ഇടുക്കി ഡാം ഇന്ന് തുറക്കും; മുല്ലപ്പെരിയാറില്‍ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തും
ഇടുക്കി: ജലനിരപ്പുയര്‍ന്നതോടെ ഇടുക്കി ഡാം ഇന്ന് തുറക്കും. അനുവദനീയ സംഭരണ ശേഷിയായ 2382.53 അടിയില്‍ ജലനിരപ്പ് എത്തിയതോടെയാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചത്. രാവിലെ 10 മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 70 സെ.മീ. ഉയര്‍ത്തും. 50 ക്യു മെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും.
ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ ഡാമില്‍ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 0.50 മീറ്ററാണ് ഉയര്‍ത്തുക. 2,754 ക്യുസെക്സ് വെള്ളം ഒഴുക്കി വിടും. ആകെ പത്ത് ഷട്ടറുകളാണ് ഇവിടെ ഇതുവരെ തുറന്നത്.
പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് അഞ്ച് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തര സാഹചര്യമുണ്ടായാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട 79 കുടുംബങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇതിനായി 29 ക്യാമ്പുകള്‍ സജ്ജമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ഒരു ജില്ലകളിലും റെഡ് അലര്‍ട്ടോ ഓറഞ്ച് അലര്‍ട്ടോ പ്രഖ്യാപിച്ചിട്ടില്ല. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് തടസമില്ല. കര്‍ണാടക തീരത്ത് വിലക്ക് തുടരുമെന്നും കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."