സ്വർണ്ണക്കടത്ത് ഉൾപ്പെടെ അനധികൃത ധന സമ്പാദനം; പ്രവാസികൾക്കിടയിൽ ബോധവത്ക്കരണം നടത്താൻ സംഘടനകൾ രംഗത്ത് വരണം: സഊദി എസ് ഐ സി
ജിദ്ദ: അനധികൃതമായി നാട്ടിലേക്ക് സ്വർണ്ണം കടത്തി നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട വാർത്തകൾ പുറത്ത് വന്നിട്ടും പ്രവാസികൾക്കിടയിൽ സ്വർണ്ണക്കടത്ത് സംഘം സജീവമാകുന്നത് ആശങ്ക ഉയർത്തുന്നുവെന്നും ഇതിനെതിരെ പ്രവാസി സംഘടനകൾ സജീവമായി ഇടപെടണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്‌തു. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളാണ് ഇത്തരം മാഫിയകളുടെ ചതിയിൽ പെടുന്നത്. ടിക്കറ്റ്, പണം എന്നിവ വാഗ്ദാനം ചെയ്താണ് സ്വർണ്ണക്കടത്ത് സംഘം കരിയർമാരെ വല വീശി പിടിക്കുന്നത്. ഇവരുടെ വലയിൽ പെടുന്ന പലർക്കും ജീവൻ വരെ നഷ്ടപെടുന്ന അവസ്ഥ ഉണ്ടാവുന്നുണ്ട് എന്നത് ഏറെ ഗൗരവം ഉള്ളതാണ്.
ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് അനധികൃതമായി സ്വർണം കടത്തുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. എളുപ്പത്തിൽ പണം ഉണ്ടാക്കാൻ പലരും കണ്ടെത്തുന്ന കുറുക്കു വഴിയാണ് സ്വർണക്കടത്ത് കരിയർ ആവുക എന്നത്. ഹൗസ് ഡ്രൈവർ ഉൾപ്പെടെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരും ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകുന്നവരുമാണ് ഇങ്ങനെ കരിയർമാർ ആകുന്നവരിൽ അധികവും. അനധികൃത മാർഗത്തിൽ സ്വർണ്ണം കൊണ്ട് പോയ പലരെയും കഴിഞ്ഞ ദിവസങ്ങളിൽ തട്ടിക്കൊണ്ടു പോയതും ചിലർക്ക് ജീവൻ നഷ്ടപ്പെട്ടതും ഞെട്ടലോടെയാണ് മലയാളി സമൂഹം കേട്ടത്.
അനധികൃത മാർഗത്തിൽ സ്വർണം കടത്തുന്നവരുടെ ചതിയിൽ പെടരുതെന്ന് സാമൂഹ്യ പ്രവർത്തകർ പ്രവാസികളെ ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിലും ഇത് കാര്യമായി ചെവികൊള്ളുന്നില്ല. ഇക്കാര്യത്തിൽ പ്രവാസി സംഘടനകൾക്ക് കാര്യമായ ഇടപെടലുകൾ ഉണ്ടാക്കാൻ സാധിക്കും. വിവിധ മുഖ്യധാരാ പ്രവാസി സംഘടനകൾ ഇക്കാര്യത്തിൽ സജീവമായി ഇടപെടണമെന്നും സ്വർണക്കടത്ത് ഉൾപ്പെടെ അനധികൃത മാർഗത്തിലൂടെ പണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും മുഴുവൻ പ്രവാസികളും വിട്ട് നിൽക്കണമെന്നും മാതൃ രാജ്യത്തിന്റെയും ജോലി ചെയ്യുന്ന രാജ്യത്തിന്റെയും നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ, ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി എന്നിവർ ആഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."