ജനാധിപത്യത്തെ തൂക്കിലേറ്റുന്ന മ്യാന്മർ
റഫീഖ് റമദാൻ
ലോകത്ത് വധശിക്ഷ നിരോധിക്കുന്ന രാജ്യങ്ങൾ കൂടിവരുന്നതിനിടെയാണ് മ്യാന്മറിൽ നാലു ജനാധിപത്യ ആക്റ്റിവിസ്റ്റുകളെ വധശിക്ഷയ്ക്കിരയാക്കിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. പട്ടാളം ഭരിക്കുന്ന ഒരു രാജ്യത്ത് ഇതിൽ അത്ഭുതപ്പെടാനില്ലെങ്കിലും പതിറ്റാണ്ടുകൾക്കു ശേഷമാണ് ഇവിടെ വധശിക്ഷ തിരിച്ചുവരുന്നത് എന്ന പ്രത്യേകതയുണ്ട്. ഭീകരതാകുറ്റം ചുമത്തിയാണ് മുൻ ഭരണാധികാരി ഓങ് സാൻ സൂചിയുടെ ഭരണകാലത്ത് എം.പിയായിരുന്ന വ്യക്തിയുൾപ്പെടെയുള്ളവരെ വധശിക്ഷയ്ക്കിരയാക്കിയത്. യു.എൻ പതിവുപോലെ ഇതിനെ അപലപിച്ചു സായൂജ്യമടഞ്ഞു. 2021 ഫെബ്രുവരിയിൽ ജനാധിപത്യ നേതാവ് സൂചിയെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തപ്പോൾ മ്യാന്മറിൽ ഇടപെടാതിരുന്ന ഐക്യരാഷ്ട്രസഭ അപലപിക്കുന്നത് തന്നെ വലിയ കാര്യം. യു.എൻ ഒരു പ്രഹസനമായി തുടരുകയാണ്. വീറ്റോ അധികാരം ഏതാനും രാജ്യങ്ങളിൽ നിക്ഷിപ്തമാവുന്നത് തുടരുവോളം അതങ്ങനെത്തന്നെയാവുകയേയുള്ളൂ. മ്യാന്മറിൽ താൽപര്യമുള്ള ചൈന യു.എൻ രക്ഷാസമിതിയിലെ വീറ്റോ പവറുള്ള രാജ്യങ്ങളിൽ ഒന്നാണ് എന്നതാണ് അവിടെ പട്ടാള ഭരണകൂടം റോഹിംഗ്യൻ മുസ്്‌ലിംകളെയുൾപ്പെടെ ജീവനോടെ കത്തിക്കുമ്പോഴും യു.എന്നിനെ ഒന്നുറക്കെ കരയാൻ പോലും സാധിക്കാത്ത കാരണവരുടെ സീറ്റിലിരുത്തുന്നത്.
യു.എസിനു മ്യാന്മറിലെ പട്ടാള ഭരണകൂടത്തോട് മതിപ്പില്ലെങ്കിലും വീറ്റോ പ്രയോഗിക്കുന്നതിൽ അവരും പിന്നിലല്ല. ഇസ്‌റാഈൽ ഫലസ്തീനിൽ പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും യുവാക്കളെയും ദിനേന നിർദയം കൊന്നുതള്ളുമ്പോഴും അതിനെ അപലപിച്ച് പ്രമേയം പാസാക്കാൻ പോലും രക്ഷാസമിതിക്ക് സാധിക്കാത്തത് അമേരിക്കയുടെ വീറ്റോപവർ മൂലമാണ്. റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തുമ്പോൾ യു.എൻ കാഴ്ചക്കാരാകുന്നത് റഷ്യയും അവരെ പിന്തുണക്കുന്ന ചൈനയും വീറ്റോ ക്ലബിലെ പ്രബലരാണ് എന്നതിനാൽ തന്നെ.
അതേസമയം, യു.എന്നിന് ഇടപെടാൻ കഴിയാത്തപ്പോഴും അമേരിക്ക പോലുള്ള വൻശക്തി രാജ്യങ്ങൾക്ക് സ്വന്തം നിലയ്ക്ക് വിദേശ രാജ്യങ്ങളിൽ ഇടപെടാൻ കഴിയും. അവരത് ചെയ്യുന്നുമുണ്ട്. മ്യാന്മറിലും റഷ്യയിലും ഉപരോധം എന്ന നൂതന ആയുധമുപയോഗിച്ച് അമേരിക്ക ഇടപെട്ടത് കാണാതിരുന്നുകൂടാ. മ്യാന്മറിലെ പട്ടാള ഭരണാധികാരിയായ ജനറൽ മിൻ ഓങ് ലെയിങ്ങിനും ഭരണകൂടത്തിലെ പ്രമുഖർക്കുമെതിരേ യു.എസ് ഉപരോധം നിലവിലുണ്ട്. ഇത് നിലനിൽക്കുവോളം ഇവർക്ക് യു.എസിലേക്ക് യാത്രപോകാനോ അവിടെ ബിസിനസ് നടത്താനോ സാധിക്കില്ല. ബ്രിട്ടനും യൂറോപ്യൻ യൂനിയനും സമാനമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ പിന്തുണയുള്ളതിനാൽ ഈ ഉപരോധമൊന്നും പട്ടാള ഭരണകൂടത്തെ ഉലച്ചിട്ടില്ല.
