ലോക്ഡൗണ്‍ കാലത്ത് മോന്‍സണ് മീന്‍ വാങ്ങാന്‍ ഡി.ഐ.ജിയുടെ കാറ്, ബന്ധു വീടുകള്‍ സന്ദര്‍ശിക്കാന്‍ പൊലിസ് വാഹനം, സൗകര്യമൊരുക്കാന്‍ ഉന്നതര്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയായ മോന്‍സണ്‍ മാവുങ്കലും ഐ.ജി ലക്ഷ്മണ, ഡി.ഐ.ജി സുരേന്ദ്രന്‍ അടക്കമുള്ള ഉന്നത പൊലിസ് വൃത്തങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്‍സണ്‍ പൊലിസ് വാഹനം സ്വകാര്യ ആവശ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്. കൊവിഡ് കാലത്ത് മോന്‍സണിന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നിരുന്നത് ഡി.ഐ.ജിയുടെ കാറിലായിരുന്നുവെന്ന് മോസന്‍ണിന്റെ മുന്‍ ഡ്രൈവര്‍ ജൈസണ്‍ വെളിപ്പെടുത്തി.
ജൈസണ്‍ വാട്‌സ്ആപ്പിലടക്കം ഒരു പരാതിക്കാരനോട് വെളിപ്പെടുത്തിയതിന്റെ ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2020ല്‍ കൊവിഡ് കാലത്ത് മോന്‍സണ്‍ ഡി.ഐ.ജി സുരേന്ദ്രന്‌റെ കാര്‍ പലതവണ ഉപയോഗിച്ചുവെന്നാണ് മുന്‍ ഡ്രൈവര്‍ ശബ്ദസന്ദേശത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഇതിനാലാണ് ഡി.ഐ.ജിയുടെ വാഹനം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്. ആലപ്പുഴയിലുള്ള സഹോദരിയുടെ വീട്ടില്‍ പലതവണ പൊലിസ് വാഹനത്തില്‍ പോയി. ഇതിനു പുറമെ മീനും തേങ്ങയുമെല്ലാം വാങ്ങാനുമായി പുറത്തുപോയിരുന്നത് ഡി.ഐ.ജിയുടെ ഇന്നോവ കാറിലായിരുന്നു.
ഡി.ഐ.ജിയുടെ ഡ്രൈവറായ പൊലിസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഈ ആവശ്യങ്ങള്‍ക്കായി മോന്‍സണെയും അയാളുടെ ജീവനക്കാരനെയും ഈ സ്ഥലങ്ങളിലേക്കെല്ലാം കൊണ്ടുപോയിരുന്നതും.
തട്ടിപ്പുകേസില്‍ കുറ്റാരോപിതനായ ഐ.ജി ലക്ഷ്മണയും കൊവിഡ് കാലത്ത് മോന്‍സണിനെ വഴിവിട്ടു സഹായിച്ചതായി വെളിപ്പെടുത്തലുണ്ട്. ലോക്ഡൗണില്‍ ലക്ഷ്മണ അനുവദിച്ച യാത്രാപാസ് ആയിരുന്നു മോന്‍സണും ജീവനക്കാരും ഉപയോഗിച്ചിരുന്നത്. കൊവിഡില്‍ പുറത്തിറങ്ങാന്‍ വിലക്കുള്ളതിനു പുറമെ ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നതും ആര്‍.സി ബുക്ക് ശരിയല്ലാത്തതുമായ വാഹനങ്ങളായിരുന്നു മോന്‍സണിന്റേത്. ആ സമയത്താണ് ഐ.ജി ഒരു ലെറ്റര്‍പാഡില്‍ പ്രത്യേകമായി ഒപ്പിച്ചുനല്‍കിയ പാസ് നല്‍കിയത്. ലക്ഷ്മണ നിലവില്‍ സസ്‌പെന്‍ഷനിലാണുള്ളത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ നീട്ടിയത്.
അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോന്‍സണ്‍ മടങ്ങിയത് ഡി.ഐ.ജിയുടെ വാഹനത്തില്‍ സൈറണിട്ടായിരുന്നുവെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."