മണ്ണിട്ട് മൂടൽ, പുഴയിൽ മുക്കി ശ്വാസംമുട്ടിക്കൽ...
അശ്‌റഫ് കൊണ്ടോട്ടി
'എന്നെ അവർ പൊതിരെ തല്ലി, വാഹനത്തിലിട്ടും ഏതോ മുറിയിലിട്ടും തൊഴിച്ചു,കൈയിലില്ലാത്ത സ്വർണം ഞാൻ എവിടെ നിന്ന് എടുത്തുകൊടുക്കാനാണ്. ഒടുവിൽ വലിയ കുഴിയിലേക്ക് തള്ളിയിട്ട് ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ചു. കഴുത്തറ്റം മണ്ണിനടയിലായിരുന്നു'- -_സ്വർണക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ കൊണ്ടോട്ടി പൊലിസിൽ നൽകിയ മൊഴി ഇങ്ങനെയായിരുന്നു. കാട്ടിനുള്ളിലെ പുഴയിൽ കൊണ്ടുപോയി മുക്കിക്കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു രക്ഷപ്പെട്ട മറ്റൊരു യാത്രക്കാരന്റെ മൊഴി. ഇരുവരും നിരപരാധികളാണെന്ന് കണ്ടെത്തിയതോടെയാണ് ക്വാട്ടേഷൻ സംഘം വിട്ടയച്ചത്. സ്വർണവുമായി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരനെ യഥാർഥ കള്ളക്കടത്ത് സംഘമെത്തും മുമ്പ് തട്ടിക്കൊണ്ടുപോയി സ്വർണം അപഹരിക്കുന്നവരും ഒളിപ്പിച്ചുകടത്തിയ സ്വർണം കള്ളക്കടത്തുകാർക്ക് നൽകാതെ മുങ്ങുന്ന യാത്രക്കാരെ പിടികൂടാനെത്തുന്നവരുമാണ് കേരളത്തിലെ വിമാനത്താവള പരിസരങ്ങളിൽ പതിയിരുന്ന് വേട്ട നടത്തുന്നത്. രണ്ടു സംഭവങ്ങളും പുറത്തറിഞ്ഞത് രണ്ടുവർഷം മുമ്പ് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ മലപ്പുറം സ്വദേശി യാത്രക്കാരൻ ആദ്യമായി പൊലിസിൽ പരാതി നൽകിയതോടെയാണ്. പിന്നീട് കൊണ്ടോട്ടി, കരിപ്പൂർ, ഫറോക്ക് പൊലിസ് സ്റ്റേഷനുകളിൽ പരാതിക്കാർ ഏറിവന്നു.
സ്വർണം വിസർജിക്കുന്ന
ശൗചാലയങ്ങൾ
സ്വർണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയും മത്സരവുമാണ് യാത്രക്കാരെ തട്ടിക്കൊണ്ടുപോകലിലും കൊലപാതകത്തിലും കലാശിക്കുന്നത്. ശരീരത്തിലും ഇലക്ട്രോണിക് സാധനങ്ങളിലും ഒളിപ്പിച്ചുകടത്തുന്ന സ്വർണം വിമാനത്താവള കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടത്തിയാൽ ഇവരെ സ്വീകരിക്കാനെത്തുന്നത് സ്വർണക്കടത്തുകാരാണ്. വിമാനത്താവള പരിസരത്തോ യാത്രക്കാരന്റെ വീട്ടിലേക്കുള്ള വഴിയിലോ ആയിരിക്കും ഇത് കൈമാറുക. വീട്ടിലെത്തി സ്വീകരിക്കുന്നവരുമുണ്ട്.
ശരീരത്തിൽ ഒളിപ്പിച്ച് കടത്തുന്ന സ്വർണം വിമാനത്താവള പരിസരങ്ങളിലെ പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങളിൽ നിന്നാണ് കൈമാറുന്നത്. മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്തുന്ന സ്വർണം വിസർജിച്ച് കഴുകി നൽകുന്നതോടെ ദൗത്യം പൂർത്തിയായി. അപ്പോൾ തന്നെ ഓഫർ ചെയ്ത തുക കൈമാറുകയും ചെയ്യും. സ്വർണ മിശ്രിതം ഗുളിക രൂപത്തിലാക്കിയാണ് ഗൾഫിൽ നിന്ന് കടത്തുന്നത്. ഒരു കിലോ സ്വർണംവരെ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുന്നവരുണ്ട്. വിമാനത്താവള എക്‌സറേയിൽ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത ഈ ശരീര ഓപറേഷൻ രഹസ്യ വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പിടിക്കുന്നത്. കസ്റ്റംസ് ചോദ്യം ചെയ്യലിൽ യാത്രക്കാരൻ കള്ളക്കടത്ത് നിഷേധിക്കും. ഇതോടെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി എക്‌സറേ എടുപ്പിച്ചാണ് സ്വർണം ശരീരത്തിലുണ്ടെന്ന് കണ്ടെത്തുന്നത്. കരിപ്പൂരിൽ സ്വർണം വിഴുങ്ങിയെത്തിയ യാത്രക്കാരനുമായി മൂന്ന് ദിവസമാണ് കസ്റ്റംസ് ആശുപത്രിയിൽ കാവലിരുന്നത്. നാലാം നാൾ വിഴുങ്ങിയ സ്വർണം വിസർജിക്കുകയും ചെയ്തു.
