടകര കല്ലേരി സ്വദേശി സജീവനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽനിന്നു വിട്ടതിനുശേഷം സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത പൊലിസ് സംഘം സ്റ്റേഷനിൽ വച്ച് സജീവനെ മർദ്ദിച്ചതായി ഒപ്പമുണ്ടായിരുന്നവർ ആരോപിച്ചിരുന്നു. നെഞ്ച് വേദനയുണ്ടെന്ന് സജീവൻ പറഞ്ഞിട്ടും മുക്കാൽ മണിക്കൂറോളം സ്റ്റേഷനിൽ തന്നെ നിർത്തിയെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നു.
വടകര ടൗണിലെ അടയ്ക്കാതെരുവിൽ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി. ഒടുവിൽ പൊലിസെത്തി. സജീവൻ സഞ്ചരിച്ചിരുന്ന കാർ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്ന കാർ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരിൽ സബ് ഇൻസ്‌പെകർ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു.
മർദ്ദനമേറ്റതിന് പിന്നാലെ തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവൻ പറഞ്ഞു. എന്നാൽ പൊലിസുകാർ അത് കാര്യമാക്കിയില്ല. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികൾ പൂർത്തിയായതിന് പിന്നാലെ പൊലിസ് ഇവരെ വിട്ടയച്ചെങ്കിലും സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് പൊലിസുകാരുടെ ഉൾപ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
42കാരനായ സജീവൻ മരംവെട്ട് തൊഴിലാളിയാണ്. സംഭവം വിവാദമായതോടെ ഉത്തരമേഖല ഐടി ടി വിക്രത്തിന്റെ നേതൃത്വത്തിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ വടകരയിലെത്തി. പ്രാഥമിക അന്വേഷണത്തിൽ തന്നെ വടകര സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായി. തുടർന്നാണ് എസ്‌ഐ നിജേഷ്, എഎസ്‌ഐ അരുൺ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തത്. കസ്റ്റഡി മരണമെന്ന പരാതി ഉയർന്നതിനാൽ ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഇൻക്വസ്റ്റ് നടപടികൾ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."