ശൈഖ് മുഹമ്മദ് റാഷിദ് മക്തൂമിന്റെ അപൂര്‍വ ചിത്രവുമായി നേഹ ഫാത്തിമ
ദുബൈ: ഇലകളിലും പെന്‍സിലിലും ചിത്രങ്ങളും കൊത്തുപണികളും തീര്‍ത്ത് ശ്രദ്ധേയായ കോഴിക്കോട്ടുകാരി നേഹ ദുബൈയിലും വിസ്മയം തീര്‍ക്കുന്നു. രാജ്യവും ലോകവും സ്‌നേഹബഹുമാനങ്ങളോടെ ഇഷ്ടപ്പെടുന്ന ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പേരുകൊണ്ട് തീര്‍ത്ത ഛായാചിത്രം പൂര്‍ത്തിയാക്കിയാണ് നേഹ ഫാത്തിമ ഇപ്പോള്‍ ജനശ്രദ്ധ നേടിയത്.
4 ഇന്റു 4 വലിപ്പമുള്ള ഈ ഛായാചിത്രത്തില്‍ ദുബൈ ഭരണാധികാരിയുടെ ചിത്രം രൂപപ്പെടുത്തുന്നതിനായി 400 ചാര്‍ട്ട് പേപ്പറുകളില്‍ 200,000 തവണ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന് എഴുതിയാണ് നേഹ ഇത് പൂര്‍ത്തിയാക്കിയത്. പയ്യോളി തിക്കോടി പെരുമാള്‍പുരത്തെ ഈ കലാകാരി സന്ദര്‍ശക വിസയിലാണ് ഈയിടെ ഭര്‍ത്താവായ ഫിനു ഷാന്റെ അടുത്തെത്തിയത്.
നമുക്ക്, യു.എ.ഇയില്‍, 'അസാധ്യം' എന്നൊരു വാക്ക് ഇല്ല; അത് നമ്മുടെ നിഘണ്ടുവില്‍ ഇല്ല. വെല്ലുവിളികളെയും പുരോഗതിയെയും ഭയപ്പെടുന്ന മടിയന്മാരും ദുര്‍ബലരുമാണ് അത്തരമൊരു വാക്ക് ഉപയോഗിക്കുന്നതെന്ന
ശൈഖ് മുഹമ്മദിന്റെ ഉദ്ധരണിയാണ് നേഹ ഫാത്തിമയെ സ്വാധീനിച്ചത്. ഈ കലാസൃഷ്ടിയുടെ പിറവിക്കു പിന്നിലെ പ്രചോദനം കൂടിയായിരുന്നു ഇത്.
ഇന്ത്യന്‍, ഏഷ്യന്‍, ഇന്റര്‍നാഷണല്‍ റെക്കോര്‍ഡ് ബുക്കുകളില്‍ സ്ഥാനം പിടിച്ചവളാണ് സി.എക്ക് പഠിക്കുന്ന ഈ കലാകാരി. ഇന്ത്യന്‍ സിനിമാരംഗത്തെ കുലപതികളായ നിരവധി കലാകാരന്‍മാരുടെ ചിത്രങ്ങള്‍ ഇലകളില്‍ കാര്‍വ് ചെയ്തതുള്‍പ്പെടെ അതിസൂഷ്മ കലയില്‍ അസാധാരണ കൈപ്പെരുമ കാണിച്ചിട്ടുണ്ടീ മിടുക്കി.
നേരത്തെ ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികളുടെ ഇല കൊത്തുപണിയും നേഹ ഫാത്തിമ ചെയ്തിട്ടുണ്ട്.കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് വരയ്ക്കാനുള്ള തന്റെ അഭിനിവേശം അവള്‍ മെച്ചപ്പെടുത്തുകയായിരുന്നു. സ്‌കെച്ചിംഗ്, പെന്‍സില്‍ കൊത്തുപണി, ഇല കൊത്തുപണി എന്നിവയില്‍ മുഴുകിയാണ് കൊവിഡ് കാലം സമ്പന്നമാക്കിയത്. തന്റെ അധ്വാനത്തിനു പിന്നിലെ പിന്തുണയ്ക്ക് കുടുംബത്തെയും ഭര്‍ത്താവിനെയും നന്ദിയോടെ ഓര്‍ക്കുന്നുവെന്ന് ഇവള്‍ പറയുന്നു. താന്‍ ഏറെ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നേരില്‍ കാണാനുള്ള ആഗ്രഹം നിറവേറാനുള്ള അവസരത്തിനായി കാത്തിരിക്കയാണ് നേഹ.തിക്കോടി പെരുമാള്‍ പുരത്തെ അബ്ദുസമദിന്റെയും സുഹറയുടെയും മകളാണ് നേഹ ഫാത്തിമ. വാഹിദ് സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."