നമ്മൾ കോഴിക്കടയിലെ കോഴികൾ
ഉൾക്കാഴ്ച
മുഹമ്മദ്
കോഴി വാങ്ങാൻ കോഴിക്കടയിൽ ചെന്നാൽ അറവുകാരൻ ചെയ്യുന്നതു ശ്രദ്ധിച്ചിട്ടില്ലേ. ആദ്യം അയാൾ തന്റെ കൈ കൂട്ടിലേക്കു നീട്ടും. അന്നേരം കൂട്ടിലെ കോഴികൾക്കുണ്ടാകുന്ന ഒരു വെപ്രാളമുണ്ട്. മരണത്തിന്റെ ഉരുക്കുകൈകൾ കാണുമ്പോഴുള്ള വെപ്രാളം... ബഹളംവച്ച് അവർ ജീവനുംകൊണ്ട് ഓടാൻ ശ്രമിക്കും. പക്ഷേ, എവിടേക്കോടാൻ? മീറ്ററുകൾ മാത്രം ചുറ്റളവുള്ള ആ കൂട്ടിൽ അവർക്കുണ്ടോ വല്ല രക്ഷയും. അറുക്കാൻ വിധിക്കപ്പെട്ട കോഴി അറവുകാരന്റെ കൈയിൽ പോരുമെന്നതു തീർച്ചയാണ്. അതിനെ പിടിച്ച് കഴുത്തറുത്ത ശേഷം അയാൾ തൊലിയുരിക്കും. പിന്നീട് വെട്ടി കഷ്ണങ്ങളാക്കി മാറ്റും. അതു കാണുന്ന ബാക്കിയുള്ള കോഴികൾക്കും വല്ലാത്ത ഭയമായിരിക്കും. എന്നാൽ ആ ഭയം കൂടുതൽ നീണ്ടുനിൽക്കില്ല. സമയം അൽപം കഴിയുമ്പോഴേക്കും അവർ എല്ലാം മറക്കും. വീണ്ടും പഴയ മട്ടിലേക്കു തന്നെ മടങ്ങി തീറ്റയും കുടിയുമായി കഴിയും. കൂടുതൽ കച്ചവടം നടന്ന ദിവസമാണെങ്കിൽ അന്നു രാത്രിയാകുമ്പോഴേക്കും കൂട് കാലിയായിട്ടുമുണ്ടാകും..
അപ്പോൾ കോഴികൾക്ക് രണ്ടവസ്ഥകളാണുള്ളത്. ഒന്ന്, അറവുഭയം. രണ്ട്, മറവി. ഭയമുണ്ടാകുമ്പോൾ അവർ ഓടിമറയും. മറവിയുണ്ടാകുമ്പോൾ അവർ തിന്നുമുടിക്കും. ഇവിടെ ആഴത്തിൽ ഒന്നാലോചിച്ചുനോക്കൂ. ശരിക്കും ഇതുതന്നയല്ലേ നമ്മൾ മനുഷ്യരുടെയും സ്ഥിതി?
ഭൗതികലോകമാകുന്ന ഈ കൂട്ടിൽ നിശ്ചിത കാലംവരെ കഴിയാൻ വിധിക്കപ്പെട്ടവരാണു നാം. ഈ കൂടിനു പുറത്തുകടന്ന് രക്ഷപ്പെടാൻ ഒരാൾക്കും കഴിയില്ല. തീറ്റയും കുടിയും മറ്റു ഏർപ്പാടുകളുമായി നാം ഇവിടെ ദിനങ്ങൾ തള്ളിനീക്കുന്നു. ഓരോരുത്തരുടെയും വിധിയെത്തിയാൽ മരണത്തിന്റെ മാലാഖ വരികയും അവരെ പിടിച്ചു മറ്റൊരു ലോകത്തേക്കു കൊണ്ടുപോവുകയും ചെയ്യുന്നു. അതിൽനിന്നു കുതറിമാറിയോടാൻ ഒരാൾക്കും കഴിയില്ല. ഒരാളെ കൊണ്ടുപോകുമ്പോൾ കൂടെയുള്ളവർ ഭയത്തിലാകുന്നു. പക്ഷേ, ആ ഭയം കൂടുതൽ നീളുന്നില്ല. അയാൾ പോയിക്കഴിയുമ്പോഴേക്കും നാം വീണ്ടും പഴയ മട്ടിലേക്കു തന്നെ.
കോഴികൾക്ക് തങ്ങളുടെ കോഴിക്കൂട് വലുതാണെങ്കിലും നമുക്കതു ചെറുതാണ്. കൂടാകുന്ന ഈ ലോകം നമുക്കു വലുതാണെങ്കിലും ദൈവത്തിനതു നന്നേ ചെറുതാണ്. കൂട്ടിലെ കോഴികൾ സുഖാഡംബരത്തിനു പിന്നാലെ പോകുന്നതു വെറുതെയാണെന്നു നാം പറയും. കാരണം, അതനുഭവിക്കാൻ മാത്രം അവർക്കു സമയമില്ല. ഇന്നല്ലെങ്കിൽ നാളെ അറുക്കപ്പെടാൻ പോകുന്നവയാണവ. എന്നാൽ അതുതന്നെ നമ്മുടെയും സ്ഥിതി. സുഖിച്ചുല്ലസിക്കാൻ ഇവിടെ സമയമില്ല. എന്നെന്നും ജീവിക്കാനല്ല, തൽക്കാലം ജീവിച്ച് മരിച്ചുപോകേണ്ടവരാണു നാം.
