ബെങ്കേരിയിലെ ആസാദീ കാ അമൃത്
ദേശീയപതാക ഓരോ ഇന്ത്യൻ പൗരന്റെയും ജീവശ്വാസം പോലെയാണ്. എല്ലാ സ്വാതന്ത്ര്യദിനത്തിലും കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ആ ആവേശത്തെ നെഞ്ചിലേറ്റുന്നു. എന്നാൽ ദേശീയപതാക എവിടെനിന്ന് വരുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ വിണ്ണിൽ പാറുന്ന ത്രിവർണപതാക നിർമിക്കുന്ന കേന്ദ്രത്തെ കുറിച്ച് അറിയേണ്ടതുണ്ട്. ആ കേന്ദ്രത്തിനു പ്രാധാന്യവുമുണ്ട്, രാജ്യചരിത്രത്തിൽ. എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറയുമ്പോൾ, എല്ലാവരും മറന്നുപോകുന്ന അത്തരമൊരു കേന്ദ്രം അങ്ങ് കർണാടകത്തിലുണ്ട്. ഇന്ത്യയുടെ ദേശീയപതാക നിർമാണ കേന്ദ്രം, ഹുബ്ലിയുടെ മണ്ണിൽ.
രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര നാളുകളുടെ സമയത്ത്, 1957ൽ തുടങ്ങിയതാണ് ഹുബ്ലിയിലെ പതാക നിർമാണ കേന്ദ്രം. ഓരോ ഇന്ത്യക്കാരന്റെയും ജീവശ്വാസമായ ദേശീയപതാക മോദി സർക്കാർ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ. അതൊരു രാഷ്ട്രീയവിവാദമായി മാറിയിരിക്കുന്ന ഘട്ടത്തിലാണ് രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമെല്ലാം ഹുബ്ലിയിലെത്തിയിരുന്നു. രാഹുൽ പതാക നിർമാണ കേന്ദ്രം സന്ദർശിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ ഖാദികേന്ദ്രത്തിന് ഇത്ര പ്രസക്തി?
ചെങ്കോട്ടയിൽ ഉയരുന്ന ഖാദി;
പിഴച്ചാൽ പിഴയും ശിക്ഷയും
രാജ്യത്ത് ദേശീയപതാക നിർമിക്കാൻ അനുവാദമുള്ള ഒരേയൊരു സ്ഥാപനമാണ് കർണാടകയിലെ ഖാദി ആൻഡ് ഗ്രാമോദ്യോഗ് സംയുക്ത സംഘം. ധർവാഡ് ജില്ലയിലെ ബെങ്കേരിയിലാണ് കെ.കെ.ജി.എസ്.എസിന്റെ ആസ്ഥാനം. ചെങ്കോട്ടയിൽ ഉയരേണ്ട ത്രിവർണ പതാക ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്. ബി.ഐ.എസ് നിർദേശപ്രകാരമാണ് ദേശീയപതാകകൾ നിർമിക്കുന്നത്. നിറം, വലിപ്പം, തുണിയുടെ നിലവാരം തുടങ്ങി പല മാനദണ്ഡങ്ങളും ബി.ഐ.എസ് മുന്നോട്ടുവയക്കുന്നുണ്ട്. ഇവയിൽ എന്തെങ്കിലും ചെറിയ വീഴ്ച സംഭവിച്ചാൽപോലും തടവു ശിക്ഷയ്ക്കും പിഴയ്ക്കും അർഹമാണ്. 3:2 എന്ന അനുപാതത്തിലുള്ള ചതുരമായിരിക്കണം ദേശീയ പതാകയുടെ ആകൃതി. വിവിധ ഉദ്ദേശങ്ങൾക്ക് അനുസരിച്ച് ഒമ്പതു വലിപ്പങ്ങളിൽ ദേശീയപതാക നിർമിക്കാം. ഇവിടെനിന്ന് കോടികളുടെ വിലവരുന്ന ദേശീയപതാകകൾ തയ്ച്ചു നൽകാറുണ്ട്.
