ഇടമലയാര്‍ ഡാം ഇന്ന് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത
കൊച്ചി: ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഷട്ടര്‍ തുറക്കുക. ഇടുക്കി ഡാമിന് പുറമേ ഇടമലയാര്‍ കൂടി തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്. എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാന്‍ 21 അംഗ എന്‍ ഡി ആര്‍ എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ആദ്യ മണിക്കൂറുകളില്‍ 50 ക്യുമെക്‌സ് ജലവും പിന്നീട് 100 ക്യുമെക്‌സ് ജലവുമാണ് തുറന്ന് വിടുക. വെള്ളം ആദ്യം ഒഴുകി എത്തുക ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നതുകൊണ്ട് വെള്ളം വേഗത്തില്‍ പെരിയാറിലെത്തും. തുറന്ന് ഏഴ് മണിക്കൂറിന് ശേഷം നെടുമ്പാശ്ശേരി ഭാഗത്തെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.
വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് തുറന്ന ഡാമുകളില്‍ പലതിലും ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടല്‍ നടപടി ഇന്നും തുടരും.
ഇന്നലെ പത്തനംതിട്ടയിലെ കക്കി , ആനത്തോട്, പമ്പ അണക്കെട്ടുകളാണ് തുറന്നിരുന്നു. പത്തനംതിട്ടയിലെ ഡാമുകള്‍ തുറന്നതോടെ പമ്പയില്‍ നേരിയതോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകള്‍ 55 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ശിരുവാണി ഡാമിന്റെ സ്സൂയിസ് ഷട്ടര്‍ 1.70 അടിയായാണ് ഉയര്‍ത്തിയത്. അട്ടപ്പാടിയില്‍ ഭവാനി, ശിരുവാണി പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ബാണാസുര സാഗര്‍ ഡാമില്‍ 2 ഷട്ടറുകള്‍ 20 സെന്റീമീറ്ററായാണ് ഉയര്‍ത്തിയത്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കുക.
ബാണാസുര സാഗര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് കബനി നദിയില്‍ ജല നിരപ്പ് ഉയര്‍ന്നു. നിലവില്‍ വെള്ളപൊക്ക ഭീഷണിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."