പട്ടാള അട്ടിമറിയെ തുടർന്ന് ഇതുവരെ 2,100 പേർ സൈന്യത്തിന്റെയും പൊലിസിന്റെയും വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ അസിസ്റ്റൻസ് അസോസിയേഷൻ ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ്(എ.എ.പി.പി) പറയുന്നത്. ജീവിതകാലത്ത് പുറത്തിറങ്ങാനാവാത്ത അത്രയും കേസുകളും കുറ്റങ്ങളുമാണ് സമാധാന നൊബേൽ ജേതാവു കൂടിയായ ഓങ് സാൻ സൂചിക്കുമേൽ പട്ടാളം ചുമത്തിയിരിക്കുന്നത്. സൂചിയുടെ സഹായികളെ വധശിക്ഷയ്ക്കിരയാക്കിയതിലൂടെ ലോകരാജ്യങ്ങൾക്കും യു.എന്നിനും മുന്നറിയിപ്പ് നൽകുക കൂടിയാണ് ജനറൽ ലെയിങ് ചെയ്തിരിക്കുന്നത്. രഹസ്യവിചാരണ നടത്തിയാണ് വധശിക്ഷ വിധിച്ചത്. സൈന്യത്തിനെതിരേ പോരാടുന്നവരെ സഹായിച്ചു എന്നതാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം. കൊ ജിമ്മി എന്നറിയപ്പെടുന്ന ക്യാവ് മിൻ യൂ ആണ് തൂക്കിലേറ്റപ്പെട്ടവരിൽ പ്രമുഖൻ. മറ്റൊരാൾ മുൻ എം.പിയും ഹിപ് ഹോപ് കലാകാരനുമായ ഫിയോ സെയ തൗവാണ്. ഇതേ കുറ്റം ചുമത്തി വധശിക്ഷ കാത്തിരിക്കുന്ന നൂറിലേറെ പേർ മ്യാന്മറിലുണ്ടെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനൽ പറയുന്നത്.
1990കളിൽ മ്യാന്മറിൽ ജനാധിപത്യം പുനസ്ഥാപിച്ചതിനാണ് സൂചിക്ക് തൊട്ടടുത്ത വർഷം സമാധാന നൊബേൽ ലഭിച്ചത്. 2015ൽ മ്യാന്മറിൽ 25 വർഷത്തിനിടെ ആദ്യമായി ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ സൂചിയുടെ നേതൃത്വത്തിലുള്ള നാഷനൽ ലീഗ് ഫോർ ഡമോക്രസി(എൻ.എൽ.ഡി) വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. പട്ടാള പിന്തുണയോടെയായിരുന്നു അവരുടെ ഭരണം. ന്യൂനപക്ഷമായ റോഹിംഗ്യൻ മുസ്്‌ലിംകളെ അടിച്ചമർത്താനും കൊലചെയ്യാനും മൗനാനുവാദം നൽകി സൂചി പട്ടാളത്തിന്റെയും ബുദ്ധതീവ്രവാദികളുടെയും കൈയടി നേടി. എന്നാൽ തെരഞ്ഞെടുപ്പിൽ സൂചി വീണ്ടും വിജയിച്ചതോടെ ഭരണത്തിലുള്ള സ്വാധീനം നഷ്ടപ്പെടുമോയെന്ന പേടി പട്ടാളത്തിനുണ്ടായി. അതോടെ അവരെ വീട്ടുതടങ്കലിലാക്കുകയും അധികാരം സൈന്യം പിടിച്ചെടുക്കുകയും ചെയ്തു.
പട്ടാളം അധികാരം കൂടുതൽ ആസ്വദിക്കാൻ തുടങ്ങുന്നതോടെ റോഹിംഗ്യൻ മുസ്്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ കാര്യം കൂടുതൽ പരുങ്ങലിലാകും. 2017ലെ സൈനിക അടിച്ചമർത്തലിൽ ഏഴു ലക്ഷത്തിലേറെ റോഹിംഗ്യരാണ് രാജ്യംവിട്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. അതിനു മുമ്പും ശേഷവും രാജ്യംവിട്ടവരെ കൂടി ഉൾപ്പെടുത്തിയാൽ ഇത് 9 ലക്ഷം കവിയും. ഇത്രയും വലിയ കൂട്ടപ്പലായനത്തിന് ഉത്തരവാദികളായ പട്ടാളം വീണ്ടും ഉറക്കെ ചിരിക്കുകയാണ്, ജനാധിപത്യ ആക്റ്റിവിസ്റ്റുകളെ തൂക്കിലേറ്റിയതിലൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."