എപ്പോഴാണ് അറുക്കാനായി താൻ പിടികൂടപ്പെടുകയെന്ന് ഒരു കോഴിക്കും അറിയില്ലെന്നപോലെ നമ്മുടെ ഊഴവും എപ്പോഴെത്തുമെന്നതിൽ ഒരു നിശ്ചയവുമില്ല. കോഴികൾ പൊതുവെ പകലിലാണ് അറുക്കപ്പെടാറുള്ളത്. രാത്രി കടപൂട്ടി വീട്ടിലേക്കു വിട്ടാൽ കോഴികൾക്ക് തൽക്കാലം സമാധാനിക്കാം. എന്നാൽ നമുക്ക് അതിനും അവസരമില്ല. നമ്മുടെ കടക്കാരൻ കട പൂട്ടാറില്ലെന്നതാണു വാസ്തവം. ചിലപ്പോൾ പാതിരാവിലായിരിക്കും പിടികൂടുക. ഒട്ടും നിനച്ചിരിക്കാത്ത നേരത്തും മരണത്തിന്റെ പിടിയിലകപ്പെടുന്നവർ അനേകം.
കടക്കാരനു ചെറിയ കോഴി, വലിയ കോഴി എന്ന കണക്കൊന്നുമില്ല. കടയിൽ വന്നവന് ഏതുവേണമോ അതിനെയാണു പിടിക്കുക. മരണം മുതിർന്ന പ്രായക്കാർക്കു മാത്രം പറഞ്ഞതല്ലല്ലോ. അതാർക്കും എപ്പോഴും വരാം. പിതാവിനു മുന്നേ മകൻ പോകാം. രോഗിക്കു മുന്നേ രോഗം ചികിത്സിച്ച ഡോക്ടർ പോകാം. അശക്തനു മുന്നേ ശക്തൻ പോകാം. പട്ടിണിപ്പാവത്തിനു മുന്നേ വയറുനിറച്ചുണ്ണുന്ന കോടീശ്വരൻ പോകാം. മരണത്തിനു പ്രത്യേകമായ പ്രായമില്ല. ഏതു പ്രായക്കാരും അതിനുമുന്നിൽ തുല്യം. മരിക്കാതിരിക്കാൻ ജനിക്കാതിരിക്കുക എന്നതു മാത്രമേ മരുന്നായി നിലനിൽക്കുന്നുള്ളൂ. ജനിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയതു പറഞ്ഞിട്ടു കാര്യവുമില്ല.
കൂട്ടത്തിൽപ്പെട്ട കോഴിയെ പിടിച്ചുകൊണ്ടുപോകുമ്പോൾ മറ്റു കോഴികൾക്ക് വല്ലാത്ത ഭയം കാണാറുണ്ട്. ഒരൽപ നേരത്തേക്കെങ്കിലും അവർ കുടിയും തീറ്റയുമെല്ലാം നിർത്തിവയ്ക്കും. കിടത്തവും നടത്തവുമെല്ലാം മാറ്റിവച്ച് ഒന്നുണർന്നുനിൽക്കും. എന്നാൽ ചില നേരങ്ങളിൽ നമ്മൾ മനുഷ്യർക്ക് ആ സംസ്കാരവും നഷ്ടപ്പെട്ടുപോകാറുണ്ടെന്നതാണു സങ്കടം. ചിലർ ചിലരുടെ മരണങ്ങൾ ആഘോഷിക്കുന്നു! വേറെ ചിലർ മറ്റു ചിലരുടെ ഘാതകനും ഒറ്റുകാരനുമായിത്തീരുന്നു. ലോകത്ത് ഒരു കോഴിയും മറ്റൊരു കോഴിയെ മരണത്തിലേക്കു തള്ളിവിടുകയോ അറവുകാരന്റെ കൈയിലേക്ക് വിട്ടുകൊടുക്കുകയോ ചെയ്യാറില്ല. കഷ്ടം..! മനുഷ്യൻ അതു ധാരാളമായി ചെയ്യുന്നു.
കൂട്ടത്തിൽനിന്നൊരാളെ കൊണ്ടുപോകുന്നതു കണ്ടാൽ അയാളുടെ അവസ്ഥയോർത്ത് ദുഃഖിക്കുകയോ കണ്ണീർവാർക്കുകയോ അല്ല, സ്വന്തത്തിന്റെ കാര്യം ആലോചിച്ച് ബേജാറാവുകയാണ് കോഴികൾ ചെയ്യുക. മരണങ്ങൾ കാണുമ്പോൾ മരിച്ചവരുടെ സ്ഥിതിയല്ല, നാം നമ്മുടെ സ്ഥിതിയാണോർക്കേണ്ടത്. അതേ ഗതി തന്നെയും കാത്തിരിക്കുന്നുണ്ടെന്ന വിചാരം നമ്മെ നന്മയിലേക്കു നയിച്ചേക്കും. എല്ലാ കോഴികളും പോയിക്കഴിഞ്ഞാൽ കൂടുകാലിയാകും. കടക്കാരൻ മാത്രം ബാക്കിയാകും. എല്ലാം പോയിക്കഴിഞ്ഞാൽ ദൈവം മാത്രം ബാക്കിയാകും. ‘അവനല്ലാതെ മറ്റൊരു ദൈവവും ഇല്ല. അവന്റെ തിരുസത്തയൊഴിച്ചുള്ളതൊക്കെയും നശിച്ചുപോകും’ എന്നു വിശുദ്ധ ഖുർആൻ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."