ഗാന്ധിയൻമാരുടെ സ്വപ്നം
ബെങ്കേരിയിലെ ഖാദി പതാക നിർമാണകേന്ദ്രം യാഥാർഥ്യമാക്കുന്നത് ഒരുകൂട്ടം കടുത്ത ഗാന്ധിയൻമാരാണ്. ഇവരുടെ അശ്രാന്തപരിശ്രമത്തെ തുടർന്നാണ് കെ.കെ.ജി.എസ്.എസ് സ്ഥാപിക്കപ്പെടുന്നത്. ഇവർക്കൊപ്പം ഖാദിപ്രേമികളും കൂടി ചേർന്നതോടെ അത് ഇന്ത്യയുടെ അഭിമാനമായി മാറി. ഇന്നു രാജ്യത്തിനുള്ളിൽ മാത്രമല്ല, പുറത്തേക്കും പതാകകൾ ഇവിടെ നിന്ന് നൽകുന്നുണ്ട്. തുടക്കത്തിൽ ഒരു ബെഡ് യൂനിറ്റ്, അലൂമിനിയ പാത്ര നിർമാണ യൂനിറ്റ്, മരപ്പണി, കൊല്ലപ്പണി യൂനിറ്റ്, യോഗ സെന്റർ, ടെക്സ്റ്റൈൽ കെമിസ്ട്രി എന്നിവയെല്ലാം ഈ കെട്ടിട വളപ്പിലുണ്ടായിരുന്നു.
ബി.ഐ.എസ് സർട്ടിഫിക്കേഷൻ
ഇന്ത്യൻ ഗവൺമെന്റിന്റെ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യയുടെ ദേശീയ സ്റ്റാൻഡേർഡ് ബോഡിയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്). സ്ഥാപനത്തിന് ബി.ഐ.എസ് അംഗീകാരത്തിനായി ഒരുപാട് പരിശ്രമങ്ങൾ നടന്നിരുന്നു. പക്ഷേ, 2006 ഫെബ്രുവരിയിൽ മാത്രമാണ് അതു സാധ്യമായത്. ബി.ഐ.എസ് അംഗീകാരത്തോടെ ഇപ്പോൾ അവർക്ക് രാജ്യത്തെല്ലായിടത്തും ദേശീയപതാകകൾ വിതരണം ചെയ്യാം. ആ അംഗീകാരത്തിനു ശേഷമാണ് കേന്ദ്രം പ്രശസ്തിയിലേക്ക് ഉയർന്നത്. കൈകൊണ്ട് തുന്നിയ കോട്ടൺ ഖാദികൊണ്ട് മാത്രമേ പതാകകൾ നിർമാക്കാൻ പാടുള്ളൂവെന്നാണ് നിർദേശം. നേരത്തെ ഈ മാനദണ്ഡങ്ങൾ പാലിച്ചല്ല ത്രിവർണ പതാകകൾ നിർമിച്ചിരുന്നത്.
ഖാദി ഫെഡറേഷൻ സെക്രട്ടറി ശിവാനന്ദ് മദാപതി പറയുന്നു: പതാക നിർമാണം വലിയ റിസ്കുള്ള കാര്യമാണ്. നിറത്തിലോ വലിപ്പത്തിലോ എന്തെങ്കിലും വ്യത്യാസമുണ്ടായാൽ വലിയ കുറ്റമായിട്ടാണ് ഇതിനെ കാണുക. ഒന്നുകിൽ പിഴ, അല്ലെങ്കിൽ ജയിൽ എന്നതാണു ശിക്ഷ. ഖാദിയിൽനിന്ന് കൈത്തറി കൊണ്ട് ചർക്കയും ഉപയോഗിച്ചാണ് പതാകയ്ക്കു വേണ്ട തുണി ഉണ്ടാക്കുന്നത്. അത് ഹുബ്ലിയിലെ കേന്ദ്രത്തിലേക്ക് പിന്നീട് അയക്കുന്നു.
