പീഡന പരാതിയില്‍ സിവിക് ചന്ദ്രന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍; ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണ വിധേയനെന്നു പ്രതിഭാഗം
കോഴിക്കോട്: ലൈംഗിക പീഡനകേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും. വാദം പൂര്‍ത്തിയായിട്ടുണ്ട്. അതേ സമയം സിവിക് ചന്ദ്രനെതിരേ മറ്റൊരു കേസുകൂടി പൊലിസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് കൊയിലാണ്ടി പൊലിസ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ കേസെടുത്തത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുംവരേ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് പൊലിസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് മറ്റൊരു യുവ എഴുത്തുകാരി കൊയിലാണ്ടി പൊലിസ് സ്റ്റേഷനില്‍ തന്നെ പരാതിയുമായെത്തിയത്. 2020ല്‍ യുവ എഴുത്തുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. നേരത്തെയും സിവികിനെതിരേ ചില മീറ്റൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിലൊന്നാണ് പരാതിയായി രംഗത്തെത്തിയത്.
ആദ്യ കേസില്‍ ഈ മാസം 30-ാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണ കുമാറാണ് പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നത്. കേസില്‍ എസ്.സി എസ്.ടി ആക്ട് പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ജില്ലാ പ്രോസിക്യൂട്ടര്‍ വാദിച്ചു.
ഇതേ ആള്‍ക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണ വിധേയനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഇത് അന്വേഷിപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു.
രേഖകള്‍ പ്രതിഭാഗം ഹാജരാക്കിയെങ്കിലും ഇത് ഇപ്പോള്‍ പരിഗണിക്കുന്നത് ശരിയല്ലെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. വാട്സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും പ്രതിഭാഗം ഹാജരാക്കിയിട്ടുണ്ട്.
യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലിസ് കേസെടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലിസ് അന്വേഷണം തുടങ്ങിയതോടെ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."