സ്വർണവുമായി മുങ്ങുന്ന
യാത്രക്കാർ
ജീവൻ പണയംവച്ച് കൊണ്ടുവരുന്ന സ്വർണം എന്തിനു വിമാനത്താവളത്തിലെത്തുന്നവർക്ക് കൈമാറണം. മറ്റാർക്കെങ്കിലും നൽകി കൂടുതൽ പണം നേടാം, മുഴുവനും വിറ്റ് സ്വന്തം ജീവിതം കളറാക്കാം, സ്വർണം കസ്റ്റംസ് പിടിച്ചെന്ന് പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യാം-- യാത്രക്കാരിൽ ചിലർ ഇങ്ങനെ ചിന്തിച്ചു തുടങ്ങിയതോടെയാണ് ക്വട്ടേഷൻ സംഘം വിമാനത്തവളങ്ങളിൽ സജീവമായി തുടങ്ങിയത്. യാത്രക്കാരൻ കള്ളക്കടത്ത് സ്വീകരിക്കാനെത്തുന്നവരിൽനിന്ന് ഒഴിഞ്ഞുമാറി സ്വർണവുമായി മുങ്ങുകയും മറിച്ചുനൽകുകയും ചെയ്യുന്നത് പതിവായതോടെ ഇവരെ പൊക്കാൻ ക്വട്ടേഷൻ സംഘവും രംഗത്തെത്തി.
വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരനെ കൃത്യമായി നിരീക്ഷിച്ച് സഞ്ചരിക്കുന്ന വാഹനം സിനിമാ സ്‌റ്റൈലിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്. മുഖം കെട്ടി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവും. സ്വർണം ആവശ്യപ്പെടും. ബാഗും ശരീരവും പരിശോധിച്ച് സ്വർണം ലഭിച്ചില്ലെങ്കിൽ ക്രൂരമർദനമാണ്. ആളുമാറിയെന്ന് ബോധ്യമായാൽ വഴിയിൽ ഉപേക്ഷിച്ച് സംഘം മുങ്ങും. നിരപരാധികളായ നിരവധി യാത്രക്കാർ ഇത്തരത്തിൽ സംഘത്തിന്റെ പീഡനത്തിന് ഇരയായിട്ടുണ്ട്.
പീഡനം, പാതിജീവനിൽ
ഉപേക്ഷിക്കൽ
തട്ടിക്കൊണ്ടുവന്ന യാത്രക്കാരൻ സ്വർണം കൊണ്ടുവരുന്നത് നിഷേധിച്ച് തങ്ങളെ കബളിപ്പിക്കുകയാണെന്ന് ക്വട്ടേഷൻ സംഘത്തിന് ബോധ്യമായാൽ സ്വർണം ലഭിക്കുന്നത് വരെ പീഡനങ്ങളാണ്. സ്വർണം ലഭിക്കാൻ കാസർക്കോട് സ്വദേശിയായ യാത്രക്കാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ സംഭവംവരെ ഇരകളായ യാത്രക്കാർ പൊലിസിൽ മൊഴിനൽകിയിട്ടുണ്ട്. തലകീഴായി കെട്ടിത്തൂക്കി അടിക്കുക, പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുക, കഴുത്തറ്റം മണ്ണിട്ട് ജീവനോടെ മൂടുക, വസ്ത്രങ്ങൾ പൂർണമായി അഴിപ്പിച്ച് പീഡിപ്പിക്കുക തുടങ്ങിയ പ്രാകൃത പീഡനങ്ങളാണ് പിടിയിലാകുന്ന യാത്രക്കാർ നേരിടേണ്ടിവരുന്നത്.
പീഡനത്തെ തുടർന്ന് ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടമെത്തുമ്പോഴാണ് ഇവർ തന്നെ ആശുപത്രിയിലെത്തിച്ച് മുങ്ങുന്നത്. പാലക്കാട് അഗളി സ്വദേശി അബ്ദുൽ ജലീലിനെ ക്രൂരമായി പീഡിപ്പിച്ച് ആശുപത്രിയിലെത്തിച്ച കേസിൽ പിന്നീട് അറസ്റ്റിലായത് സ്വർണക്കടത്തിലെ അംഗം യഹ്‌യയായിരുന്നു. കാസർക്കോട്ട് മരിച്ച സിദ്ദീഖിനെയും ആശുപത്രിയിലെത്തിച്ചാണ് ക്വട്ടേഷൻ സംഘം മുങ്ങിയത്. കഴിഞ്ഞ ദിവസം പേരാമ്പ്ര സ്വദേശിയുടെ ഇർഷാദിന്റെ മൃതദേഹം കണ്ടെത്തിയത് കൊയിലാണ്ടി കൊല്ലം കടപ്പുറത്ത് നിന്നാണ്.
സ്വർണക്കടത്ത് കണ്ണിയിൽ ഇഴചേർന്നുനിൽക്കാൻ വിമാന, വിമാനത്താവള ജീവനക്കാർ മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെയുണ്ട്. അതിലേറെ രാഷ്ട്രീയക്കാരും. അക്കഥ നാളെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."