പതാക നിർമാണം ഇങ്ങനെ
ബെങ്കേരിയിൽ ഇവർ പതാകയ്ക്കുള്ള തുണി സ്വീകരിക്കും. തുടർന്ന് ബ്ലീച്ചിങ്, ഡയിങ്, കട്ടിങ്, സ്റ്റിച്ചിങ്, ടാഗിങ് എന്നിവ കഴിഞ്ഞാണ് ഇവ വിൽപനയ്ക്കായി പുറത്തേക്കു കൊണ്ടുപോകുക. നിലവിൽ തുലസികരെ, ജലിഹാൽ, ഹുബ്ലി എന്നിവിടങ്ങളിലായി 250 ചർക്കകളും നെയ്ത്തുകാരും ജോലി ചെയ്യുന്നുണ്ട്. ഇവരാണ് നൂൽ, തുണി, ദേശീയപതാക എന്നിവ തയാറാക്കുന്നത്. ഇവിടേക്ക് ആരും ജോലിക്കായി വരാത്തൊരു കാലമുണ്ടായിരുന്നുവെന്ന് ശിവാനന്ദ് പറയുന്നു. ഇൻസെന്റീവ് പദ്ധതി വന്നതോടെയാണ് നിരവധി ജീവനക്കാർ വരാൻ തുടങ്ങിയത്. സംസ്ഥാന സർക്കാരാണ് ആ പദ്ധതി തുടങ്ങിയത്. ഖാദിയല്ലാത്ത ദേശീയപതാക ഉപയോഗിക്കുന്നതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്ന് ശിവാനന്ദ് പറഞ്ഞു.
അഞ്ചില്‍ തുടക്കം
വെറും അഞ്ച് കൈത്തറികളിലായിരുന്നു കെ.കെ.ജി.എസ്.എസിന്റെ തുടക്കം. പിന്നീടത് 55 ആയി വര്‍ധിച്ചു. ചര്‍ക്കകളുടെ എണ്ണം ഇരുപതായും വര്‍ധിച്ചു. വെറും മുപ്പത് ജീവനക്കാരുണ്ടായിരുന്നിടത്ത് ഇന്ന് 45,000ത്തിലേറെ ജീവനക്കാര്‍ വരെ എത്തി നില്ക്കുന്നു. ബി.ഐ.എസ് സര്ട്ടിഫിക്കേഷന് ലഭിച്ച ആദ്യ വര്‍ഷത്തില്‍ 10,314 പതാകകളാണ് വ്യത്യസ്തമായ 9 സൈസുകളില്‍ ഇവിടെ നിന്ന് നിര്‍മിച്ചത്. ഇതില്‍ 5,433 പതാകകൾ വിറ്റുപോയി. പിന്നീടങ്ങോട്ട് വന്‍ തോതിലായിരുന്നു വില്‍പ്പന. 2013-14 കാലയളവില്‍ ഗ്രാമപഞ്ചായത്തുകള്‍ ദേശീയ പതാകകള്‍ ഉയര്‍ത്തണമെന്ന നിര്‍ദേശം വന്നതോടെ വില്‍പ്പന റെക്കോര്‍ഡിലെത്തി. ആ വര്‍ഷം ഒരു കോടിയിലേറെ രൂപയുടെ പതാകകളാണ് വിറ്റുപോയത്.
