വിമാന അപകടത്തിന് രണ്ട് ആണ്ട്: ചിറകൊടിഞ്ഞ് ഇന്നും കരിപ്പൂര്‍
2020 ഓഗസ്റ്റ് 7. രാത്രി 7.41. വിമാനത്താവള പരിസരം കൊവിഡ് കണ്ടെയ്‌മെന്റ് സോണായതിനാല്‍ ജനത്തിരക്കും റോഡുകളില്‍ വാഹനത്തിരക്കുമില്ല. നേരിയ ചാറ്റല്‍ മഴയുണ്ട്. പതിവ് വിമാന ലാന്‍ഡിങ് ശബ്ദമായിരുന്നില്ല അന്ന് നാട്ടുകാര്‍ കേട്ടത്. അവര്‍ വിമാനത്താവള പരിസരത്തേക്ക് ഓടി. ആ കാഴ്ച നടുക്കുന്നതായിരുന്നു. റണ്‍വേയുടെ കിഴക്കുഭാഗത്ത് മൂന്നായി പിളര്‍ന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം. ചോരയില്‍ മുങ്ങി, വിമാന ഇരിപ്പിടത്തില്‍ കുടുങ്ങി നിലവിളിക്കുന്ന യാത്രക്കാര്‍...പിന്നീടുള്ള മൂന്ന് മണിക്കൂര്‍ നാട്ടുകാരും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും പൊലിസും ചേര്‍ന്ന് നടത്തിയത് ലോകം അംഗീകരിച്ച രക്ഷാപ്രവർത്തനമായിരുന്നു.
പിളര്‍ന്ന് കിടക്കുന്ന വിമാനത്തിന്റെ എന്‍ജിന്‍ തണുപ്പിച്ച ഫയര്‍ഫോഴ്‌സ് വലിയൊരു പൊട്ടിത്തെറി ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രദേശവാസികള്‍ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഓരോന്നായി എടുത്ത് ജീവനുവേണ്ടി പിടയുന്നവരുമായി ആശുപത്രിയിലേക്ക് ഓടി. വിമാന അപകടത്തിന് ഇന്നേക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും വ്യോമയാന മന്ത്രാലയം കരിപ്പൂരിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ഇന്നും കരിനിഴല്‍ വീഴ്ത്തുകയാണ്.
ഇന്ത്യയിലും വിദേശത്തുമായി ഉണ്ടായ വിമാന അപകടങ്ങളില്‍ ഏറ്റവും കുറഞ്ഞ ആളപായമാണ് കരിപ്പൂരിലുണ്ടായത്. ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്റിംങ് പിഴച്ച് റണ്‍വേയുടെ കിഴക്ക് ഭാഗത്തെ 35 അടി താഴ്ചയിലേക്ക് കൂപ്പ് കുത്തിയാണ് അപകടമുണ്ടായത്. സംഭവ ദിവസം രണ്ട് വിമാന പൈലറ്റുമാരടക്കം 19 പേരാണ് മരിച്ചത്. പിന്നീട് ചികിത്സയിലുള്ള രണ്ട് യാത്രക്കാര്‍ കൂടി മരിച്ചതോടെ മരണം 21 ആയി. 92 പേര്‍ക്കാണ് ഗുരുതര പരുക്കും 73 പേര്‍ക്ക് നിസാര പരുക്കുമേറ്റിരുന്നു. 20 ലേറെ പേര്‍ ഇപ്പോഴും ചികിത്സയില്‍ തന്നെയാണ്. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ ക്യാപ്റ്റന്‍ എസ്.എസ് ചാഹാന്റെ നേതൃത്വത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി)യിലെ അഞ്ചംഗ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് നിയമിച്ചിരുന്നു. അഞ്ച് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇക്കഴിഞ്ഞ മെയ് 26നാണ് പൂര്‍ണ റിപ്പോര്‍ട്ട് സംഘം പുറത്തുവിട്ടത്.
സംഭവ ദിവസം വിമാനം റണ്‍വേയുടെ നിശ്ചത രേഖയില്‍ നിന്നും 1300 അടിയോളം മുന്നോട്ട് നീങ്ങിയാണ് ലാന്‍ഡ് ചെയ്തത്. റണ്‍വേ 28-ല്‍ ലാന്‍ഡ് ചെയ്യുന്നതിന് പകരം റണ്‍വേ 10 ആണ് വൈമാനികന്‍ തെരഞ്ഞെടുത്തത്. ചാറ്റല്‍ മഴയില്‍ നിശ്ചിത റണ്‍വേ നേര്‍രേഖയില്‍ നിന്ന് 1200 മീറ്റര്‍ മുന്നോട്ട് ഓവര്‍ഷൂട്ട് ചെയ്താണ് വിമാനം ലാന്റ് ചെയ്തത്. വിമാനത്തിന്റെ വലത്തെ ബ്രേക്കും നഷ്ടമായി. മഴയത്ത് വിമാനത്തിന്റെ വൈപ്പര്‍ പ്രവൃത്തിച്ചിരുന്നില്ല. വൈപ്പര്‍ പ്രവൃത്തിക്കുന്നില്ലെന്ന് വിമാന പൈലറ്റ് പറയുന്നത് കോക്പിറ്റ് സംഭഷണത്തില്‍ നിന്ന് ലഭിച്ചിരുന്നു. റണ്‍വേയുടെ അറ്റങ്ങളില്‍ സ്ഥാപിച്ച ഐ.എല്‍.എസ് ആന്റിനകള്‍ തകര്‍ത്താണ് താഴ്ചയിലേക്ക് വിമാനം കൂപ്പുകുത്തിയത്.