പോളിസ്റ്റര്‍ പതാകകളുടെ വരവ്
പോളിസ്റ്റര്‍ തുണിയിലുള്ള ഇന്ത്യന്‍ ദേശീയപതാക ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. വന്‍ പ്രതിഷേധം ഇക്കാര്യത്തില്‍ ദേശീയ തലത്തില്‍ നടക്കുന്നുണ്ട്. ചൈനയില്‍നിന്ന് ദേശീയപതാക ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പറഞ്ഞു കഴിഞ്ഞു. കേന്ദ്ര തീരുമാനത്തിനെതിരേ കര്‍ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം സത്യഗ്രഹ സമരവും ആരംഭിച്ചിരുന്നു. കുട്ടികളും മുതിര്‍ന്നവും പ്ലാസ്റ്റിക്, പോളിസ്റ്റര്‍ പതാകകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ശിവാനന്ദ് പറുന്നു. അത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ബി.ഐ.എസ് അംഗീകാരമുള്ള പതാകകളാണ് എല്ലാവരും ഉപയോഗിക്കേണ്ടത്. ചെറിയ പതാകകളും നിര്‍മിച്ച് തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരാണ് ഇതില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കേണ്ടതെന്നും ശിവാനന്ദ് വ്യക്തമാക്കി.
പ്രതിസന്ധിയുടെ ആഴക്കടലില്‍
സാമ്പത്തിക പ്രതിസന്ധി യുടെ അങ്ങേയറ്റത്താണ് കെ.കെ.ജി.എസ്.എസിന്റെ നിലവിലെ അവസ്ഥ. വലിയൊരു ജീവനക്കാരുടെ ജീവനോപാധിയാണ് ഈ സ്ഥാപനം. ഖാദി മേഖലയിലെ 4,50,000 ജീവനക്കാരില്‍ 95 ശതമാനവും സ്ത്രീകളാണ്. നിത്യേന 350 മുതല്‍ 400 രൂപ വരെയാണ് ഇവര്‍ക്ക് വരുമാനമായി ലഭിക്കുന്നത്. ചൈനയിൽനിന്ന് പതാകകള്‍ വരുന്നതോടെ ജീവനോപാധി തന്നെ ഇല്ലാതാവുമെന്ന ഭയത്തിലാണ് ജീവനക്കാര്‍. മോദി സര്‍ക്കാരിന്റെ ഹര് ഘര്‍ തിരംഗ കാംപയിന് (എല്ലാ വീടുകളിലും ദേശീയ പതാക) ആണ് ഖാദി പതാക നിര്‍മാണ സെന്ററിന്റെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
കൊവിഡ് കാലത്ത് നിശ്ചലമായി പോയ മേഖലയാണിത്. പതിയെ ഒന്ന് ചലിച്ചു തുടങ്ങുമ്പോഴാണ് കേന്ദ്രം പോളിസ്റ്റര്‍ പതാകകളിലേക്ക് തിരിയാന്‍ തീരുമാനിച്ചത്. ഇതുവരെ കിട്ടേണ്ട ഓര്‍ഡറിന്റെ പകുതി പോലും കിട്ടിയിട്ടില്ല. അഞ്ച് കോടിയുടെ പതാകകള്‍ വരെ നിര്‍മിക്കാനുള്ള വസ്തുക്കള്‍ ഇപ്പോള്‍ കൈവശമുണ്ടെന്ന് നിര്‍മാണ കേന്ദ്രം പറയുന്നു. സംയുക്ത സംഘം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവും ആഘോഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു. കൂടുതല്‍ പതാകകള്‍ നിര്‍മിക്കാനും ഇവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതെല്ലാം അവസാനിച്ച അവസ്ഥയാണ്. ഇപ്പോള്‍ സാധാരണയുള്ളതില്‍ നിന്ന് ചെറിയ പതാകകള്‍ക്കാണ് ഓര്‍ഡര്‍ വരുന്നത്. എന്നാല്‍ അത് ഉണ്ടാക്കാന്‍ പറ്റില്ലെന്നാണ് ശിവാനന്ദ് പറയുന്നത്. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഈ പ്രതിഷേധമൊക്കെ നിര്‍മാണ യൂനിറ്റ് അറിയിച്ചിട്ടുണ്ട്. എങ്കിലും വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കെ.കെ.ജി.എസ്.എസ് കടന്നുപോകുന്നത്. കേന്ദ്രത്തിന്റെ സഹായമില്ലെങ്കില് വൈകാതെ തന്നെ ഇവര്‍ അടച്ചുപൂട്ടേണ്ടതായും വരും.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."