വലിയ വിമാനത്തിന്റെ ചിറകൊടിച്ചു
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ കയറി ഇറങ്ങുന്ന വിമാനത്താവളമെന്ന ഖ്യാതി കരിപ്പൂര്‍ നേടിയിരുന്നത് വലിയ വിമാനങ്ങളുടെ സര്‍വിസ് ആരംഭിച്ചത് മുതലാണ്. 2001 മുതലാണ് കരിപ്പൂരില്‍ വലിയ വിമാന സര്‍വിസുകളുടെ തുടക്കം. 2002 മുതല്‍ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂര്‍ മാറി. പിന്നീട് 2015ല്‍ റണ്‍വേ റീ-കാര്‍പ്പറ്റിംങിന്റെ പേരില്‍ വലിയ വിമാന സര്‍വിസ് നിര്‍ത്തിയത്. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതിയായി. എന്നാല്‍ വിമാന അപകടത്തെ തുടര്‍ന്ന് 2020 ഓഗസ്റ്റ് എട്ടുമുതല്‍ വലിയ വിമാനങ്ങള്‍ക്ക് വീണ്ടും വ്യോമയാന മന്ത്രാലയം വിലക്കിട്ടു. ഇതോടെ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റും നഷ്ടമായി.
സമുദ്ര നിരപ്പില്‍ നിന്ന് ആറായിരം അടി ഉയരത്തിലാണ് കരിപ്പൂര്‍ വിമാനത്താവള റണ്‍വേ. മൂന്ന് മലകളില്‍ക്കിടയില്‍ മണ്ണിട്ടുയര്‍ത്തിയ വിമാനത്താവളം. 65 കോടി മുടക്കിയാണ് റണ്‍വേ 2015ല്‍ റീ-കാര്‍പ്പറ്റിംങ് നടത്തിയത്. വിമാനങ്ങള്‍ വന്നിറങ്ങി ബലക്ഷയം കണ്ടെത്തിയ 400 മീറ്റര്‍ വരേ വെട്ടിപ്പൊളിച്ചാണ് പുതുക്കിയത്. ഒരു വിമാനം വന്നിറങ്ങുമ്പോള്‍ റണ്‍വേക്ക് താങ്ങാനാവുന്ന വിമാനത്തിന്റെ ഒരു ടയറിന്റെ ഭാഗത്തെ സൂചിപ്പിക്കുന്ന പി.സി.എന്‍ (പേവ്‌മെന്റ് ക്ലാസിഫിക്കേഷന്‍ നമ്പര്‍) 55 ല്‍ നിന്ന് 77 ആയാണ് വര്‍ധിപ്പിച്ചത്. ഈ റണ്‍വേയില്‍ വിമാനം ഇറക്കുന്നതിനാണ് വലിയ വിമാനങ്ങള്‍ക്ക് വിലക്കുള്ളത്.
പുതിയ നിര്‍ദേശങ്ങളും സ്ഥലമേറ്റെടുപ്പും
കരിപ്പൂരില്‍ വിമാന അപകടത്തെ തുടര്‍ന്ന് പുതിയ നിര്‍ദേശങ്ങളാണ് വ്യോമയാന മന്ത്രാലയം മുന്നോട്ട് വച്ചിരിക്കുന്നത്. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസ) വര്‍ധിപ്പിക്കുക, റണ്‍വേ സെന്റര്‍ ലൈന്‍ ലൈറ്റിംങ് സംവിധാനവും ഒരുക്കുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. റണ്‍വേയില്‍ നിന്ന് നിയന്ത്രണം വിട്ടെത്തുന്ന വിമാനങ്ങളെ പിടിച്ച് നിര്‍ത്തുന്ന ചതുപ്പ് പ്രതലമാണ് റെസ. ഇതിന്റെ നീളം നിലവില്‍ 90 ആണുള്ളത്. ഇത് 240 ആക്കി മാറ്റണം. റണ്‍വേ നീളം കുറച്ച് റെസ വര്‍ധിപ്പിക്കാനായിരുന്നു ആദ്യ നീക്കം. പ്രതിഷേധം ഉയര്‍ന്നതോടെ ഇതൊഴിവാക്കി സ്ഥലമേറ്റെടുത്ത് പ്രവൃത്തികള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി 14.5 ഏക്കര്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിസ നീളം കൂട്ടുന്നതോടൊപ്പം റണ്‍വേ റീകാര്‍പ്പറ്റിംങും നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. നാലുവര്‍ഷത്തിലൊരിക്കല്‍ റണ്‍വേ അറ്റക്കുറ്റപ്പണി നടത്തണമെന്നാണ് വ്യോമയാന ചട്ടം. റണ്‍വേ സെന്റര്‍ ലൈന്‍ ലൈറ്റിംങ് സംവിധാനവും സ്ഥാപിക്കുന്നതോടെ രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങളുടെ സുരക്ഷിത ലാന്റിംങും ഇതോടെ സാധ്യമാവും. എന്നാല്‍ ഈ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാക്കുമെന്നതില്‍ ഇതുവരേ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."